വിവാഹേതരബന്ധം: പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷയെന്നത് പുനഃപരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി; ഹര്‍ജി നല്‍കിയത് മലയാളി

ദില്ലി: വിവാഹേതരബന്ധ കേസുകളില്‍ പുരുഷന്മാര്‍ക്ക് മാത്രം ശിക്ഷ വ്യവസ്ഥ ചെയ്തുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497ാം വകുപ്പിന്റെ സാധുത സുപ്രീംകോടതി പരിശോധിക്കും.

497ാം വകുപ്പിനെ ചോദ്യംചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ് നോട്ടീസയച്ചു. നാലാഴ്ചയ്ക്കുള്ളില്‍ കേന്ദ്രം മറുപടി നല്‍കണം. കേന്ദ്രത്തിന് നോട്ടീസ് അയച്ച കോടതി മുഖ്യമായും രണ്ട് കാര്യങ്ങളാണ് പരിശോധിക്കുക.

ഒന്ന്, അവിഹിതകേസുകളില്‍ പുരുഷന്‍ മാത്രമാണ് കുറ്റക്കാരനാകുക. സ്ത്രീയെ ഇരയായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ സ്ത്രീയെന്നത് ഭര്‍ത്താവിന്റെ ‘സ്വത്തോ’ അതല്ലെങ്കില്‍ വെറും ഇര മാത്രമോ എന്നത് പരിശോധിക്കപ്പെടണം.

രണ്ട്, അവിഹിതബന്ധത്തോട് സ്ത്രീയുടെ ഭര്‍ത്താവിന് യോജിപ്പാണെങ്കില്‍ കുറ്റം ഇല്ലാതാകുന്ന സാഹചര്യം.

ഇതോടൊപ്പം 497ാം വകുപ്പുപ്രകാരം ഭര്‍ത്താവിന് മാത്രമാണ് പരാതി നല്‍കാനാവുക എന്നതും പരിശോധിക്കപ്പെടും. സ്ത്രീക്കും പുരുഷനും തുല്യപദവിയാണ് ഭരണഘടന നല്‍കുന്നതെന്ന് കേന്ദ്രത്തിന് നോട്ടീസ് അയച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

മലയാളിയായ ജോസഫ് ഷൈന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചാണ് ചീഫ്ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ എം കന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരുള്‍പ്പെട്ട ബെഞ്ച് 497ാം വകുപ്പിന്റെ സാധുത പരിശോധിക്കാന്‍ തീരുമാനിച്ചത്.

ഭര്‍ത്താവിന്റെ അനുമതി കൂടാതെ ഭര്‍ത്തൃമതിയായ സ്ത്രീയുമായി അന്യപുരുഷന്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ബലാത്സംഗമല്ലെങ്കില്‍കൂടി അവിഹിതബന്ധമെന്ന കുറ്റമായി കാണേണ്ടി വരുമെന്നാണ് 497ാം വകുപ്പ് പറയുന്നത്.

അഞ്ചു വര്‍ഷംവരെ തടവോ പിഴയോ അതല്ലെങ്കില്‍ രണ്ടുംകൂടിയോ ശിക്ഷയായി നല്‍കാമെന്നും ഇത്തരം സംഭവങ്ങളില്‍ ഭര്‍ത്തൃമതിയായ സ്ത്രീയെ തെറ്റുകാരിയായി കണ്ട് ശിക്ഷിക്കേണ്ടതില്ലെന്നും വ്യവസ്ഥ അനുശാസിക്കുന്നു.

497ാം വകുപ്പ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയ്ക്ക് വിരുദ്ധമാണെന്നും അസാധുവാക്കണമെന്നും ഹര്‍ജിക്കാരന് വേണ്ടി ഹാജരായ കാളീശ്വരം രാജും എസ് സുന്ദരവും ആവശ്യപ്പെട്ടു.

അവിഹിതവേഴ്ചയെന്ന വകുപ്പ് ഉഗാണ്ടയും ദക്ഷിണ കൊറിയയും പോലുള്ള രാജ്യങ്ങള്‍ ഉപേക്ഷിച്ചുകഴിഞ്ഞു. മെക്കാളെയുടെ കാലത്ത് 1860ല്‍ രൂപപ്പെട്ട ഈ വകുപ്പ് ഇന്ത്യയില്‍മാത്രമാണ് ശിക്ഷാനിയമത്തിന്റെ ഭാഗമായി ഇപ്പോഴും തുടരുന്നത് അഭിഭാഷകര്‍ പറഞ്ഞു.

സ്ത്രീക്കും പുരുഷനും അവിഹിതബന്ധത്തില്‍ ഏര്‍പ്പെടാമെങ്കിലും ക്രിമിനല്‍ക്കുറ്റമെന്ന ബാധ്യത പുരുഷനുമേല്‍ മാത്രമാണെന്ന് കോടതി നിരീക്ഷിച്ചു. ലിംഗസമത്വത്തില്‍ ഊന്നിയാണ് ക്രിമിനല്‍ നിയമങ്ങള്‍ നീങ്ങേണ്ടതെങ്കിലും 497ാം വകുപ്പ് അതില്‍നിന്നുള്ള വ്യതിചലനമാണ്. മാത്രമല്ല, മറ്റൊരു പുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സ്ത്രീയുടെ ഭര്‍ത്താവ് അനുമതി നല്‍കിയാല്‍ അത് കുറ്റമല്ലാതായി മാറുന്ന തരത്തിലാണ് ഈ വകുപ്പിന്റെ വാക്യഘടന.

ഈയൊരു വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ സ്ത്രീയുടെ സ്വതന്ത്രമായ അസ്തിത്വത്തെ ഇടിച്ചുതാഴ്ത്തുന്നത് കൂടിയാണ് പ്രസ്തുത വകുപ്പ് കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News