ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കുന്നത് നിരവധി ഭക്തര്‍; കൂടുതലും സ്ത്രീകള്‍; സംഭവം ഇങ്ങനെ

പത്തനംതിട്ട: ഇന്റര്‍നെറ്റ് യുഗത്തിലും ശബരിമല അയ്യപ്പന് കത്തയക്കാന്‍ ആളുകള്‍ നിരവധിയാണ്. സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ആളുകള്‍ കത്തിലൂടെ അയ്യപ്പനുമായി പങ്കുവെക്കുമ്പോള്‍ ശബരിമലയിലെ സാക്ഷാല്‍ അയ്യപ്പനുള്ള കത്തുകള്‍ കൈകാര്യംചെയ്യുന്നത് മറ്റൊരു അയ്യപ്പാണെന്നതും ഇവിടുത്തെ പ്രത്യേകതയാണ്.

തീര്‍ത്ഥാടനകാലത്തെ വെറും മൂന്നുമാസം മാത്രം പ്രവര്‍ത്തിക്കുന്ന സന്നിധാനത്തെ പോസ്‌റ്റോഫീസില്‍ പക്ഷെ തിരക്കിന് ഒട്ടും കുറവില്ല. അയ്യപ്പന് വരുന്ന കത്തുകളും മണിയോര്‍ഡറുകളുമെല്ലാം കൃത്യമായി തന്നെ എത്തിക്കണം.

മക്കളുടെ വിവാഹത്തിനും, വീട് പാല്കാച്ചിനും അയ്യപ്പസ്വാമിയുടെ അനുഗ്രഹം തേടിയുള്ള ക്ഷണക്കത്തുകള്‍, അയ്യപ്പന് ഭക്തര്‍ അയക്കുന്ന സമ്മാനങ്ങളും മണിയോര്‍ഡറുകളും തുടങ്ങി നിരവധി തപാല്‍ ഉരുപ്പടികളാണ് സന്നിധാനം പോസ്‌റ്റോഫീസിലേക്കെത്തുന്നത്.

ചില കത്തുകളില്‍ സങ്കടങ്ങളാണെങ്കില്‍ ചിലതില്‍ ശുപാര്‍ശകള്‍. ഭര്‍ത്താവിന്റെ മദ്യപാനം നിര്‍ത്താന്‍ അയ്യപ്പന്‍ ഉപദേശിക്കണം എന്നു പറയുന്ന കത്തുകള്‍ വരെ ഇവിടെ വരാറുണ്ട്. സ്ത്രീകളാണ് കൂടുതലായും അയ്യപ്പന് കത്തയക്കുന്നത്. പതിനെട്ടാം പടിയ്ക്കുമുകളില്‍ കുടികൊള്ളുന്ന അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്ത മുദ്രയുള്ള ഇന്ത്യയിലെ ഏക പോസ്‌റ്റോഫീസാണിത്.

അയ്യപ്പന്മാരുടെ ഫോട്ടോ പതിപ്പിച്ച് ഉടന്‍ തയ്യാറാക്കി നല്‍കുന്ന മൈ സ്റ്റാമ്പും സന്നിധാനം പോസ്‌റ്റോഫീസിന്റെ പ്രത്യേകതയാണ്. അയ്യപ്പന്റെ പോസ്റ്റ് മാസ്റ്റര്‍ക്കുമുണ്ട് പ്രത്യേകത, അത് മറ്റൊരു അയ്യപ്പനാണ്. സുന്ദരമൂര്‍ത്തിയെന്ന ഈ തെങ്കാശിക്കാരന്‍ എം.അയ്യപ്പനായതിന് പിന്നില്‍ ഒരു കഥയുണ്ട്.

നാലാംവയസ്സിലുണ്ടായ അപകടത്തില്‍ ജീവന്‍ തന്നെ നഷ്ടമായേക്കാവുന്ന അവസ്ഥയില്‍ മകന്റെ ജീവന്‍ തിരിച്ചുനല്‍കിയാല്‍ അയ്യപ്പനെന്ന് ഇദ്ദേഹത്തിന്റെ പേരുമാറ്റാമെന്ന് അമ്മ ശാരദ സാക്ഷാല്‍ അയ്യപ്പനോട് മനമുരുകി പ്രാര്‍ത്ഥിച്ചുവത്രേ. മരണത്തിനുമുന്നില്‍ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന സുന്ദരമൂര്‍ത്തി അങ്ങനെ അയ്യപ്പനായി.

കഴിഞ്ഞവര്‍ഷം അവസാനകാലത്ത് സന്നിധാനം പോസ്‌റ്റോഫീസില്‍ സേവനം ചെയ്യാന്‍ അവസരം ലഭിച്ചെങ്കിലും ഇത്തവണ 3 മാസത്തേ പൂര്‍ണ്ണച്ചുമതലയാണ് അയ്യപ്പനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News