കോഴിക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെല്ലാം സുരക്ഷിതര്‍

കോഴിക്കോട്: കോഴിക്കോട് നിന്ന് മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളെല്ലാം സുരക്ഷിതരെന്ന് ജില്ലാ കളക്ടര്‍.

വിവിധയിടങ്ങളില്‍ കുടുങ്ങിയ 61ല്‍ 25 ബോട്ടുകള്‍ തിരിച്ചു വരുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിലേക്കുളള യാത്രക്കാരെ, കാലാവസ്ഥ അനുകൂലമാകുന്നതനുസരിച്ച് തിരിച്ചയക്കാനും ജില്ലാ കളക്ടറുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

ഓഖി ചുഴലിക്കാറ്റിന് ശേഷമുളള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് കോഴിക്കോട് കളക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു.

കോഴിക്കോട് ജില്ലയുടെ കലരോരത്ത് നിന്ന് മീന്‍പിടിക്കാന്‍ പോയവരെല്ലാം സുരക്ഷിതരാണെന്ന് യോഗശേഷം കളക്ടര്‍ അറിയിച്ചു.

ഇവരെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്. കാര്‍വാര്‍, മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലുളള 61ല്‍ 25 ബോട്ടുകള്‍ തിരിച്ചു വരുന്നതായും ജില്ലാകളക്ടര്‍ യുവി ജോസ് അറിയിച്ചു.

ലക്ഷദ്വീപുകാരായ 110 പേര്‍ കോഴിക്കോട്ട് തുടരുകയാണ്. ഇവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് ഇവരെ നാട്ടിലെത്തിക്കാനും യോഗം തീരുമാനിച്ചു.

കടല്‍ഭിത്തി തകര്‍ന്നത് പുനസ്ഥാപിക്കും. കടലോരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളല്ലാത്തവര്‍ക്കും സൗജന്യ റേഷന്‍ ഉറപ്പുവരുത്താനുളള നടപടി സ്വീകരിക്കും.

കടലോരത്ത് 50 മീറ്ററിനുളളില്‍ താമസിക്കുന്നവരെ പുനരധിവസിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കാനും കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ ധാരണയായി. 630 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചതില്‍ കടലുണ്ടിയിലെ മൂന്നു ക്യാമ്പുകളിലായി 160 പേര്‍ മാത്രമാണ് തുടരുന്നതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News