മോദിയുടെ നാട്ടിലും ബിജെപിക്ക് കാലിടറുന്നു; കോണ്‍ഗ്രസിന് ആശ്വാസസൂചനകളുമായി അഭിപ്രായസര്‍വേകള്‍

അഹമ്മദാബാദ്: ഗുജറാത്തില്‍ മോദി നേരിട്ട് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിച്ചിട്ടും ബിജെപിയുടെ കാലിടറുന്നു. ലോക്‌നീതി-സിഎസ്ഡിഎസ്-എബിപി ന്യൂസ് എന്നിവര്‍ നവംബറിലെ അവസാന ആഴ്ചയില്‍ നടത്തിയ സര്‍വേഫലമാണ് പുറത്തുവന്നത്.

കരുതുന്ന അത്ര എളുപ്പല്ല ബിജെപിക്ക് ഗുജറാത്തിലെ തെരഞ്ഞെടുപ്പെന്നാണ് ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. 22 വര്‍ഷമായി പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസിന് ആശ്വാസമാകുന്നതാണ് ഫലസൂചനകള്‍.

ഗുജറാത്തില്‍ ഈ മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന മൂന്നാമത്തെയും അവസാനത്തെയും അഭിപ്രായ സര്‍വേയാണിത്. മുന്‍ പ്രവചനങ്ങളില്‍ ബിജെപിക്കായിരുന്നു മുന്‍തൂക്കം.

മോദിയുടെ വ്യക്തിപ്രഭാവവും ജനപ്രീതിയും മൂന്നുമാസത്തിനുള്ളില്‍ 18 ശതമാനമായി ഇടിഞ്ഞു. ഓഗസ്റ്റില്‍ 82 ശതമാനമുണ്ടായിരുന്നത് 18 ശതമാനം കുറഞ്ഞ് 64 ശതമാനമായി.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ജനപ്രീതി 40 ശതമാനമായിരുന്നത് 57 ശതമാനമായി ഉയര്‍ന്നു. വ്യാപാര സമൂഹത്തിനിടയിലും സ്ത്രീവോട്ടര്‍മാര്‍ക്കിടയിലും കോണ്‍ഗ്രസിനുള്ള പിന്തുണ വര്‍ധിച്ചു.

ഓഗസ്റ്റിലെ 59 ശതമാനത്തില്‍നിന്ന് 16 കുറഞ്ഞ് 43 ശതമാനമാണ് ബിജെപിയുടെ നിലവിലെ വോട്ടുനില. കോണ്‍ഗ്രസിന്റെ വോട്ട് 29 ശതമാനത്തില്‍നിന്നും 14 കൂടി 43 ശതമാനമായിവര്‍ധിച്ചു.

ഓഗസ്റ്റില്‍ 50 ശതമാനവും ബിജെപിയെ പിന്തുണച്ചിരുന്ന സ്ത്രീവോട്ടര്‍മാര്‍ നവംബറിലെത്തുമ്പോള്‍ 42ശതമാനം വോട്ടും കോണ്‍ഗ്രസിനാണ് കൊടുക്കുന്നത്. ഒപ്പം ബിജെപിക്കുള്ള പിന്തുണ 44 ശതമാനമായി കുറച്ചു.

പട്ടേല്‍ സമുദായത്തിന് നിര്‍ണായക സ്വാധീനവും ദളിതുകളുടെ സജീവ സാന്നിധ്യവുമുള്ള സൗരാഷ്ട്ര മേഖലയില്‍ വോട്ട് അനുപാതത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പമാണ്. കര്‍ഷകര്‍ക്കു മുന്‍തൂക്കമുള്ള ഉത്തര ഗുജറാത്തില്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ.

അതേസമയം, മധ്യഗുജറാത്തില്‍ ബിജെപിയെ അപേക്ഷിച്ചു 16ശതമാനം പിന്നിലാണ് കോണ്‍ഗ്രസ്.

തെക്കന്‍ ഗുജറാത്തില്‍ നോട്ട് നിരോധനവും ജിഎസ്ടിയും സൃഷ്ടിച്ച പ്രതിഷേധം വോട്ടായി മാറുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടാം. ഗുജറാത്ത് നിയമസഭയില്‍ 182 സീറ്റുകളാണുള്ളത്. 2012ല്‍ ബിജെപിക്ക് 117 സീറ്റും കോണ്‍ഗസ്സിന് 60 സീറ്റുമാണു ലഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News