കേരളാ പോലീസിന് ആദ്യം പഴിയും പിന്നീട് പ്രശംസയും നേടിക്കൊടുത്ത കേസ്; വഴിത്തിരിവുണ്ടായത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം

കേരളാ പോലീസിന് ആദ്യം പഴിയും പിന്നീട് പ്രശംസയും നേടിക്കൊടുത്ത കേസാണ് പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയുടെ അരും കൊലയും അന്വേഷണവും. യുഡിഎഫ് ഭരണകാലത്ത് അന്വേഷണം അട്ടിമറിക്കപ്പെട്ടത് മൂലം പോലീസിന് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്നു.

എന്നാല്‍ ഭരണമാറ്റത്തോടെ പുതിയ അന്വേഷണ സംഘം എത്തുകയും , സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കുകയും ചെയ്തു . . മകളെ നഷ്ടടപ്പെട്ട അമ്മ രാജേശ്വരിക്ക് പുതിയ വീട് നിര്‍മ്മിച്ച് നല്‍കിയതും ,സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലി നല്‍കിയതും പിണറായി സര്‍ക്കാരാണ്.

ഏറെ ലാഘവത്തോടെയായിരുന്നു യുഡിഎഫ് ഭരണകാലത്തെ ആദ്യ അന്വേഷണ സംഘം കേസ് കൈകാര്യം ചെയ്തത്. കൊലപാതകത്തിന്റെ ഭീകരത പോലീസ് തുടക്കത്തില്‍ മറച്ചുവച്ചു.
പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് ഉടന്‍ മൃതദേഹം ദഹിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിച്ചതും, വിവാദമായി.

കൊലപാതകം നടന്ന വീടടക്കം ബന്തവസ്സാക്കാതിരുന്നതും പോലീസിന്റെ വീഴ്ചയായി. അങ്ങനെ പിടിപ്പുകേടും കാലതാമസവും ചേര്‍ന്നതോടെ പ്രതികള്‍ കാണാമറയത്തായി.

ജനകീയ പ്രക്ഷോഭം ശക്തമായപ്പോള്‍ പ്രതിയെ തേടി പൊലീസ് പരക്കം പാഞ്ഞു . പ്രതികളെന്ന വ്യാജേന പോലീസുകാരെ തന്നെ മുഖം മറച്ച് മാധ്യമങ്ങള്‍ക്കുമുന്നില്‍ ഹാജരാക്കുന്ന നാണക്കേടിനും കേരളം സാക്ഷ്യം വഹിച്ചു. പല്ലിന് വിടവുള്ള പ്രതിയെ കണ്ടെത്താന്‍ നാട്ടുകാരെക്കൊണ്ട് പച്ചമാങ്ങ കടിപ്പിച്ചും പോലീസ് പരിഹാസ്യരായി.

അന്വേഷണം ഒരിടത്തും എത്താതെ അനിശ്ചിതത്വത്തിലായിരിക്കെയാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നതും ഭരണമാറ്റം ഉണ്ടായതും. തുടര്‍ന്ന് അധികാരമേറ്റ പിണറായി സര്‍ക്കാരിന്റെ ആദ്യ പരിഗണന ജിഷ കേസിനായിരുന്നു .

കേസ് അന്വേഷിക്കാന്‍ പുതിയ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ളതായിരുന്നു പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിന്റെ ആദ്യ തീരുമാനം . ഇടതു സര്‍ക്കാര്‍ വാഗ്ദാനം പാലിച്ച് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണസംഘത്തെ നിയോഗിച്ചു.

പഴുതടച്ചതും കാര്യക്ഷമവുമായ അന്വേഷണമാണ് പിന്നീട് കണ്ടത്. ആദ്യ സംഘത്തിന്റെ വീഴ്ചകള്‍ അതിവേഗം മറികടക്കാനും പ്രതിയെ വലയിലാക്കാനും പുതിയ സംഘത്തിന് കഴിഞ്ഞു

ആസം സ്വദേശി അമീറുള്‍ ഇസ്ലാമിനെ, അധികാരമേറ്റ് ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്യാനായത് ഇടതുസര്‍ക്കാരിന്റെ തൊപ്പിയിലെ പൊന്‍തൂവലായി. മകളെ നഷ്ടപ്പെട്ട അമ്മ രാജേശ്വരിക്ക് സ്വന്തമായി വീടും , സഹോദരി ദീപക്ക് സര്‍ക്കാര്‍ ജോലിയും, എന്ന വാഗ്ദാനം ഇടതുസര്‍ക്കാര്‍ പാലിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News