കണ്ണൂര്‍ ഇനി സ്മാര്‍ട്ടാകും; സ്മാര്‍ട്ടാക്കാന്‍ പുതിയ പദ്ധതികളുമായി ദിശയൊടൊപ്പം 15 സംഘടനകള്‍

കണ്ണൂര്‍: കണ്ണൂരിനെ സ്മാര്‍ട്ടാക്കാന്‍ വൈവിദ്ധ്യമായ പദ്ധതികളുമായി വിവിധ സംഘടനകള്‍ കൈകോര്‍ക്കുന്നു. ഐക്യരാഷ്ട്രസഭ പഠന റിപ്പോര്‍ട്ട് പ്രകാരം അടുത്ത ഒരു ദശാബ്ദത്തില്‍ ഒരു ദശലക്ഷം ജനസംഖ്യ ഉള്ള ജില്ലകളില്‍ മികച്ച സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ പ്രാപ്തമായ സ്ഥലമായി കണ്ണൂരിനെ തിരഞ്ഞടുത്ത പശ്ചാത്തലത്തിലാണിത്.

കണ്ണൂരില്‍ വൈകാതെ എയര്‍പോര്‍ട്ടും സീപോര്‍ട്ടും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ രാജ്യത്തിനകത്തു നിന്നും വിദേശത്തുനിന്നും ഉള്ള പല സ്ഥാപനങ്ങള്‍ക്കും കണ്ണൂരില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള താല്‍പ്പര്യവുമായി മുന്നോട്ടുവരുന്നുണ്ട്.

അത് ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ വിവിധ സംഘടനകളുടെ കൂട്ടായ്മയായ ദിശയുടെ നേതൃത്വത്തില്‍ കണ്ണൂരിലെ പശ്ചാത്തലത്തിനനുയോജ്യമായ നിക്ഷേപ സാദ്ധ്യതകള്‍ ‘ഡെസ്റ്റിനേഷന്‍ കണ്ണൂര്‍’ എന്ന പേരില്‍ സമഗ്ര പശ്ചാത്തല വികസന പരിപാടി രൂപപ്പെടുത്തി കേരള സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ശാസ്ത്രീയമായ രീതിയില്‍ നൂതന വികസന സാദ്ധ്യതകള്‍ ചര്‍ച്ച ചെയ്യാനും നിക്ഷേപകരെ ആകര്‍ഷിക്കാനും സാധിക്കുന്ന രീതിയിലാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്.

പരമ്പരാഗത വ്യവസായ മേഖലകളിലും സൈബര്‍, ഭക്ഷ്യ സംസ്‌കരണം ഉള്‍പ്പെടെയുള്ള ആധുനിക വ്യവസായ രംഗത്തും നൂതന ആശയങ്ങള്‍ ഒരുക്കുവാനും ഈ രംഗങ്ങളില്‍ മികച്ച നേട്ടങ്ങളുണ്ടാക്കിയ വിവിധ സ്ഥാപനങ്ങളെ കണ്ണൂരിലേക്ക് ആകര്‍ഷിക്കുവാനുമാണ് ഈ ഉദ്യമം. കണ്ണൂരില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ കൂടുതല്‍ സാദ്ധ്യതകള്‍ ഉണ്ടാവണം എന്നതാണ് ലക്ഷ്യമിടുന്നത്.

‘ഡെസ്റ്റിനേഷന്‍ കണ്ണൂര്‍’ ഇന്ന് കണ്ണൂര്‍ മാലിന്യസംസ്‌കരണത്തിലുള്‍പ്പെടെ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ചര്‍ച്ചകള്‍ക്ക് വേദിയാകും. തിരുവന്തപൂരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായ മാലിന്യസംസ്‌കരണ രീതി കണ്ണൂരില്‍ പ്രാവര്‍ത്തികമാക്കാനുള്ള ‘അഗ്നിശുദ്ധി’ പദ്ധതിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. രാജ്യത്ത് ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ മറ്റ് പദ്ധതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘അഗ്നിശുദ്ധി’ രൂപപ്പെടുത്തിയിട്ടുള്ളത്.

ആഭ്യന്തര, വിദേശ ടൂറിസം സാധ്യതകള്‍ കണ്ണൂര്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെങ്കില്‍ ക്ലീന്‍ & ഗ്രീന്‍ കണ്ണൂര്‍ എന്ന ഇമേജ് കണ്ണൂര്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ ‘അഗ്നിശുദ്ധി’ നിര്‍ണ്ണായക പങ്കുവഹിക്കും. ഉത്തര മലബാറിലെ പുഴകളെ ബന്ധിപ്പിച്ചു നടപ്പിലാക്കുന്ന ‘മലനാടന്‍ ടൂറിസം ക്രൂയിസ്’ പദ്ധതി ടൂറിസം മേഖലയിലെ മറ്റൊരു അദ്ധ്യായത്തിനാവും തുടക്കം കുറിക്കുക.

ദിശയോടൊപ്പം കേരള ടെക്സ്സ്റ്റൈല്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് & ഇന്‍ഡസ്ട്രി, കേരള ഹാന്‍ഡ്‌ലൂം അസോസിയേഷന്‍, വെയ്ക്ക്, കണ്ണൂര്‍ മാനേജ്മന്റ് അസ്സോസിയേഷന്‍, ലെന്‍സ്‌ഫെഡ്, ഗ്രേസ്, ശ്രീനാരായണ ഗ്ലോബല്‍ മിഷന്‍, കണ്ണൂര്‍ ക്ളബ്, കിസ്സാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍, റോട്ടറി സീ സൈഡ്, കിസ്സാന്‍, ലയണ്‍സ് എന്നീ സംഘടനകള്‍ ഈ ഉദ്യമത്തില്‍ പങ്കാളികളാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News