തൊടുപുഴയില്‍ യുവാവിന്റെ ആത്മഹത്യ; പൊലീസ് മര്‍ദ്ദനത്തെത്തുടര്‍ന്നാണെന്ന് ആരോപണം; പരാമര്‍ശമില്ലാതെ ആത്മഹത്യാക്കുറിപ്പ്

തൊടുപുഴയില്‍ ഓട്ടോഡ്രൈവറായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്നാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ ആത്മഹത്യാ കുറിപ്പില്‍ പൊലീസിനെക്കുറിച്ച് പരാമര്‍ശമില്ല.

ഞായറാഴ്ച വൈകിട്ടോടൊണ് കല്ലൂര്‍ക്കാട് കുളങ്ങാട്ടുപാറ സ്വദേശി രതീഷ് ആത്മഹത്യ ചെയ്തത്. ഞായറാഴ്ച വൈകിട്ട് ആറു മണിയോടെയാണ് കുളങ്ങാട്ടുപാറ സ്വദേശിയും തൊടുപുഴയില്‍ ഓട്ടോഡ്രൈവറുമായിരുന്ന രതീഷിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആത്മഹ്യയ്ക്ക് കാരണം പൊലീസിന്റെ മര്‍ദ്ദനവും അവഹേളനവുമാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രതീഷിനെ കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഒരു പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ബന്ധപ്പെട്ടായിരുന്നു നടപടി. അടിമാലിയില്‍ വെച്ച്് രതീഷിനെയും പെണ്‍കുട്ടിയെയും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു രതീഷിനെ പൊലീസ് ചോദ്യം ചെയ്തത്.

കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശേഷം രതീഷ് തീര്‍ത്തും നിരാശനായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം, യുവാവിന്റെ ആത്മഹത്യാകുറിപ്പില്‍ പൊലീസിനെതിരെ ആക്ഷേപമില്ല. താന്‍ ഒരു പെണ്‍കുട്ടിയെ സ്‌നേഹിക്കുകയും ഒരുമിച്ച് ജീവിക്കാനും തീരുമാനിച്ചു. എന്നാല്‍ കൂടെയുള്ളവര്‍ ചതിച്ചുവെന്നും അതിനാല്‍ സ്വയം മരിക്കുകയാണ് എന്നുമാണ് കത്തിലുള്ളത്.

ബന്ധുക്കളുടെ പരാതിയില്‍ തൊടുപുഴ സിഐക്കെതിരെ അന്വേഷണം നടത്തുന്നുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here