ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ്ങ് 68 ശതമാനം

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി. 89 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടന്ന് തിരഞ്ഞെടുപ്പില്‍ 68 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ബിജെപിക്കെതിരെ വോട്ട് മറിയുമെന്ന് കരുതിയിരുന്ന പട്ടിദാര്‍ സമുദായത്തിന്റെ സ്വാധിനമേഖലകളില്‍ വോട്ടിങ്ങ് മെഷീനുകള്‍ വ്യാപകമായി തകരാറിലാക്കിയെന്ന് പരാതി. വൈഫൈയും ബ്ലൂടൂത്തും ഘടിപ്പിക്കാന്‍ സാധിക്കുന്ന വോട്ടിങ്ങ് മെഷീന്‍ ഉപയോഗിച്ചുവെന്ന് കോണ്‍ഗ്രസ് ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചു.

കേന്ദ്ര രാഷ്ട്രിയത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിയ്ക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് ആദ്യ ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായി.രാവിലെ 9 മണിയ്ക്ക് മന്ദഗതിയില്‍ ആരംഭിച്ച വോട്ടെടുപ്പ് 12 മണിയ്ക്ക് ശേഷം ത്വരിതഗതിയിലായി.

2012ല്‍ 71 ശതമാനം പോളിങ്ങ് രേഖപ്പെടുത്തിയ 89 മണ്ഡലങ്ങളില്‍ ഇത്തവണയും സമാനമായ വോട്ടിങ്ങ് ശതമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോട്ടിങ്ങ് മെഷീനെക്കുറിച്ച് വ്യാപക പരാതിയുയര്‍ന്നു.പരാതിയെ തുടര്‍ന്ന് രണ്ട് ശതമാനത്തോളം വോട്ടിങ്ങ് മെഷീനുകളെങ്കിലും മാറ്റി വയ്ക്കേണ്ടി വന്നുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥീതീകരിച്ചു.

ഡയമണ്ട്,വസ്ത്ര വ്യാപാര കേന്ദ്രമായ സൂറത്ത് ജില്ലയിലെ 16 മണ്ഡലങ്ങളിലും വോട്ടിങ്ങ് മെഷീന്‍ തകരാറിലായി.ബിജെപിക്കെതിരെ വോട്ട് ചെയ്യുമെന്ന് പ്രഖ്യാപിച്ച പട്ടിദായര്‍ സമുദായത്തിന്റെ ശക്തി കേന്ദ്രങ്ങളാണിത്.

മുഖ്യമന്ത്രി വിജയ് രൂപാണിയടക്കം മത്സരിക്കുന്ന രാജകോട്ടിലെ വിവിധ മണ്ഡലങ്ങളെ കൂടാതെ അമറേലിയിലെ ബൂത്തുകളിലും സമാനമായ തകരാര്‍ ഉണ്ടായി. ഇതും ഹാര്‍ദിക് പട്ടേല്‍ അനുയായികളുടെ മണ്ഡലമാണ്.

ചില വോട്ടിങ്ങ് മെഷീനുകള്‍ ബ്ലൂടൂത്തുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന തെളിവുകള്‍ ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

എന്നാല്‍ കോണ്‍ഗ്രസ് ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി കളഞ്ഞു.പതിനാലാം തിയതിയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. പതിനെട്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here