ഇളയരാജയുടെ സംഗീത കച്ചേരിക്ക് യേശുദാസ് ‘ഗഞ്ചിറ’ വായിക്കുന്നു

ശബരിമലയിൽ ഇളയരാജയുടെ സംഗീത കച്ചേരിക്ക് യേശുദാസിന്‍റെ ‘ഗഞ്ചിര’, ‘മാവേലിക്കര കൃഷ്ണൻകുട്ടിയുടെ മൃദംഗം, ഉഡുപ്പി ശ്രീധറിന്‍റെ ‘ഘടം’. 1984-ല്‍ അരങ്ങേറിയ ഒരു സംഗീത കച്ചേരിയുടെ ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമാണിത്. ഇനിയൊരിക്കലും രണ്ടാമതൊന്ന് നമുക്ക് ആഗ്രഹിക്കാനാവാത്ത ചരിത്രം.

പ്രശസ്ത സ്റ്റില്‍ ഫോട്ടോഗ്രഫറായിരുന്ന ആർ. ഗോപാലകൃഷ്ണനാണ് മുപ്പത്തിമൂന്ന് വര്‍ഷം മുമ്പുള്ള ആ ചിത്രം ഫേസ് ബുക്കിലൂടെ പുറത്ത് വിട്ടത്. ഫേസ് ബുക്കില്‍ അദ്ദേഹം ആ ചരിത്രം ഇങ്ങനെ കുറിക്കുന്നു :

“അതിശയമായിരിക്കുന്നു….. സ്ഥിരമായി ശബരിമലയിൽ പോകുന്ന വ്യക്തിയാണ് ഈ ഫൊട്ടോഗ്രാഫർ. പതിവുപോലെ മലയിൽ എത്തിയ ഫോട്ടോഗ്രാഫർ ദേവസ്വം ബോര്‍ഡ് നടത്തിയ ഒരു അനൌൺസ്മെന്റ് കേൾക്കുവാനിടയായി.

അതായത് അന്ന് ദീപാരാധനക്ക് ശേഷം തമിഴ് സംഗീത സംവിധായകനായ ഇളയരാജയുടെ ഭക്തി ഗാനമേള ഉണ്ടായിരിക്കുന്നതാണ് എന്ന്. ഈ ഫോട്ടോഗ്രാഫറാകട്ടെ ഇളയരാജയെ കണ്ടിട്ടുമില്ല. അതുകൊണ്ട് സന്ധ്യയ്ക്ക് വരെ കാത്തിരുന്നു.

കൈയ്യിലാണെങ്കിൽ വിരലിലെണ്ണാവുന്ന ഫ്രെയിമുകളേയുള്ളു. ഇന്നത്തെപ്പോലെ ഹൈ സ്പീഡ് ഫിലിമൊന്നും കിട്ടാനില്ലാത്ത കാലം. കച്ചേരിയ്ക്കാകട്ടെ വളരെ കുറച്ച് വെളിച്ചമേയുള്ളു.

ശ്വാസം പിടിച്ച് ഒന്നു രണ്ട് ചിത്രങ്ങളെടുത്തു. അപ്പോഴാണ് പിറകിലിരിക്കുന്ന വ്യക്തിയെ കണ്ടത്. കൈയ്യിൽ ഗഞ്ചിറയുമായി സാക്ഷാൽ യേശുദാസ്. രാവിലെ കേട്ട അനൌൺസ്മെന്റിൽ യേശുദാസിന്റെ പേര് പറഞ്ഞതുമില്ല.

പിന്നീടൊന്നും ആലോചിച്ചില്ല. ബാക്കി ഫ്രെയിം മുഴുവനും ആ കച്ചേരി തന്നെ expose ചെയ്തു. ആത്മ നിർവൃതിയിൽ ആ ഫോട്ടോഗ്രാഫർ മലയിറങ്ങി. കാരണം മറ്റാര്‍ക്കും ലഭിക്കാത്ത അസുലഭമായൊരു ചിത്രം ക്യാമറയിൽ പകർത്താൻ സാധിച്ചില്ലേ?

ഇനിയൊരിക്കലും ശബരിമലയിൽ ഈ സംഗമം നടക്കുമെന്ന് തോന്നുന്നില്ല. ഈ രംഗം ഇനി ക്യാമറയിൽ പകർത്താൻ ആർക്കെങ്കിലും കഴിയുമെന്നും തോന്നുന്നുമില്ല. അങ്ങിനെ ഇന്ത്യൻ സിനിമാ സംഗീത രംഗത്തെ രണ്ട് പ്രതിഭകളുടെ ഈ അപൂര്‍വ സംഗമം ക്യാമറയിൽ പകർത്താൻ ഭാഗ്യം ലഭിച്ച ലോകത്തിലെ ഏക വ്യക്തിയുടെ പേരാണ് ആര്‍ ഗോപാലകൃഷ്ണന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News