ഭര്‍ത്താവിനെ വിളിച്ച് അപവാദം പ്രചരിപ്പിച്ചു; പൊതുവഴിയില്‍വച്ച് അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്തു; വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പീപ്പിളിന്; പുറത്തുവന്നത് സഹപാഠികളുടെ കൊടുംക്രൂരതകള്‍

മലപ്പുറം: കരിപ്പൂരില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിലെ റിമാന്‍ഡ് റിപ്പോര്‍ട്ട് പീപ്പിള്‍ ടിവിക്ക് ലഭിച്ചു.

വിദ്യാര്‍ഥിനി ആണ്‍സുഹൃത്തിനെ കണ്ടെന്നാരോപിച്ചായിരുന്നു സഹപാഠികളുടെ പീഡനം. പ്രതികളായ ഇവര്‍ പൊതുവഴിയില്‍വച്ച് പെണ്‍കുട്ടിയെ അപമാനിക്കുകയും മുഖത്തടിക്കുകയും ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ച പ്രിന്‍സിപ്പല്‍ കേസില്‍ ഏഴാം പ്രതിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ 30നാണ് തിരുവനന്തപുരം സ്വദേശിയായ ദളിത് പെണ്‍കുട്ടി കരിപ്പൂരിലെ ഹോട്ടല്‍ സമുച്ചയത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. സഹപാഠികളില്‍ നിന്നും ക്രൂരപീഡനം ഏല്‍ക്കേണ്ടിവന്നതായി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

കേസിലെ ഒന്നാം പ്രതി വിദ്യാര്‍ത്ഥിനിയുടെ മുഖത്ത് മൊബൈല്‍ ഫോണ്‍ കൊണ്ടടിച്ചു. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയെ കുറിച്ച് അപവാദം പ്രചരിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിനടുത്തുള്ള പൊതുവഴിയില്‍ ആണ് ഈ സംഭവങ്ങള്‍ അരങ്ങേറിയത്.

ആണ്‍ സുഹൃത്തിനെ കണ്ടു എന്ന് ആരോപിച്ചായിരുന്നു ഈ പീഡനങ്ങളത്രയുമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ഹോട്ടലിന് മുകളില്‍ നിന്ന് ചാടിയത് മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥിനിയെ അപമാനിക്കാന്‍ ഐപിഎംഎസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രേരിപ്പിച്ചു. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനികള്‍ പെണ്‍കുട്ടിയെ അപമാനിച്ചത്. പ്രിന്‍സിപ്പല്‍ ദീപ കേസില്‍ ഏഴാം പ്രതിയെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, തിരുവനന്തപുരത്തെ ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനി ഇനിയും അപകടനില തരണം ചെയ്തിട്ടില്ല. കേസില്‍ സഹപാഠികളായ 5 പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത്. ഇനി പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ 2 പേര്‍ കൂടി അറസ്റ്റിലാകാനുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News