വാട്‌സനും ഗെയിലിനും പിന്നാലെ സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് ബെന്‍സ്റ്റോക്‌സ്

കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ് ഗെയിലും ഷെയിന്‍ വാട്‌സണും തീര്‍ത്ത സിക്‌സര്‍ വെടിക്കെട്ടുകളായിരുന്നു വാര്‍ത്തയെങ്കില്‍ ഇപ്പോള്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ഇന്നിംഗ്‌സാണ് ചര്‍ച്ച.

ന്യൂസിലന്‍ഡിലെ മക്‌ഡൊണാള്‍ഡ് സൂപ്പര്‍ സ്മാഷ് ടി20 സീരീസിലാണ് തകര്‍പ്പന്‍ ബാറ്റിംഗുമായി ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ കളം നിറഞ്ഞത്. കാന്റര്‍ബറിയുടെ താരമായ സ്റ്റോക്ക്‌സ്, ഒട്ടാഗോ ബൗളര്‍മാരെ നിലം തൊടീച്ചില്ല.

നാലാമനായി ബാറ്റിംഗിനിറങ്ങിയ സ്റ്റോക്ക്‌സ് 47 പന്തുകളില്‍ നിന്ന് ആറു ഫോറുകളും ഏഴ് സിക്‌സറുകളുമടക്കം 93 റണ്‍സാണ് അടിച്ചു കൂട്ടിയത്. കാന്റര്‍ബറി ടീം 20 ഓവറില്‍ 217 റണ്‍സ് നേടിയപ്പോള്‍ ഒട്ടാഗോയുടെ മറുപടി 83 റണ്‍സിലൊതുങ്ങി. മത്സരത്തില്‍ 134 റണ്‍സിന്റെ ജയം.

നേരത്തെ ക്രിസ് ഗെയില്‍ ഒരിക്കല്‍കൂടി വിശ്വരൂപം പുറത്തെടുത്തപ്പോള്‍ ബംഗ്ലാദേശ് പ്രീമയര്‍ ലീഗിലെ കീരീടം റാങ്പൂര്‍ റൈഡേഴ്സിന് സ്വന്തമാക്കിയിരുന്നു. ഗെയ്‌ലിന്റെ സെഞ്ച്വറി മികവില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിങിനിറങ്ങിയ ധാക്ക ഡൈനാമിറ്റെസിന് നിശ്ചിത ഓഴവില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

69 പന്തില്‍ അഞ്ചു ഫോറിന്റെയും 18 സിക്‌സിന്റെയും അകമ്പടിയോടെ പുറത്താകാതെ 146 റണ്‍സാണ് ഗെയില്‍ അടിച്ചുകൂട്ടിയത്. ടി20യില്‍ ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന കളിക്കാരന്‍, ടി20യില്‍ പതിനൊന്നായിരം റണ്‍സ് കടക്കുന്ന ആദ്യ താരം, ടി20യില്‍ 20 സെഞ്ച്വറിനേടുന്ന ആദ്യതാരം എന്നീ റെക്കോര്‍ഡുകള്‍ ഗെയ്ല്‍ കൊടുങ്കാറ്റിനു മുന്നില്‍ വഴിമാറി.

കഴിഞ്ഞ ദിവസം വാട്‌സന്‍ 16 സിക്‌സറുകളുമായി റെക്കോര്‍ഡ് പ്രകടനം പുറത്തെടുത്തിരുന്നു. അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും വാട്‌സന്റെ പ്രതിഭയ്ക്ക് പോറലേറ്റിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മത്സരം.

ബിഗ്ബാഷ് ലീഗിന് മുന്നോടിയായി നടന്ന സിഡ്‌നി പ്രീമിയര്‍ ക്രിക്കറ്റ് മത്സരത്തിലാണ് വാട്‌സന്‍ അടിച്ചുതകര്‍ത്തു. 16 സിക്‌സറുകളുമായി 53 പന്തില്‍ 114 റണ്‍സ് നേടി പുറത്താകാതെ നിന്ന വാട്‌സന്‍ അത്ഭുതബാറ്റിംഗാണ് പുറത്തെടുത്തത്. വാട്‌സന്റെ മികവില്‍ 16ാം ഓവറില്‍ ടീം വിജയം കാണുകയും ചെയ്തു.

2011ല്‍ ആസ്‌ട്രേലിയക്ക് വേണ്ടി ബംഗ്ലാദേശിനെതിരെ അടിച്ചുകൂട്ടിയ 15 സിക്‌സറുകളുടെ തന്റെ തന്നെ റെക്കോര്‍ഡും വാട്‌സണ്‍ പുതുക്കി. സതര്‍ലാന്‍ഡിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും വാട്‌സണ്‍ സ്വന്തമാക്കി.

ബിഗ്ബാഷ് തുടങ്ങാനിരിക്കെ സിഡ്‌നി ടീമിന്റെ നായകന്‍ കൂടിയായ വാട്‌സന്‍ മികവിലേക്കുയര്‍ന്നത് ടീമിന് ആശ്വാസം പകരുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News