ഓഖി ദുരിതബാധിതര്‍ക്ക് താങ്ങായി പിണറായി സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം ധനസഹായം; പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം; സൗജന്യറേഷന്‍ ഒരു മാസത്തേക്ക്; രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ഗുരുതരമായി പരുക്കേറ്റവര്‍ക്ക് അഞ്ചുലക്ഷം രൂപയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതബാധിതര്‍ക്കായി മന്ത്രിസഭാ അംഗീകരിച്ച സമഗ്ര നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ പത്തുലക്ഷം രൂപയും മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ബദല്‍ ജീവനോപാധിക്കായി ഫിഷറീസ് വകുപ്പില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ചേര്‍ത്ത് 20 ലക്ഷം രൂപയാണ് നല്‍കുക. സഹായങ്ങള്‍ കാലതാമസം കൂടാതെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് തുടര്‍ന്ന് ജോലിയെടുക്കാന്‍ കഴിയാത്തവിധം അവശരായവര്‍ക്ക് ബദല്‍ ജീവനോപാധിയായി അഞ്ചു ലക്ഷം രൂപ നല്‍കും. നിലവില്‍ ഒരാഴ്ച നല്‍കിയ സൗജന്യ റേഷന്‍ ഒരുമാസത്തേക്ക് നീട്ടിയെന്നും അദ്ദേഹം പറഞ്ഞു.

ബോട്ടും വലയും നഷ്ടമായവര്‍ക്ക് തത്തുല്യമായ നഷ്ടപരിഹാരം നല്‍കും. മരണമടയുകയും കാണാതാവുകയും ചെയ്തവരുടെ മക്കള്‍ക്ക് സൗജന്യവിദ്യാഭ്യാസവും തൊഴില്‍പരിശീലനവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുന്നതിന് റവന്യൂ, ഫിഷറീസ് സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തുടര്‍തിരച്ചിലിലും കണ്ടെത്താനാകാതെ പോകുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിനും സാമ്പത്തിക സഹായം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഓഖി ചുഴലിക്കാറ്റിലൂടെ കേരളത്തില്‍ ഉണ്ടായത് അപ്രതീക്ഷിത ദുരന്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചുഴലിക്കാറ്റിനെ കുറിച്ച് മുന്നറിയിപ്പ് കിട്ടിയത് നവംബര്‍ 30ന് ആണ്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News