ഉറ്റവരും ഉടയവരും ജീവനോടെയുണ്ടോ എന്ന് അറിയാതെ ഉരുകി ജീവിക്കുന്നു ഈ രണ്ട് ഗ്രാമങ്ങള്‍; മുഖ്യധാരാ മാധ്യമങ്ങളുടെ ശ്രദ്ധക്ക് പുറത്ത് അടിമലത്തുറയും പുല്ലുവിളയും; ഇനിയും തിരിച്ചെത്താനുളളത് 24 പേര്‍

തിരുവനന്തപുരം: നേതാക്കളുടെ നിതാന്തമായ സാന്നിധ്യം കൊണ്ടും പ്രതിഷേധത്തിന്റെ തീവ്രത കൊണ്ടും വിഴിഞ്ഞത്തെയും പൂന്തുറയിലെയും മത്സ്യത്തൊഴിലാളികള്‍ വാര്‍ത്തയില്‍ ഇടം പിടിക്കുമ്പോള്‍ മുഖ്യധാര മാധ്യമങ്ങളുടെ ശ്രദ്ധക്ക് പുറത്താണ് അടിമലത്തുറയും പുല്ലുവിളയും.

ചുഴലിക്കാറ്റില്‍ പെട്ട് കാണാതായ 24 മത്സ്യത്തൊഴിലാളികളെ കാത്തിരിക്കുന്ന ഇവിടുത്തെ കുടുംബങ്ങളുടെ ദുരിതം വിവരാണാതീതമാണ്.

ചുഴലിക്കാറ്റ് ആഞ്ഞ് വീശി ആറ് ദിനം പിന്നിട്ടിട്ടും ഉറ്റവരും ഉടയവരും ജീവനോടെയുണ്ടോ അതോ മരിച്ചോ എന്ന് അറിയാതെ ഉരുകി ജീവിക്കുകയാണ് രണ്ട് ഗ്രാമങ്ങള്‍. അടിമലത്തുറയും പുല്ലുവിളയിലുമായി 24 പേരെയാണ് ഇനി തിരിച്ചെത്താനുളളത്.

രോക്ഷാകുലമായ പെരുമാറ്റം കൊണ്ട് വിഴിഞ്ഞവും പൂന്തുറയും വാര്‍ത്തയില്‍ ഇടം പിടിക്കുമ്പോള്‍ നിര്‍വികാരത കൊണ്ട് വാര്‍ത്തയുടെ ഭ്രമണപഥത്തിനപ്പുറത്താണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികള്‍. എന്നാല്‍ ചാനല്‍ക്യാമറ കണ്ടപ്പോള്‍ അവരുടെ ആവാലാതി അണപൊട്ടി.

സന്ധ്യയില്‍ ഇവിടുത്തെ ഗ്രാമവാസികള്‍ എല്ലാം കൂടി ഒരു സ്ഥലത്ത് ഒത്തുചേരും. കാണാതയവരെ തിരികെ കിട്ടാനുളള കൂട്ടപ്രാര്‍ത്ഥനയില്‍ പങ്കാളികളാകും. കെട്ടി നിര്‍ത്തിയ വിതുമ്പല്‍ കണ്ണീരായി പൊട്ടിയൊഴുകുമ്പോള്‍ വിശ്വസിക്കുന്ന ദൈവം അത് കേള്‍ക്കുമെന്ന പ്രത്യാശയാണ് ഇവര്‍ക്കുളളത്.

അപകടത്തില്‍ ഒരു സ്ത്രീക്ക് മാത്രം നഷ്ടമായത് അടുത്ത ബന്ധുകളായ പത്ത് പേരെയാണ്. ഭര്‍ത്താവും സ്വന്തം അച്ഛനും ജീവിച്ചിരിപ്പുണ്ടോ എന്ന് അറിയാതെ ഷൈനി എന്ന യുവതി പറക്കമുറ്റാത്ത രണ്ട് കുരുന്നുകളുമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ദിവസം അഞ്ച് കഴിഞ്ഞു.

മൃതശരീരം ലഭിച്ചില്ലെങ്കിലും പ്രതീക്ഷ നശിച്ച ചിലര്‍, ഉറ്റവരുടെ മരണം ഉറപ്പിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കഴിഞ്ഞു. ദുരിതങ്ങളുടെ സങ്കടകടലിമ്പുമ്പോഴും തങ്ങള്‍ മാധ്യമങ്ങളുടെ പരിധിക്ക് പുറത്താണോ എന്ന് ഇവര്‍ ആവര്‍ത്തിച്ച് ഞങ്ങളോട് ചോദിച്ച് കൊണ്ടേ ഇരിക്കുന്നു.

ആക്രമസക്തമായ പ്രതിഷേധങ്ങള്‍ക്ക് മാത്രമേ വാര്‍ത്തയില്‍ ഇടം ലഭിക്കൂ എന്ന തെറ്റിധാരണ ഇവര്‍ക്കും ഉണ്ട്. വലിയ നേതാക്കളോ, ഉത്തരവാദപ്പെട്ടവരോ ഈ വാര്‍ത്ത കണ്ടെങ്കിലും തങ്ങളെ പരിഗണിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News