കൊല്‍ക്കത്തയിലേക്ക് പോയ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

പൂച്ചാക്കല്‍: വ്യാപാര ആവശ്യത്തിന് കൊല്‍ക്കത്തയില്‍ പോയ വിമുക്തഭടന്മാരായ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. പാണാവള്ളി കുന്നേവെളി ജോസഫിന്റെ മക്കളായ മാമച്ചന്‍ (59), കുഞ്ഞുമോന്‍ (51) എന്നിവരാണ് മരിച്ചത്.

വീട്ടില്‍ താമസിക്കുന്ന ബംഗാളി തൊഴിലാളിക്കൊപ്പം കൊല്‍ക്കത്തയിലേയ്ക്ക് കഴിഞ്ഞ മാസം മുപ്പതിനാണ് ഇരുവരും പുറപ്പെട്ടത്. മാമച്ചന്റെ വിദേശത്തുള്ള മകനാണ് ഞായറാഴ്ച രാത്രി എട്ടോടെ ഇരുവരും ഏതോ അപകടത്തില്‍പ്പെട്ടതായി നാട്ടില്‍ അറിയിച്ചത്.

കൊല്‍ക്കത്തയിലുള്ള ബന്ധുവഴി നടത്തിയ അന്വേഷണത്തില്‍ രണ്ടുപേരും വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കൊല്‍ക്കത്തയില്‍നിന്ന് 120 കിലോമീറ്റര്‍ അകലെയുള്ള സ്വകാര്യ ആശുപത്രിയില്‍ ഉള്ളതായി അറിഞ്ഞു.

പ്രാഥമിക ചികില്‍സയ്ക്കിടെ തന്നെ കുഞ്ഞുമോന്‍ മരിച്ചു. വിദഗ്ധ ചികില്‍സയ്ക്ക് മാമച്ചനെ അപ്പോളോ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇരുവരുടെയും മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കളും, നാട്ടുകാരും പറയുന്നു. വ്യാപാര ആവശ്യത്തിന് കൊണ്ടുപോയെന്നു പറയുന്ന പത്ത് ലക്ഷം രൂപ കാണാതായിട്ടുണ്ട്. പണം തട്ടാന്‍ ആരോ നടത്തിയ കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ സംശയം.

എന്നാല്‍ കൊല്‍ക്കത്ത പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും സഹായിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

മേരിയാണ് മാമ്മച്ചന്റെ ഭാര്യ. മക്കള്‍: സൗമ്യ, ക്ലിഫിന്‍. മരുമക്കള്‍: സിബി, ആശ. കുഞ്ഞുമോന്റെ ഭാര്യ: ജയന്തി, മക്കള്‍: ആല്‍ഫിന്‍, അലക്‌സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here