നബീസയ്ക്കും ഐഷയ്ക്കും ഇനി അടച്ചുറപ്പുള്ള വീട്ടില്‍ ധൈര്യമായി കിടന്നുറങ്ങാം; കൈപിടിച്ചുയര്‍ത്തി ബിനീഷ് കോടിയേരി

പാലക്കാട്: നിര്‍ധന കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും.

ചോര്‍ന്നൊലിക്കുന്ന കുടിലില്‍ കഴിഞ്ഞിരുന്ന പാലക്കാട് പുതുപ്പരിയാരം സ്വദേശികളായ നബീസയ്ക്കും മകള്‍ ഐഷയ്ക്കുമാണ് ബിനീഷിന്റെ നേതൃത്വത്തില്‍ സ്ഥലം വാങ്ങി വീട് നിര്‍മ്മിച്ചു നല്‍കിയത്.

കഴിഞ്ഞ ദിവസം വരെ ഒന്നര സെന്റ് സ്ഥലത്ത്, ഇടിഞ്ഞു വീഴാറായ മണ്‍ കുടിലിലായിരുന്നു ഐഷയും ഉമ്മ നബീസയും ജീവിച്ചിരുന്നത്. ആ ദുരിത ജീവിതത്തില്‍ നിന്നാണ് മോചനമായിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളിലൂടെ ഈ കുടുംബത്തെക്കുറിച്ചറിഞ്ഞാണ് ബിനീഷ് കോടിയേരിയും സുഹൃത്തുക്കളും സഹായവുമായെത്തിയത്. ഇതോടെ ഐഷയുടെയും നബീസയുടെയും വര്‍ഷങ്ങളായുള്ള സ്വപ്നമാണ് പൂവണിഞ്ഞത്.

പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാടുവിട്ടു പോയതോടെ ഉമ്മ നബീസയുടെ തണലിലാണ് ഐഷ കഴിഞ്ഞത്. ആരോഗ്യപ്രശ്‌നം മൂലം ഉമ്മയ്ക്ക് ജോലിക്ക് പോവാന്‍ കഴിയാതായതോടെ പട്ടിണിക്കിടാതിരിക്കാന്‍ ഐഷ പത്താം ക്ലാസില്‍ പഠനം നിര്‍ത്തുകയായിരുന്നു.

ജീവിതസാഹചര്യം ഇങ്ങനെയെല്ലാമായിട്ടും ദാരിദ്ര രേഖക്ക് മുകളിലായിരുന്നതിനാല്‍ ആനുകുല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ടിരുന്നു.

മുന്‍പ് ഇവര്‍ താമസിച്ചിരുന്ന വീടിനടുത്ത് തന്നെ മൂന്ന് സെന്റ് സ്ഥലം വിലയ്ക്കു വാങ്ങി അവിടെയാണ് രണ്ട് കിടപ്പുമുറിയുള്ള വീട് നിര്‍മ്മിച്ചത്. സ്ഥലത്തിന്റെ ആധാരവും വീടിന്റെ താക്കോലും പികെ ശശി എംഎല്‍എ ഐഷയ്ക്കും ഉമ്മ നബീസയ്ക്കും കൈമാറി.

ഇനി ഐഷയ്ക്ക് ഒരു ജോലിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ സന്മനസ്സുള്ള ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News