അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ലാതെ ശബരിമല

പത്തനംതിട്ട: ആചാരങ്ങളോടൊപ്പം തന്നെ അനാചാരങ്ങള്‍ക്കും ഒട്ടും കുറവില്ലാത്തതാണ് ശബരിമല. ഇത്തരം അനാചാരങ്ങളെ മറികടക്കാന്‍ മലകയറുംമുമ്പ് തന്നെ അയ്യപ്പന്മാരില്‍ ബോധവല്‍ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.

കോടിക്കണക്കിന് അയ്യപ്പന്മാരാണ് ഇരുമുടിക്കെട്ടേന്തി ഓരോ വര്‍ഷവും അയ്യപ്പനെ കാണാനെത്തുന്നത്. എന്നാല്‍ ഇവരില്‍ പലരും ആചാരങ്ങളെ മറന്ന് അനാചാരങ്ങള്‍ക്ക് പിറകെ പോകുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ സാധിക്കുക. അയ്യപ്പന് പ്രിയങ്കരമെന്നു കരുതി ചെയ്യുന്ന പലതും യാതൊരു ശാസ്ത്രീയതയുമില്ലാത്തവയാണ്.

മാത്രവുമല്ല, ഇവയൊക്കെ അയ്യപ്പന്റെ പൂങ്കാവനത്തിന് കോട്ടംവരുത്തുന്നതുമാണ്. അസ്ഥാനത്ത് മണികെട്ടുന്നതും മണി അടര്‍ത്തി വീട്ടില്‍ കൊണ്ടുപോകുന്നതും മാളികപ്പുറത്ത് പട്ടെറിയുന്നതും പനിനീര് തളിക്കുന്നതും തൂണുകളില്‍ ഭസ്മം പതിക്കുന്നതുമെല്ലാം ഇതിനുദാഹരണങ്ങളാണ്.

പമ്പയില്‍ വസ്ത്രമുപേക്ഷിക്കുന്നതാണ് മറ്റൊന്ന്. മാളികപ്പുറത്തുള്‍പ്പെടെ കണ്ടുവരുന്ന ഇത്തരം അനാചാരങ്ങള്‍ മാറ്റിയെടുക്കാന്‍ ശബരിമലയാത്രയ്ക്ക് മുമ്പ് തന്നെ അയ്യപ്പന്മാരെ ബോധവല്‍ക്കരിക്കണമെന്നും ഇതിന് ഗുരുസ്വാമിമാര്‍ മുതല്‍ തയ്യാറാകണമെന്നും മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി പറയുന്നു.

ഇതരസംസ്ഥാന അയ്യപ്പഭക്തന്മാരാണ് ഇത്തരം അനാചാരങ്ങള്‍ ആചാരങ്ങളാക്കി മാറ്റുന്നതില്‍ മുമ്പില്‍. അത് കണ്ട് ചില മലയാളികളും ഇത്തരം അനാചാരങ്ങളെ പിന്തുടരുന്നുണ്ട്.

ഇത്തരം അനാചാരങ്ങള്‍ പാടില്ലെന്നുള്ള ബോര്‍ഡുകള്‍ പലഭാഷകളിലായി ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുകയാണെങ്കില്‍ ഒരു പരിധിവരെ ഇത്തരം അനാചാരങ്ങള്‍ക്ക് തടയിടാനാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel