ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നില്ല; മുന്നറിയിപ്പ് ന്യൂന മര്‍ദ്ദത്തെ സംബന്ധിച്ചെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍; കൂട്ടായപ്രവര്‍ത്തനമാണ് ഇപ്പോള്‍ അനിവാര്യം

ഓഖി ചുഴലികൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മല്‍സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തീവ്രമായ പരിശ്രമം നടത്തുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍.

തിരച്ചില്‍ നടപടികള്‍ ഊര്‍ജ്ജിതമായി നടക്കുകയാണെന്നും ഇതിനായി ആധുനിക സൗകര്യം കൂടി പ്രയോജനപ്പെടുത്തുമെന്നും പ്രതിരോധമന്ത്രി ഉറപ്പ് നല്‍കി. കടലിലെ ന്യൂനമര്‍ദ്ദം സംബന്ധിച്ച വിവരം 29ന് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും ഈ സമയത്ത് ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും കൂട്ടായപ്രവര്‍ത്തനമാണ് ഇപ്പോള്‍ അനിവാര്യമെന്നും പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ വ്യക്തമാക്കി. ദുരന്തമേഖലകളായ വിഴിഞ്ഞം, പൂന്തുറ എന്നീ തീരദേശപ്രദശങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു കേന്ദ്ര പ്രതിരോധമന്ത്രി.

രാവിലെ ദുരന്തമേഖലയായ വിഴിഞ്ഞം തീരപ്രദേശത്ത് എത്തിയ കേന്ദ്രമന്ത്രിയോട് മല്‍സ്യത്തൊഴിലാളികളും കുടുംബങ്ങളും തങ്ങളുടെ ദുരിതം വിവരിച്ചു. പള്ളിയ്ക്ക് മുന്നില്‍ കൂടിയവരില്‍ നിന്ന് നിലവിലെ സ്ഥിതിഗതിയും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞു. വള്ളവും വലയും നഷ്ടപ്പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കണം, മരണമടഞ്ഞവരുടെ കുടുംബത്തിന് സഹായം ലഭ്യമാക്കണം.

കോസ്റ്റ് ഗാര്‍ഡിന്റെയും നേവിയുടെയും ഇടപെടലില്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കണം തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ മല്‍സ്യത്തൊഴിലാളികള്‍ കേന്ദ്ര മന്ത്രിയ്ക്ക് മുന്നില്‍ സമര്‍പ്പിക്കുകയായിരുന്നു.

എല്ലാപേരുടെയും ദുഃഖത്തില്‍ താനും പങ്കുചേരുകയാണെന്നും അവസാനത്തെ മല്‍സ്യത്തൊഴിലാളിയെയും കണ്ടെത്തുന്നതുവരെ തിരച്ചില്‍ ഊര്‍ജ്ജിതമായി തന്നെ തുടരുമെന്നും നിര്‍മ്മല സീതാരാമന്‍ മല്‍സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പ് നല്‍കി.

കടലിലെ ന്യൂനമര്‍ദ്ദം സംബന്ധിച്ച വിവരം 29ന് സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. ഇപ്പോള്‍ ആവശ്യം കൂട്ടായ പ്രവര്‍ത്തനമാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

വിഴിഞ്ഞത്തുനിന്ന് നേരെ കേന്ദ്രമന്ത്രിയെത്തിയത് മല്‍സ്യത്തൊഴിലാളികള്‍ ഏറ്റവും കൂടുതല്‍ കടലില്‍ അകപ്പെട്ട പൂന്തുറയിലായിരുന്നു. പൂന്തുറ പള്ളിവികാരി,സംസ്ഥാനമന്ത്രിമാര്‍,കോസ്റ്റ്ഗാര്‍ഡ്, നേവി ഉദ്ദ്യോഗസ്ഥര്‍ എന്നിവരുമായി പ്രതിരോധമന്ത്രി ചര്‍ച്ച നടത്തി. അതിനുശേഷം മല്‍സ്യത്തൊഴിലാളികളുടെ ആശങ്കയ്ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനും മന്ത്രി തയ്യാറായി.

യുദ്ധസമാനമായ തിരച്ചിലാണ് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും നടത്തുന്നത്. സുനാമി കാലത്തെക്കാള്‍ മെച്ചപ്പെട്ട രക്ഷാപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

മല്‍സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് എല്ലാവിധ അത്യാധുനിക സംവിധാനങ്ങളും സംസ്ഥാനത്തിന് നല്‍കുമെന്ന് വ്യക്തമാക്കിയാണ് പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍ തലസ്ഥാനത്ത് നിന്ന് മടങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News