”മലയാളത്തോട് എന്നും സ്‌നേഹവും ആദരവും; നടനാക്കി മാറ്റിയത് വിയറ്റ്‌നാം കോളനി”; റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പീപ്പിളിനോട്

തിരുവനന്തപുരം: മലയാളികളോട് എന്നും തനിക്ക് സ്‌നേഹവും ആദരവുമുണ്ടെന്ന് വിയറ്റ്‌നാം കോളനി റാവുത്തര്‍. തന്നെ ഒരു നടനായി പ്രേക്ഷകരിലേക്ക് എത്തിച്ചത് റാവുത്തര്‍ എന്ന കഥാപാത്രമാണെന്നും ഇനിയും അവസരം ലഭിച്ചാല്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമെന്നും ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു.

മലയാളികള്‍ക്ക് അങ്ങനെയൊന്നും ഈ റാവുത്തറിനെ മറക്കാനാവില്ല. വിയറ്റ്‌നാം കോളനിക്കാരെ തന്റെ ചൂണ്ടുവിരല്‍തുമ്പില്‍ വിറപ്പിച്ചുനിര്‍ത്തിയ റാവുത്തര്‍ എന്ന ഗുണ്ടാ നേതാവ്. പേടിയോടെയെങ്കിലും ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ് ഈ കഥാപാത്രം.

ഒരിടവേളയ്ക്കുശേഷം റാവുത്തര്‍ മലയാളി മനസിലേക്ക് കടന്നുവരുന്നത് നടി ജുവല്‍ മേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്. ആ ഫോട്ടോ തന്നെയാണ് ഞങ്ങളെയും റാവുത്തറിലേക്ക് എത്തിച്ചത്.

തന്റെ ജീവിതത്തിലെ ഒരു അദ്ധ്യായമാണ് വിയ്‌നാം കോളനി എന്ന ചിത്രമെന്ന് ഉദയ് രാജ്കുമാര്‍ പീപ്പിള്‍ ടിവിയോട് പറഞ്ഞു. തെലുങ്ക്, തമിഴ്, മലയാളം തുടങ്ങി ഭാഷകളിലായി 30 വര്‍ഷമായി സിനിമാ മേഖലയില്‍ ഉണ്ടെങ്കിലും തന്നെ ഒരു അറിയപ്പെടുന്ന നടനാക്കി മാറ്റിയത് വിയറ്റാം കോളനിയാണെന്നും റാവുത്തര്‍ ഉദയ് രാജ്കുമാര്‍ പറഞ്ഞു.

കേരളവും മലയാളസിനിമയും മലയാളികളെയും ഒരുപാട് ഇഷ്ടമാണെന്നും ഇനിയും മലയാളത്തില്‍നിന്ന് അവസരം ലഭിച്ചാല്‍ ഓടിയെത്തുമെന്നും ഉദയ് രാജ്കുമാര്‍ പറഞ്ഞു.

മലയാളത്തിലെ വമ്പന്‍ ഹിറ്റായിരുന്നു മോഹന്‍ലാല്‍ സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന്റെ വിയറ്റ്‌നാം കോളനി. 1992ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രം മോഹന്‍ലാലിന്റെ അഭിനയജീവിതത്തിലേയും വന്‍ വിജയങ്ങളിലൊന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഏവരേയും ഭയപ്പെടുത്തിയ റാവുത്തര്‍ എന്ന വില്ലനും ചിത്രത്തിന്റെ ഹൈലൈറ്റായിരുന്നു.

ഇടവേളയ്ക്ക് ശേഷം മനുഷ്യമൃഗം, വെനീസിലെ വ്യാപാരി എന്ന മലയാളചിത്രത്തിലും ഉദയ് രാജകുമാര്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ജുവല്‍ നായികയാകുന്ന അണ്ണാദുരൈ എന്ന തമിഴ് ചിത്രത്തിലെ വില്ലനാണ് പഴയ റാവുത്തര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here