നിവിന്‍ ഫാന്‍സിന്റെ പൊങ്കാല; ‘റിച്ചി’ വിമര്‍ശനത്തില്‍ രൂപേഷ് മാപ്പു പറഞ്ഞു

റിച്ചി വിമര്‍ശനത്തില്‍ സംവിധായകന്‍ രൂപേഷ് പീതാംബരന്‍ മാപ്പു പറഞ്ഞു. അഭിനേതാവ്, സംവിധായകന്‍ എന്നതിലുപരി താന്‍ ഒരു സിനിമാ പ്രേമിയാണെന്നും അതുകൊണ്ടാണ് റിച്ചിയെ വിമര്‍ശിച്ചതെന്നും രൂപേഷ് ഫേസ്ബുക്കില്‍ കുറിച്ചു.

സിനിമാ മേഖലയില്‍ ജോലി ചെയ്യുന്ന ആള്‍ ആണെന്ന കാര്യം മറന്നുകൊണ്ടുള്ള പ്രതികരണം പലരെയും വേദനിപ്പിച്ചു. ഇതിന് താന്‍ മാപ്പ് ചോദിക്കുന്നുവെന്നും രൂപേഷ് പറഞ്ഞു.

ഇന്നലെയാണ് സംഭവങ്ങളുടെ തുടക്കം. രക്ഷിത് ഷെട്ടി സംവിധാനം ചെയ്ത ഉളിദവരു കണ്ടതേ’ എന്ന കന്നഡ സിനിമയുടെ റീമേക്ക് ആണ് റിച്ചി. എന്നാല്‍ ഒരു മാസ്റ്റര്‍പീസ് ആയ സിനിമയെ റീമേക്ക് ചെയ്ത് പീസ് ആക്കി കളഞ്ഞു എന്നായിരുന്നു രൂപേഷിന്റെ അഭിപ്രായം.

രക്ഷിത് ഷെട്ടിയോട് തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടെന്നും ഒരു നടനും സംവിധായകനും തിരക്കഥാകൃത്തുമെന്ന നിലയില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ഒരുപാട് ഇഷ്ടമാണെന്നും രൂപേഷ് ആദ്യ പോസ്റ്റില്‍ പറയുന്നു. താന്‍ കഷ്ടപ്പെട്ട സമയം തൊട്ടേ രക്ഷിതിനെ അറിയാം. താന്‍ വിസ്മയത്തോടെയാണ് രക്ഷിതിനെ നോക്കി കാണുന്നതെന്നും രൂപേഷ് കുറിക്കുന്നു.

”ഉളിദവരു കണ്ടതേ മികച്ചൊരു ചിത്രമാണ്. എന്നാല്‍, ഒരു മാസ്റ്റര്‍പീസ് എങ്ങനെ വെറും പീസായി മാറിയെന്ന് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല. സബാഷ് ഉളിദവരു കണ്ടതെ.” രൂപേഷ് പോസ്റ്റില്‍ പറയുന്നു.


പരാമര്‍ശം വൈറലായതോടെ, നിവിന്‍ ഫാന്‍സ് തെറിവിളികളുമായി രംഗത്തെത്തി. ആക്രമണത്തെ മറുപടികളിലൂടെ ചെറുക്കാന്‍ രൂപേഷ് ശ്രമിച്ചെങ്കിലും ഫാന്‍സുകാര്‍ പൊങ്കാല തുടരുകയായിരുന്നു. ഇംഗ്ലീഷ് അറിയില്ലേ, താന്‍ റിച്ചിയെ കുറ്റം പറഞ്ഞില്ലല്ലോ, മറ്റൊരു ചിത്രത്തെ പുകഴ്ത്തിയെന്നേയുള്ളൂ എന്നൊക്കെ മറുപടികള്‍ നല്‍കിയെങ്കിലും സംഭവം കൈവിട്ടു പോവുകയായിരുന്നു.

ഇതിനിടെ ഫാന്‍സുകാരുടെ തെറിവിളികളുടെ സ്‌ക്രീന്‍ഷോട്ടും രൂപേഷ് പുറത്തുവിട്ടു. നിവിന്‍ പോളിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടായിരുന്നു ആ പോസ്റ്റ്. ഇതിന് പിന്നാലെയാണ് ഖേദപ്രകടനവുമായി രൂപേഷ് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here