ഓഖി: നൂറോളം മത്സ്യത്തൊഴിലാളികള്‍ കൊച്ചിയില്‍ സുരക്ഷിതരായി എത്തി

കൊച്ചി: ഓഖി ചുഴലിക്കാറ്റില്‍ അകപ്പെട്ട നൂറോളം മത്സ്യത്തൊഴിലാളികള്‍ കൊച്ചി തീരത്ത് സുരക്ഷിതമായി എത്തി. 25ഓളം പേരെ നാവികസേനയും കോസ്റ്റല്‍ഗാര്‍ഡുമാണ് രക്ഷപ്പെടുത്തിയത്.

കടല്‍ ശാന്തമായതോടെ വിവിധ ബോട്ടുകളിലായി മത്സ്യത്തൊഴിലാളികള്‍ ഉള്‍കടലില്‍ നിന്നും തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ 32 പേര്‍ ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ സുരക്ഷിതമായി എത്തിയിട്ടുണ്ട്.

കടല്‍ക്ഷോഭത്തിന്റെ മാറ്റൊലികള്‍ എത്തും മുന്‌പേ ഉപജീവനത്തിനായി മത്സ്യബന്ധനത്തിന് പുറംകടലില്‍ പോയി കുടുങ്ങിയവരാണ് കൊച്ചിയുടെ തീരത്തെത്തിയത്. നാവികസേനയും കോസ്റ്റര്‍ഗാര്‍ഡും മരണത്തെ മുഖാമുഖം കണ്ട് കിടന്ന മത്സ്യത്തൊഴിലാളികളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി.

തിരുവനന്തപുരം പൊഴിയൂര്‍, വിഴിഞ്ഞം, ചേവര, വലിയതുറ സ്വദേശികളായ 11 മത്സ്യത്തൊഴിലാളികള്‍ ഉച്ചയോടെ കൊച്ചി നാവികസേനാ ആസ്ഥാനത്ത് ഐഎന്‍എസ് കല്‍പ്പേനി കപ്പലില്‍ വന്നിറങ്ങി. ഇവരോടൊപ്പമുണ്ടായിരുന്നു രാജു, നിക്കോളാസ് എന്നിവരെ കാണാതായി. തികച്ചും വികാരഭരിതമായിരുന്നു ഇവരുടെ വാക്കുകള്‍.

പുറംകടലില്‍ വച്ച് തമിഴ്‌നാട് സ്വദേശികളായ ഒന്‍പതു പേരടങ്ങുന്ന മറ്റൊരു ബോട്ടും നാവികസേന രക്ഷപ്പെടുത്തി. ഇവര്‍ക്ക് ഭക്ഷണവും വെളളവും നല്‍കിയശേഷം ബോട്ടുകള്‍ വീടുകളിലേക്ക് മടങ്ങിയിട്ടുണ്ട്. അതിനിടെ കോസ്റ്റല്‍ഗാര്‍ഡ് 11 പേരെ രക്ഷപ്പെടുത്തി കൊച്ചി തീരത്തെത്തിച്ചു. ഇവരില്‍ രണ്ട് പേര്‍ മലയാളികളാണ്.

കടല്‍ ശാന്തമായതോടെ ഉള്‍ക്കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ സ്വയമേ തിരിച്ചുവരുന്നതും ആശ്വാസകരമാണ്. നാല് ബോട്ടുകളിലായി 48 പേര്‍ തോപ്പുംപടി ഹാര്‍ബറില്‍ തിരിച്ചെത്തിയിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു.

കൊച്ചിയിലെ വിവിധ പുനരധിവാസ ക്യാമ്പുകളില്‍ പൊലീസും ആരോഗ്യവകുപ്പുമെല്ലാം സംയുക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News