ഓഖി രക്ഷാപ്രവര്‍ത്തനം; സര്‍ക്കാരിന് മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി; ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചയില്ല

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഇമെയില്‍ വഴിയോ ഫോണ്‍ വഴിയോ മുന്നറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ദുരന്തം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനു വീഴ്ചയില്ല. ഇക്കാര്യം കേന്ദ്രമന്ത്രിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആഴക്കടലില്‍ ഇത്ര സാഹസികമായ രക്ഷാദൗത്യം ഇതാദ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ 28ന് മുന്നറിയിപ്പ് കിട്ടിയിരുന്നില്ല. 29ന് പകല്‍ 2.30ന് മത്സ്യത്തൊഴിലാളികള്‍ക്കുള്ള മുന്നറിയിപ്പ് കിട്ടി. 30ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചുഴലിക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ് വന്നത്.

ഇതു ലഭിച്ചയുടന്‍ എല്ലാ വിഭാഗങ്ങളെയും അറിയിച്ചു. 28 ന്യൂനമര്‍ദ്ദമുണ്ടെന്നും ക ടലില്‍ പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വെബ്‌സൈറ്റില്‍ മുന്നറിയിപ്പുണ്ടായിരുന്നു. എന്നാല്‍ 30നും ചുഴലിക്കാറ്റിനെക്കുറിച്ച് അറിയിപ്പുണ്ടായിരുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇത്തരം ചുഴലിക്കാറ്റുകളെ കുറിച്ച് മൂന്നു ദിവസം മുന്‍പെങ്കിലും മുന്നറിയിപ്പ് ലഭിക്കേണ്ടതാണ്. രണ്ടു ദിവസം മുന്നേ 12 മണിക്കൂര്‍ ഇടവിട്ട് അറിയിപ്പ് ലഭിക്കണം. അതില്‍ കാറ്റിന്റെ വേഗത, ദിശ, പാത എന്നിവയെ കുറിച്ചും ഉണ്ടായിരിക്കണം. എന്നാല്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. 30ന് അറിയിപ്പ് കിട്ടുമ്പോഴെക്കും തൊഴിലാളികള്‍ കടലില്‍ പോയിരുന്നു.

അറിയിപ്പ് ലഭിച്ചയുടനെ ഒരുനിമിഷവും പാഴാക്കിയിട്ടില്ല. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ മാനദണ്ഡപ്രകാരമാണ് പ്രവര്‍ത്തിച്ചത്. ഓഖി ചുഴലിക്കാറ്റില്‍ കേരളം നേരിട്ടത് അപ്രതീക്ഷിത ദുരന്തമാണ്. ഇത്രയും ശക്തമായ ചുഴലി നൂറ്റാണ്ടില്‍ ആദ്യമായാണ് ഉണ്ടാകുന്നത്.

കേന്ദ്രവും സംസ്ഥാനവും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. ആര്‍മി, എയര്‍ഫോഴ്‌സ്, നേവി, കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിനുണ്ടായി. 15 കപ്പല്‍, 7 ഹെലികോപ്റ്റര്‍, നാലുവിമാനം എന്നിവ ആദ്യദിനം തന്നെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News