കാല്‍പ്പന്ത് കളി ആവേശത്തിലേക്ക് കോഴിക്കോട്; ഐ ലീഗിന് ഇന്ന് പന്തുരുളും

ആദ്യ ഹോം മത്സരത്തില്‍ ഗോകുലം കേരള എഫ് സി ചെന്നൈ സിറ്റി എഫ് സി യെ നേരിടും, മത്സരം രാത്രി 8 ന് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍
ഐ ലീഗില്‍ ഗോകുലം കേരള എഫ് സി യ്ക്ക് ഇന്ന് ആദ്യ ഹോം മത്സരം, ചെന്നൈ സിറ്റി എഫ് സി യാണ് എതിരാളികള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ ഇ എം എസ് സ്റ്റേഡിയത്തില്‍ രാത്രി 8 നാണ് മത്സരം.
ആദ്യ മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനോട് എകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട ശേഷമാണ് ഗോകുലം കളിക്കാനിറങ്ങുന്നത്. സ്വന്തം കാണികളുടെ മുന്നില്‍ മികച്ച കളി  പുറത്തെടുക്കാമെന്ന പ്രതീക്ഷയിലാണ് ടീം.
കളിക്കാരെല്ലാം മികച്ച ഫോമിലാണെന്ന് പരിശീലകന്‍ ബീനോ ജോര്‍ജ് പറഞ്ഞു. നായകന്‍ സുശാന്ത് മാത്യു, ഉപനായകന്‍ ഇര്‍ഷാദ് എന്നിവര്‍ക്കൊപ്പം വിദേശതാരങ്ങളും ഗോകുലത്തിനായി ബൂട്ടണിയും.
കോംഗോ ദേശീയ ടീം ക്യാപ്റ്റന്‍ ലെലോ എംബലെ, സിറിയന്‍ താരം ഖാലിദ് അല്‍സലേഹ്, ഘാനയുടെ പ്രതിരോധ താരം ഡാനിയല്‍ അഡോ, നൈജീരിയന്‍ താരം ഇമ്മാനുവല്‍,  കാമറൂണ്‍ മധ്യനിരക്കാരന്‍ ഫ്രാന്‍സിസ് അംബേയ്ന്‍, ഉസ്‌ബെക്കിസ്ഥാന്‍ താരം ഗുലോം ഗുര്‍ണോവ് എന്നിവരാണ് വിദേശ താരങ്ങള്‍.
ചെന്നൈ ടീമില്‍ 4 മലയാളി താരങ്ങളുണ്ട്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ സുസേരാജാണ് ക്യാപ്റ്റന്‍. തിരുവനന്തപുരം സ്വദേശികളും ഏജീസ് താരങ്ങളുമായ ക്ലിന്റു, ഷാജി എന്നിവരും ചെന്നൈയ്ക്കായി ബൂട്ടണിയും. 5 സന്തോഷ് ട്രോഫി താരങ്ങളും 4 വിദേശ താരങ്ങളും ചെന്നൈയ്ക്കായി കളത്തിലിറങ്ങും. ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് മൂന്ന് ഗോളിന് പരാജയപ്പെട്ട ചെന്നൈ െഎഫ് സി യ്ക്കും ഇന്നത്തെ കളി നിര്‍ണ്ണായകമാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here