ജിഷാക്കേസ്: നിര്‍ണായകമായത് പീപ്പിള്‍ ടിവിയുടെ ഇടപെടല്‍; കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത് പീപ്പിളിലൂടെ

ദിനപ്പത്രത്തിന്റെ ചരമക്കോളത്തില്‍ ഒതുങ്ങുമായിരുന്ന ഒരു കൊലപാതകം ജനശ്രദ്ധയില്‍ കൊണ്ടു വന്നതും, നാടാകെ കത്തിപ്പടരുന്ന പ്രതിഷേധക്കാറ്റായി മാറിയതും പീപ്പിള്‍ ടിവി യുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു.

കൊലപാതകത്തിന്റെ ഭീകരത പുറംലോകമറിഞ്ഞത് സംഭവം നടന്ന മൂന്നാം നാള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ട വാര്‍ത്തയിലൂടെയായിരുന്നു.

ഒരു ജനകീയ മാധ്യമത്തിന്റെ സാമൂഹ്യപ്രതിബദ്ധത എങ്ങനെയാവണമെന്ന് പീപ്പിള്‍ ടിവി ഒരിക്കല്‍കൂടി തെളിയിച്ച സംഭവമാണ് ജിഷാ വധക്കേസ് .

കൊലപാതകത്തിന്റെ തൊട്ടടുത്ത ദിവസം ദിനപത്രങ്ങളുടെ പ്രാദേശിക പേജില്‍ ഒറ്റക്കോളം വാര്‍ത്ത മാത്രമായിരുന്നു അത് .

രാത്രി തന്നെ മൃതദേഹം സംസ്‌കരിച്ചതോടെ തുടര്‍ വാര്‍ത്തകളും ഇല്ലാതായി. എന്നാല്‍ മൂന്നാം ദിനം, ജിഷയുടെ സഹപാഠിയായ ഒരു നിയമ വിദ്യാര്‍ഥിനിയുടെ ഫോണ്‍കോള്‍ ആയിരുന്നു കാര്യങ്ങളുടെ ദിശ മാറ്റിയത്.

ഡല്‍ഹിയിലെ നിര്‍ഭയ പെണ്‍കുട്ടിയുടെ കൊലപാതകത്തേക്കാള്‍ ഭീകരമായ മരണമാണ് തങ്ങളുടെ സഹപാഠിക്ക് നേരിടേണ്ടി വന്നത് എന്ന വിവരമായിരുന്നു അവര്‍ കൈമാറിയത് .

പോലീസ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും അന്വേഷിക്കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. വൈകാതെ കുറുപ്പുംപടി പോലീസ് സ്റ്റേഷനില്‍ എത്തി മുതദേഹത്തിന്റെ ദേഹ പരിശോധനാ റിപ്പോര്‍ട്ട് ഞങ്ങള്‍ ശേഖരിച്ചു. ഞെട്ടിക്കുന്നതായിരുന്നു ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍

വൈകാതെ പീപ്പിളില്‍ ആദ്യ ബ്രേക്കിങ് തെളിഞ്ഞു. മണിക്കൂറുകള്‍ക്കകം സിപിഐഎം ജില്ലാ സെക്രട്ടറിയും മുന്‍ എം പിയുമായ പി രാജീവ് സ്ഥലത്തെത്തി, വിഷയം ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.

പിറ്റേന്ന് തന്നെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.

അന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും ഇന്നത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ പെരുമ്പാവൂരില്‍ എത്തി എല്‍ഡിഎഫിന്റെ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത ജനകീയ പ്രക്ഷോഭത്തിന്റെ തുടക്കമായിരുന്നു അത്.

ജിഷയ്ക്ക് നീതിതേടി പീപ്പിള്‍ ടിവി പ്രത്യേക കാമ്പയിന്‍ തുടങ്ങി . രാപ്പകല്‍ ഭേദമില്ലാതെ ദിവസങ്ങളോളം പീപ്പിള്‍ ടിവി വാര്‍ത്താസംഘം ഉണര്‍ന്നിരുന്നു.

പ്രധാന നഗരങ്ങളില്‍ കൈരളി ടിവി യുടെ നേതൃത്വത്തില്‍ സാംസ്‌കാരിക നായകരെയും ജനനേതാക്കളെയും പങ്കെടുപ്പിച്ച് ജനകീയ സദസ്സ് സംഘടിപ്പിച്ചു.

തുടര്‍ന്ന് മാസങ്ങളോളം ചാനലുകളുടെയും പത്രങ്ങളുടെയും പ്രധാന തലക്കെട്ട് ജിഷാ കേസ് ആയിരുന്നു . പ്രതിയെ പിടികൂടുന്നത് ഈ മാധ്യമ ജാഗ്രത പീപ്പിള്‍ വാര്‍ത്താസംഘം പുലര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News