തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ സാമ്പത്തിക ക്രമക്കേട് തടയാന്‍ സ്പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും അഴിമതിയും സാമ്പത്തിക ക്രമക്കേടും തടയാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് രൂപീകരിക്കുന്നു.

ദേവസ്വങ്ങളില്‍ ജോലി നോക്കിയിട്ടുള്ള, ശിക്ഷണ നടപടികള്‍ക്ക് വിധേയരാകാത്ത, കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരെയാണ് സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുക. അസിസ്റ്റന്റ് ദേവസ്വം കമീഷണര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനടക്കം മൂന്നുപേര്‍ അടങ്ങുന്നതാണ് സ്‌ക്വാഡ്.

ദേവസ്വങ്ങളില്‍ ജോലി നോക്കിയിട്ടുള്ളതും ശിക്ഷണ നടപടികള്‍ക്ക് വിധേയരാകാത്തതും കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്തവരുമായ 3 പേരെ ഉള്‍പ്പെടുത്തിയാണ് അഴിമതിയെ നേരിടാന്‍ സ്‌ക്വാഡ് രൂപീകരിക്കുന്നത്.

വിജിലന്‍സ് ക്ലിയറന്‍സ് നടത്തിയശേഷമായിരിക്കും ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുക. ഇതിനായി ദേവസ്വം കമീഷണറെ ചുമതലപ്പെടുത്തി. ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ മോഷണവും സാമ്പത്തികാപഹരണവും ക്രമക്കേടും വ്യാപകമായ സാഹചര്യത്തിലാണ് ഈ തീരുമാനം.

രസീതെഴുതാതെ വഴിപാടുകള്‍ നടത്തുക, വിവാഹനിരക്ക് മാത്രം രേഖപ്പെടുത്തി സദ്യാലയങ്ങള്‍ അനധികൃതമായി വിട്ടുകൊടുക്കുക, കാണിക്കവഞ്ചികളിലെ കണക്കുകളില്‍ കൃത്രിമം തുടങ്ങിയ സംഭവങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും കുറ്റക്കാരെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയവരെ പോലും സംരക്ഷിക്കുന്ന നിലപാടാണ് കഴിഞ്ഞ ബോര്‍ഡ് കൈക്കൊണ്ടത്.

ദേവസ്വം ബോര്‍ഡിന്റെ സാമ്പത്തിക ഭദ്രതയും വിശ്വാസ്യതയും വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നിലവിലെ ദേവസ്വം ബോര്‍ഡ് ഭരണസമിതി പുതിയ മാറ്റത്തിന് തുടക്കമിട്ടത്.

മിന്നല്‍പരിശോധനയടക്കം മാസാമാസം നടത്തുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് പ്രസിഡന്റിന് നേരിട്ട് സമര്‍പ്പിക്കണം. രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തുന്ന വിവരങ്ങള്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് വിജിലന്‍സിന് കൈമാറും.

ക്ഷേത്രങ്ങളിലെയും ഓഫീസുകളിലെയും ഹാജര്‍നില, രജിസ്റ്ററുകള്‍ യഥാസമയം സൂക്ഷിക്കുന്നുണ്ടോ, രസീത്, വഴിപാട് തുക എന്നിവ യഥാസമയം അടക്കുന്നുണ്ടോ, ബാങ്ക് ഇടപാടുകള്‍ സുതാര്യമാണോ തുടങ്ങി 13 കാര്യങ്ങളാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News