നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി സ്വീകരിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെതിരായ അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.

തൊട്ടടുത്ത ദിവസം തന്നെ കോടതി സൂക്ഷ്മ പരിശോധന തുടങ്ങിയിരുന്നു. സാങ്കേതിക പി‍ഴവുകളെല്ലാം തിരുത്തിയ ശേഷം കുറ്റപത്രം സ്വീകരിച്ച കോടതി പ്രതികള്‍ക്ക് സമന്‍സയക്കാന്‍ തീരുമാനിച്ചു. കോടതിയില്‍ ഹാജരാകുന്ന പ്രതികള്‍ക്ക് കുറ്റപത്രത്തിന്‍റെ പകര്‍പ്പ് കൈമാറും. തുടര്‍ന്ന് കുറ്റപത്രം വിചാരണക്കോടതിയായ സെഷന്‍സ് കോടതിയിലേക്ക് അയക്കും.

നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനിക്ക് ദിലീപ് ക്വട്ടേഷന്‍ നല്‍കിയത് 1.5 കോടി രൂപയ്ക്കാണെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെടാനുള്ള യഥാര്‍ത്ഥ കാരണമെന്താണെന്നതടക്കമുള്ള ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കുന്നതാണ് കുറ്റപത്രം. നടി ആക്രമിക്കപ്പെടുന്നതിന്റെ ഒരേ ഒരു കാരണം ദിലീപിനുണ്ടായിരുന്ന പകയാണ്.

കാവ്യയുമായുള്ള ബന്ധത്തെക്കുറിച്ച് മഞ്ജുവാര്യരോട് പറഞ്ഞതാണ് നടിയോട് ദിലീപിന് വൈരാഗ്യം തോന്നാന്‍ കാരണമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മലയാള സിനിമയില്‍ നിന്നും നടിയെ മാറ്റി നിര്‍ത്താന്‍ ദിലീപ് ശ്രമിക്കുകയും ചെയ്‌തെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. പള്‍സര്‍ സുനിയടക്കമുള്ള മറ്റ് പ്രതികള്‍ക്ക് നടിയോട് വ്യക്തിപരമായി വൈരാഗ്യമില്ലത്തതും കുറ്റപത്രത്തില്‍ എടുത്തു പറയുന്നു. ദിലീപ് നല്‍കിയ ബലാത്സംഗക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനി ആക്രമണം നടത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു.

അങ്കമാലി കോടതിയിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചത്. 1555 പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. നടിയും ദിലീപിന്റെ മുന്‍ ഭാര്യയുമായിരുന്ന മഞ്ജുവാര്യര്‍ കേസില്‍ പ്രധാന സാക്ഷിയാണ്.

ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ഏഴു വരെയുള്ള പ്രതികള്‍. കേസിലെ 12 പ്രതികളില്‍ ദിലീപ് എട്ടാം പ്രതിയാണ്. കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.

ദിലീപിനെയും പള്‍സര്‍ സുനിയെയും ഒരുമിച്ച് കണ്ടതായുള്ള സാക്ഷിമൊഴികള്‍, നടി ആക്രമിക്കപ്പെട്ട ദിവസങ്ങളില്‍ താന്‍ ആശുപത്രിയിലായിരുന്നെന്ന ദിലീപിന്റെ വ്യാജ ചികിത്സ രേഖ, അറസ്റ്റിലായ ശേഷം പള്‍സര്‍ സുനി ഒരു പോലീസുദ്യോഗസ്ഥന്റെ ഫോണില്‍ നിന്ന് ദിലീപിനെ വിളിക്കാന്‍ ശ്രമിച്ചത്, പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയത് തുടങ്ങിയവയാണ് കേസിലെ സുപ്രധാന തെളിവുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here