വരള്‍ച്ച പ്രതിരോധിക്കാനുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ സംസ്ഥാന വ്യാപകമാക്കും; മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം : വരള്‍ച്ച പ്രതിരോധിക്കാനുള്ള നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ണുപര്യവേഷണ മണ്ണുസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക മണ്ണുദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏഴുജില്ലയില്‍ പഞ്ചായത്തുതല നീര്‍ത്തട ഭൂപടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

2019ഓടെ സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും സോയില്‍ ഹെല്‍ത്ത് കാര്‍ഡ് ലഭ്യമാക്കും. മണ്ണും ജലവും സംരക്ഷിക്കാന്‍ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തും. മണ്ണിന്റെ ഹരിതസസ്യാവരണം പുനഃസൃഷ്ടിച്ച് മണ്ണു സംരക്ഷണ പ്രവര്‍ത്തനം ഊര്‍ജിതമാക്കും. അനിയന്ത്രിതമായ മണ്ണെടുക്കല്‍, പാറപൊട്ടിക്കല്‍, കുന്നിടിക്കല്‍ എന്നിവ ഭൂ ഘടനയില്‍ മാറ്റമുണ്ടാക്കുന്നു. ഭൂമിയെ സംരക്ഷിക്കാന്‍ ശക്തമായ ഇടപെടല്‍ ആവശ്യമാണ്. മണ്ണിന്റെ സ്ഥിതി മോശമായതില്‍ കര്‍ഷകരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മണ്ണില്‍ കൂടുതല്‍ വിഷം ചേര്‍ക്കാന്‍ നമ്മുടെ ഔദ്യോഗിക സംവിധാനമാണ് താല്‍പ്പര്യം കാട്ടിയത്.

കൊക്കകോള കമ്പനിയുടെ പ്രവര്‍ത്തനം മൂലം പ്ളാച്ചിമടയില്‍ മണ്ണിന് നഷ്ടമായ ഫലപുഷ്ടിയും പ്രദേശത്തെ ജൈവസ്വഭാവവും വീണ്ടെടുക്കാന്‍ ആവശ്യമായ ഇടപെടല്‍ മണ്ണുസംരക്ഷണവകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണം. കൃഷിക്കാര്‍ക്ക് ഗുണകരമാകും അത്തരത്തിലുള്ള നടപടി. ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങളുണ്ടെങ്കില്‍ പരിഹരിക്കാന്‍ കൂട്ടായി ശ്രമിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മണ്ണ് സംരക്ഷണവകുപ്പിന്റെ ഭൂവിവരശേഖരം കര്‍ഷകന്റെ വിരല്‍ത്തുമ്പിലെത്തിക്കുന്ന ‘മണ്ണിനെ അറിയാം മൊബൈലിലൂടെ’ ആപ് മുഖ്യമന്ത്രി ഉദ്ഘാടനംചെയ്തു. മണ്ണിന്റെ ആരോഗ്യം വീണ്ടെടുക്കാനുള്ള ശാസ്ത്രീയ നടപടികള്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്ന് സ്വീകരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഹരിതകേരളം മിഷന്‍ വൈസ്ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ ഏഴ് ജില്ലയുടെ പഞ്ചായത്തുതല നിര്‍ത്തട ഭൂപടം പ്രകാശനം ചെയ്തു.

സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും മണ്ണിന്റെ അമൂല്യത വിളംബരം ചെയ്യുന്ന തപാല്‍ സ്റ്റാമ്പും കെ മുരളീധരന്‍ എംഎല്‍എ പ്രകാശനം ചയ്തു. നബാര്‍ഡ് സിജിഎം ആര്‍ സുന്ദര്‍, ഡോ. സജി ഗോപിനാഥ്, പി എസ് രാജീവ്, കൌണ്‍സിലര്‍ പാളയം രാജന്‍ എന്നിവര്‍ സംസാരിച്ചു. കാര്‍ഷികോല്‍പ്പാദന കമീഷണര്‍ ടീക്കാറാം മീണ സ്വാഗതവും മണ്ണ് സംരക്ഷണ ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News