സര്‍ക്കാരിന്റെ പുതിയ സഹകരണ ഭേദഗതി നിയമം ഹൈക്കോടതി ശരിവെച്ചു; ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ തള്ളി

കൊച്ചി: സര്‍ക്കാരിന്റെ പുതിയ സഹകരണ ഭേദഗതി നിയമം ഹൈക്കോടതി ശരിവെച്ചു. പതിനാല് സഹകരണ ബാങ്കുകളുടെ ഭരണ സമിതി പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി വിധി. സര്‍ക്കാരിന്റെ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളി.

കേരള ബാങ്ക് രൂപീകരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സഹകരണ നിയമത്തില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. സഹകരണ ബാങ്കുകളുടെ അംഗത്വം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കും അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കുമായി പരിമിതപ്പെടുത്തിയായിരുന്നു സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്.

ഓര്‍ഡിനന്‍സ് പ്രാബല്യത്തില്‍ വന്നതോടെ ജില്ലാ സഹകരണ ബാങ്കുകളിലെ ഭരണസമിതികള്‍ ഇല്ലാതായി. ബാങ്കുകളിലെ ഭരണസ്തംഭനം ഒഴിവാക്കാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഈ ഓര്‍ഡിനന്‍സിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് 10 ഓളം ജില്ലാ സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി സര്‍ക്കാരിന്റെ പുതിയ സഹകരണ ഭേദഗതി നിയമം ശരിവെക്കുകയായിരുന്നു. 14 ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട നടപടിയും കോടതി ശരിവെച്ചു.

സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സഹകരണ റജിസ്ട്രാരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പഠനം നടത്തിയിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്.

ജില്ലാ സഹകരണ ബാങ്കുകളുടെ നിക്ഷേപത്തില്‍ 70 ശതമാനവും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെതാണ്. വായ്പയില്‍ സിംഹഭാഗവും നല്‍കുന്നതും പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്കാണ്.

കാര്‍ഷിക മേഖല പ്രതിസന്ധി നേരിടുമ്പോള്‍ ഇന്നത്തേക്കാള്‍ കൂടുതലായും ഫലപ്രദമായും സഹായിക്കാന്‍ പുതിയ ഭേദഗതി പ്രയോജനപ്പെടുമെന്ന് വിലയിരുത്തിയാണ് സര്‍ക്കാര്‍ നിയമ ഭേദഗതി കൊണ്ടുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News