യെമന്‍ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍

ദുബായ്: യെമനിലെ മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേ കൊല്ലപ്പെട്ടതായി ഹുതി വിമതര്‍. യെമനീസ് സൈനികരുമായി ഏറ്റുമുട്ടല്‍ നടത്തുന്ന ഹുതി പട്ടാളത്തെ ഉദ്ധരിച്ച് സനായിലെ റേഡിയോ സ്റ്റേഷനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അല്‍ ജസീറ ടെലിവിഷനും സലേ കൊല്ലപ്പെട്ടതായി അദ്ദേഹം പ്രതിനിധീകരിക്കുന്ന ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് അറിയിച്ചു.

എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അബ്ദുള്‍ സലേയുടേതെന്ന് കരുതുന്ന മൃതദേഹവുമായി ഹുതി പട്ടാളക്കാരുടെ ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

സലേയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങള്‍ ഉടന്‍ ഹുതികളുടെ ടെലിവിഷന്‍ ചാനല്‍ പുറത്തുവിടുമെന്നും റേഡിയോ പ്രഖ്യാപിച്ചു.

സനായില്‍ ഹുതികള്‍ക്കെതിരെ സൈന്യത്തെ നയിക്കുന്ന സലേ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാത്ത വാര്‍ത്ത മുമ്പും പ്രചരിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം അദ്ദേഹത്തിന്റെ പാര്‍ടി നിഷേധിച്ചു. കൊല്ലപ്പെട്ടെന്ന വാര്‍ത്ത പുറത്തുവന്നശേഷം സലേ ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല.

ഏകീകൃത യെമന്‍ പ്രസിഡന്റായിരുന്ന സലേ അടുത്തിടെയാണ് ഹൂതി വിമതരുമായി തെറ്റിപ്പിരിഞ്ഞ് സൌദി അറേബ്യ പിന്തുണക്കുന്ന യെമന്‍സര്‍ക്കാരുമായി ചങ്ങാത്തത്തിലായത്.

സനായില്‍ ഒരാഴ്ചയായി തുടരുന്ന രൂക്ഷമായ ഏറ്റുമുട്ടലില്‍ 125 പേര്‍ കൊല്ലപ്പെട്ടെന്നും 238 പേര്‍ക്ക് പരിക്കേറ്റെന്നും റെഡ്‌ക്രോസ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞയാഴ്ച സലേയുടെ സനായിലെ വസതി ഹുതി പട്ടാളം തകര്‍ത്തു. തുടര്‍ന്ന് ഹുതികളെ നേരിടാന്‍ സൌദി അറേബ്യ മേഖലയില്‍ വ്യോമാക്രമണം നടത്തി.

അമേരിക്കയുടെ പിന്തുണയോടെ നടത്തിയ ആക്രമണത്തില്‍ കനത്ത ആള്‍നാശമുണ്ടായതായി കരുതുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel