‘വിശ്വാസികളെന്ന് സ്വയം മേനി നടിക്കുന്നവര്‍ നാടിനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? സൂരജിന് പിന്തുണയുമായി പി.കെ ഫിറോസ്

തിരുവനന്തപുരം: ആര്‍.ജെ സൂരജിന് പിന്തുണയുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്.

ഫിറോസ് പറയുന്നു:

ആര്‍.ജെ സൂരജ് മുസ്‌ലിം സുഹൃത്തുക്കളോട് മാപ്പ് ചോദിക്കുന്ന വീഡിയോ കണ്ടു. സങ്കടവും അമര്‍ഷവും അടക്കാനാവുന്നില്ല.

മലപ്പുറത്ത് ഫ്‌ലാഷ് മോബ് നടത്തിയ ഏതാനും പെണ്‍കുട്ടികളെ അവഹേളിച്ചവരെ വിമര്‍ശിച്ചതിനാണ് സൂരജിന് ഈ ഗതി വന്നത്. വിശ്വാസികള്‍ എന്ന് സ്വയം മേനി നടിക്കുന്നവര്‍ ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടു പോകുന്നത്?

വികാരം വ്രണപ്പെട്ടു വ്രണപ്പെട്ടു എന്ന് പേര്‍ത്തും പേര്‍ത്തും പറയുന്നവരോട് ചോദിക്കട്ടെ. നിങ്ങള്‍ക്ക് വിശ്വാസം എന്നത് വ്രണപ്പെടുന്ന ഒരു വികാരം മാത്രമാണോ? വിമര്‍ശനത്തോട് എന്തിനാണ് നിങ്ങളിത്ര അസഹിഷ്ണുത കാണിക്കുന്നത്? വിമര്‍ശിച്ചതിന്റെ പേരില്‍ അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഭാവിയെ വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെ എത്തിക്കുന്നത്?

പ്രിയപ്പെട്ട ആര്‍. ജെ സൂരജ്,
വീഡിയോയില്‍ നിങ്ങള്‍ പറയുന്നത് കേട്ടു. ഇനി മുതല്‍ ആരെയും വിമര്‍ശിക്കില്ല എന്ന്. റേഡിയോ ജോക്കി എന്ന ജോലി ഉപേക്ഷിക്കുകയാണ് എന്ന്. നിങ്ങള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ നിര്‍ത്തരുത്. ജോലി ഉപേക്ഷിക്കരുത്. നിങ്ങളെ പോലുള്ളവരുടെ നിലപാടുകളാണ് ഈ നാടിന് ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്. നിങ്ങള്‍ ഭീരുവാകരുത്. നിങ്ങളുടെ ഭീരുത്വം പോലും ഉപയോഗപ്പെടുത്താന്‍ വര്‍ഗ്ഗീയ വാദികള്‍ കാത്തിരിക്കുകയാണ്. അതിനവസരം ഒരുക്കരുത്.

ഒരു കാര്യം കൂടി,
മാപ്പ് പറയേണ്ടത് നിങ്ങളല്ല, ഞങ്ങളാണ്.
വിശ്വാസികള്‍ എന്ന പേരില്‍ ചിലര്‍ നടത്തിയ ആക്രമണത്തിന് ഒരു വിശ്വാസി എന്ന നിലയില്‍ മാപ്പു ചോദിക്കുന്നു. -ഫിറോസ് പറഞ്ഞു..

മലപ്പുറത്ത് ഫ്‌ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപം ചൊരിഞ്ഞ സദാചാരവാദികളും മതമൗലികവാദികള്‍ക്കുമെതിരെയാണ് ആര്‍ജെ കൂടിയായ സൂരജ് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News