ദിലീപ് വീണ്ടും തേനിയില്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യം ലഭിച്ച് ജയിലിന് പുറത്തെത്തിയ ദിലീപ് വീണ്ടും അഭിനയിച്ച് തുടങ്ങി. രതീഷ് അമ്പാട്ടിന്റെ കമ്മാരസംഭവം എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. രാമലീല വന്‍ വിജയമായതിന് പിന്നാലെയെത്തുന്ന ദിലീപ് ചിത്രമാണ് കമ്മാരസംഭവം.

നവംബര്‍ 27നു കമ്മാരസംഭവത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ദിലീപ് ദുബായിലേക്ക് പോയത്. ഇന്ന് അവസാനഘട്ട ചിത്രീകരണമാണ് തേനിയില്‍ ആരംഭിച്ചത്.

ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി 20 കോടി ചിലവില്‍ വിഷുവിനു തീയറ്ററുകളില്‍ എത്തുന്ന കമ്മാരസംഭവത്തില്‍ 20 ദിവസത്തോളം ചിത്രീകരണം ഇനി ബാക്കി ഉണ്ട്.

തമിഴ് നടന്‍ സിദ്ധാര്‍ത്ഥ് ദിലീപിനൊപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിദ്ധാര്‍ത്ഥ് അഭിനയിക്കേണ്ട ഭാഗങ്ങളെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.

സിദ്ധാര്‍ത്ഥ് എടുത്ത ത്യാഗത്തിന് നന്ദി അറിയിച്ചുകൊണ്ട് സംവിധായകന്‍ രതീഷ് അമ്പാട്ട് ദിലീപിനും സിദ്ധാര്‍ത്ഥിനുമൊപ്പം നില്‍ക്കുന്നൊരു ചിത്രവും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഗോകുലം മൂവീസിന്റെ ബാനറില്‍ മുരളി ഗോപി തിരക്കഥ എഴുതി നിര്‍മിക്കുന്ന കമ്മാരസംഭവത്തില്‍ കമ്മാരന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.

മലയാറ്റൂര്‍ വനത്തില്‍ ഷൂട്ടിങിനുള്ള ഒരുക്കങ്ങള്‍ നടത്തിവരവെയാണ് നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലാവുന്നത്.
മൂന്നുകാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാകും ദിലീപ് എത്തുക. കമ്മാരന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സിദ്ധാര്‍ത്ഥ്, ബോബി സിംഹ എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. തിരകഥാകൃത്ത് മുരളീഗോപിയും സിനിമയില്‍ മറ്റൊരു പ്രധാനകഥാപാത്രത്തിലെത്തുന്നു.

തേനി, ചെന്നൈ, എറണാകുളം എന്നിവയാണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷനുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News