സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം

സര്‍ക്കാര്‍ ആശുപത്രികള്‍ എങ്ങനെ നടത്തണമെന്ന് കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിനെ മാതൃകയാക്കി പഠിക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒക്ടോബറിലാണ് പ്രസ്താവിച്ചത്. കേരളത്തിനെതിരെ ഉയര്‍ത്തിക്കൊണ്ടുവരുന്ന വിദ്വേഷപ്രചാരണത്തിന്റെ ഒരുദാഹരണം മാത്രമാണ് ഈ പ്രസ്താവന.

ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നു എന്നര്‍ഥത്തില്‍ ‘കൊലക്കളം’, ലൗ ജിഹാദിന്റെ നാട്, ജിഹാദി ഭീകരതയുടെ മണ്ണ്… എന്നിങ്ങനെയുള്ള പട്ടങ്ങളാണ് സംഘപരിവാര്‍ കേരളത്തിന് ചാര്‍ത്തിനല്‍കുന്നത്.

ഇതെന്തുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്? ആര്‍എസ്എസിനെ സംബന്ധിച്ച് ഹിന്ദുരാഷ്ട്ര പദ്ധതിയുടെ അവസാന കടമ്പയാണ് അവര്‍ക്ക് കേരളം. മുസ്‌ളിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ചൂണ്ടിക്കാട്ടിക്കൊണ്ട് ആര്‍എസ്എസ് സൈദ്ധാന്തികന്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത്, ഇന്ത്യക്ക് ആഭ്യന്തരഭീഷണിയാണ് ഏറ്റവുമധികം നേരിടാനുള്ളത്, പുറമെനിന്നുള്ളതല്ല എന്നായിരുന്നു.

‘ഇന്ത്യന്‍മണ്ണില്‍ ഹിന്ദുക്കളാണ് ഉടമകള്‍. പാഴ്‌സികളും ജൂതന്മാരും വന്നുകയറിയവരാണ്. മുസ്‌ളിങ്ങളും ക്രിസ്ത്യാനികളും കൊള്ളക്കാരാണ്’ എന്നായിരുന്നു ഗോള്‍വാള്‍ക്കറിന്റെ പക്ഷം. അവസാനം പറഞ്ഞ മൂന്നു ജനവിഭാഗങ്ങളും ഏറെ അധിവസിക്കുന്ന സംസ്ഥാനമാണ് കേരളം.

രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സംഘടിതമായി നടക്കുന്ന പ്രചാരണത്തിന്റെ യഥാര്‍ഥചിത്രം എന്തെന്ന് പരിശോധിക്കാം. 2000ത്തിനും 2016നുമിടയില്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ കേന്ദ്രഭൂമിയെന്ന് വിശേഷിപ്പിക്കുന്ന കണ്ണൂര്‍ ജില്ലയില്‍മാത്രം 69 രാഷ്ട്രീയ കൊലപാതകം നടന്നു. ആര്‍എസ്എസ് സിപിഐ എം രാഷ്ട്രീയസംഘര്‍ഷങ്ങളാണ് കൊലക്കളമൊരുക്കിയത്. ഇതില്‍ 30 സിപിഐ എം പ്രവര്‍ത്തകരും 31 ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുമാണ് കൊല്ലപ്പെട്ടത്.

201617ലാകട്ടെ 50 സിപിഐ എമ്മുകാരും 45 ബിജെപി ആര്‍എസ്എസുകാരും കൊല്ലപ്പെട്ടു. കേരളത്തിലെ തെരഞ്ഞെടുപ്പുചിത്രത്തില്‍ അപ്രസക്തരായ, ഇരകളെന്ന് വിളിക്കുന്ന ആര്‍എസ്എസ് ബിജെപിക്ക് എങ്ങനെയാണ് സംസ്ഥാനത്തെ ശക്തരായ രാഷ്ട്രീയവിഭാഗവും സ്ഥിരമായി അധികാരം കൈയാളുകയും ചെയ്യുന്ന ‘വേട്ടക്കാര്‍ക്കൊപ്പം’ മത്സരിക്കാന്‍ കഴിയുന്നത് എന്ന ചോദ്യംമാത്രം അവര്‍ ഉയര്‍ത്തുന്നില്ല. വ്യക്തികളെ തെരഞ്ഞുപിടിച്ച് കൊല്ലുന്നതില്‍ ഇരുവിഭാഗത്തിലും ‘കുറ്റം’ ആരോപിക്കാം.

എന്നാലിതിനെ ‘അരാജകത്വമായി’ ചിത്രീകരിച്ച് രാഷ്ട്രപതിഭരണം ആവശ്യപ്പെടുന്നതിന്റെ യുക്തിയെന്താണ്? ഹരിയാനയില്‍ മൂന്നുവര്‍ഷത്തെ ബിജെപി ഭരണത്തിനിടയില്‍ മൂന്ന് വര്‍ഗീയകലാപങ്ങള്‍ ഉണ്ടാവുകയും അതില്‍ 70 പേരിലധികം കൊല്ലപ്പെടുകയും ചെയ്തിട്ടും സമാനമായ ആവശ്യം (രാഷ്ട്രപതിഭരണം) ഉയരുന്നുമില്ല.

തെറ്റായ പ്രചാരണങ്ങളുടെ മറ്റൊരു രീതി ബീഫ് കൈവശം വച്ചവര്‍ക്കെതിരായ ആള്‍ക്കൂട്ടശിക്ഷകളും ഒപ്പം ന്യൂനപക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കുമെതിരായ ആക്രമണങ്ങളും ആര്‍എസ്എസ് ബിജെപിക്കെതിരായ ആക്രമണങ്ങളും ഹിന്ദുവിരുദ്ധത ആരോപിച്ചുള്ള ആക്രമണങ്ങളുടെ പട്ടികയില്‍പ്പെടുത്തി തുലനം ചെയ്യുന്നതാണ്.

എല്ലാ കൊലപാതകങ്ങളും അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്. എന്നാല്‍, ജാതിയുടെയും മതത്തിന്റെയുംപേരില്‍ സാധാരണക്കാരായ നിരപരാധികള്‍ ലക്ഷ്യംവയ്ക്കപ്പെടുമ്പോള്‍അത് രണ്ട് വിഭാഗം പ്രവര്‍ത്തകരുടെ ആശയസംഘട്ടനങ്ങളുടെ വീതമായി അളന്നുവയ്ക്കുന്നത് അംഗീകരിക്കാനാകില്ല.

ഹിന്ദുദേശീയതയ്ക്കുവേണ്ടിയുള്ള മുഖ്യ പോര് സാംസ്‌കാരികമേഖലയിലാണ് നടക്കുന്നത്. അതുകൊണ്ടാണ് മലയാളികളുടെ സംസ്‌കാരികമേഖലകളില്‍ അതിക്രമിച്ചുകടക്കാനുള്ള നീക്കം നടക്കുന്നത്. അതിന്റെ ഭാഗമാണ് ഓണം, ബീഫ് കഴിക്കുന്ന ശീലം എന്നിവയെച്ചൊല്ലിയുള്ള ആക്രോശങ്ങള്‍ ഉയരുന്നത്.

കേരളീയരില്‍ ഭൂരിപക്ഷവും ബീഫ് ഭക്ഷിക്കുന്നവരാണെന്നുമാത്രമല്ല, ഹിന്ദുക്കളിലെ വരേണ്യവര്‍ഗംപോലും ബീഫ് കഴിക്കുന്നവരായിട്ടുള്ളത് കേരളത്തില്‍മാത്രമാണ്. അതുപോലെ വിഷ്ണുവിന്റെ അവതാരമായ വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയ അസുരരാജാവ് മഹാബലിയുടെ മടങ്ങിവരവിനെ ആഘോഷമാക്കുന്ന ഓണം ബ്രാഹ്മണവല്‍കൃത ഹിന്ദുത്വത്തിന് ചതുര്‍ഥിയാണ്.

ബ്രാഹ്മണനായ വാമനനെ പ്രകീര്‍ത്തിക്കാനായി ഓണത്തെ വാമനജയന്തിയാക്കുന്നതും ഈ രാഷ്ട്രീയസാഹചര്യത്തിലാണ്. അതിനാലാണ് ഓണനാളില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ കേരളജനതയ്ക്ക് ‘വാമനജയന്തി’ ആശംസകള്‍ നേര്‍ന്നത്.

ഹിന്ദുക്കളുടേതായ ഒരു ആഘോഷം എല്ലാ മതവിഭാഗങ്ങളും ഒരുപോലെ ആഘോഷിക്കുന്നത് ഇന്ത്യയില്‍തന്നെ വിരളമാണ്. അത്തരത്തില്‍ ഓണമൊരു മതേതര ആഘോഷമാണ്. വെറും ഹിന്ദു ആഘോഷമല്ല. ഇത് വീണ്ടും അവരിലെ ഹിന്ദുത്വസങ്കല്‍പ്പത്തെ അസ്വസ്ഥമാക്കുന്നു. തീര്‍ച്ചയായും ഓണമെന്ന മിത്ത് ബ്രാഹ്മണേതരമായ ഭൂതത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

എന്നാല്‍, വര്‍ത്തമാനകേരളത്തില്‍ അത് വെജിറ്റേറിയനിസംപോലുള്ള സവര്‍ണബിംബങ്ങളിലേക്ക് വഴിമാറുന്നതിന്റെ സൂചനകള്‍ പ്രകടമാണ്. എന്നാല്‍ നേര്‍വിപരീതമായ, സസ്യേതരമായ ഓണവും ദളിതരും മറ്റും കൊണ്ടാടുകയും ചെയ്യുന്നു. ഓണത്തിന്റെ ബഹുസ്വരത ഏറിയും കുറഞ്ഞും നിലനില്‍ക്കുന്നുവെന്നര്‍ഥം.

സംഘപരിവാറിനെ അസ്വസ്ഥമാക്കുന്ന മറ്റൊരു കാര്യം കേരളത്തിന്റെ വികസനമാണ്. ഇവിടെ ‘ഹിന്ദുത്വവാദം’ ദുര്‍ബലമായിപ്പോകുന്നു. അതാണ് ആദിത്യനാഥിന്റെ വളച്ചൊടിക്കല്‍ പ്രസ്താവനയ്ക്കുപിന്നിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡി അങ്ങേയറ്റം മോശമായ പരാമര്‍ശമാണ് കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തി പറഞ്ഞത്.

ജാതീയമായ സമത്വവിഷയത്തിലും മറ്റും കേരളം സാങ്കല്‍പ്പികമായ ആദര്‍ശഭൂമികയൊന്നുമല്ല. എന്നാല്‍, മാനവവികസനത്തിന് ഉന്നതസ്ഥാനമുള്ള സംസ്ഥാനമാണ്. പാശ്ചാത്യ സാമ്രാജ്യത്വം ദരിദ്രമാക്കിയ സൊമാലിയ മാനവവികസനസൂചികയില്‍ ഏറെ താഴെയാണ്.

മാനവവികസനശേഷി റാങ്കിങ്ങില്‍ ഏറ്റവും അടിയില്‍ കിടക്കുന്ന സംസ്ഥാനം ഗുജറാത്തായിരുന്നിട്ടുപോലും കേരളത്തിനെതിരായി മോഡിസര്‍ക്കാര്‍ ഗുജറാത്ത് സര്‍ക്കാരിനെ വികസനമാതൃകയായി പെരുപ്പിച്ചുകാട്ടുകയാണ്. മോഡി ഇടിച്ചുതാഴ്ത്താന്‍ ശ്രമിക്കുന്ന ഈ കേരളമാണ് ആദ്യ സമ്പൂര്‍ണ ബാങ്കിങ് കൈവരിച്ചത്. സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി ഉയര്‍ന്നുവന്നത്.

ഒപ്പം സമ്പൂര്‍ണ പ്രാഥമികവിദ്യാഭ്യാസം, എല്ലാ വീടുകളിലും സമ്പൂര്‍ണ വൈദ്യുതി, വെളിയിട വിസര്‍ജനരഹിതമായ രാജ്യത്തെ മൂന്നാമത്തെ സംസ്ഥാനം എന്നിങ്ങനെ നേട്ടങ്ങള്‍ കൈവരിച്ചത്. എല്ലാംമോഡിയുടെ പ്രിയപ്രോജക്ടുകളായിരുന്നു എന്നതാണ് ഏറെ ശ്രദ്ധേയം.

മറുപടി പറയാന്‍പോലും സാധിക്കാനാകാത്തവിധം ഹിന്ദുത്വവാദികള്‍ക്ക് അവരുടെ നീതീകരണം അങ്ങനെ നഷ്ടപ്പെടുന്നു
കാനഡയിലെ ഡല്‍ഹൗസി സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് മേധാവി നിസിം മണ്ണാത്തുക്കാരന്‍ എഴുതിയത്. (കടപ്പാട്: ദ ഹിന്ദു)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News