കുഞ്ഞിന് ഭര്‍ത്താവിന്റെ ഛായയില്ല; ഇടുക്കിയില്‍ അമ്മ 8 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കൊന്നു

കുഞ്ഞിന് ഭര്‍ത്താവിന്റെ നിറമോ ഛായയോ ഇല്ലെന്ന സംശയത്തെ ത്തുടര്‍ന്ന് അമ്മ കുഞ്ഞിനെ കൊലപ്പെടുത്തി. 8 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കഴുത്തില്‍ തുണി മുറുക്കി കൊന്ന സംഭവം നടന്നത് ഇടുക്കി കട്ടപ്പനയില്‍. കട്ടപ്പന സ്വദേശിനി സന്ധ്യയെ പോലീസ് അറസ്റ്റ് ചെയ്തു.

കട്ടപ്പന പുലിക്കാട്ട് കൂടി കണ്ടെത്തിങ്കര ബിനു – സന്ധ്യ ദമ്പതികളുടെ 8 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് .കുട്ടിയുടെ കഴുത്തില്‍ മുറിവും പാടുകളും കണ്ടതിനെത്തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിരുന്നു. അമ്മയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ നാട്ടുകാരും മരണത്തില്‍ സംശയം പ്രകടിപ്പിച്ചു.

ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി . ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് മാതാവ് സന്ധ്യ കുറ്റം സമ്മതിച്ചത്. തന്റെയോ ഭര്‍ത്താവിന്റെയോ നിറമല്ല കുഞ്ഞിന് എന്ന തോന്നലാണ് ഈ ക്രൂര കൃത്യത്തിന് സന്ധ്യയെ പ്രേരിപ്പിച്ചത് . കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് ഭര്‍ത്താവിന് സംശയമുണ്ടാകും എന്ന തോന്നലും കൃത്യത്തിന് പ്രേരകമായി .

എട്ടു ദിവസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സന്ധ്യ പ്രസവിച്ചത് . കുഞ്ഞിനെ പരിപാലിക്കാനോ മരണശേഷം മൃതദേഹം കാണാന്‍ പോലുമോ സന്ധ്യ തയ്യാറായിരുന്നില്ല. ഇതും സംശയത്തിന് ആക്കം കൂട്ടിയിരുന്നു. ഗര്‍ഭിണിയായ വിവരം സന്ധ്യ മറച്ചുവക്കാന്‍ ശ്രമിച്ചിരുന്നതായി സമീപവാസികള്‍ പോലീസിനോട് പറഞ്ഞു .

വയറ് വേദനയാണെന്നാണ് വീട്ടിലെത്തിയ ആശാ വര്‍ക്കര്‍മാരോട് സന്ധ്യ പറഞ്ഞിരുന്നത് .പ്രതിയെ കട്ടപ്പന മൂരിക്കാട്ട് കുടിയിലെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി.

കൊലപാതകത്തിന് ഉപയോഗിച്ച തുണിയും പോലീസ് കണ്ടെടുത്തു .പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ് . ഭര്‍ത്താവിന് കൊലപാതകവുമായി ബന്ധമില്ലന്നാണ് പോലീസിന്റെ നിഗമനം . മറ്റാരെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here