കോടിയേരിയെ അധിക്ഷേപിച്ച വിടി ബലറാമിന് ഷിജുഖാന്‍റെ മറുപടി

കോടിയേരി ബാലകൃഷ്ണനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച വിടി ബലറാം എം എല്‍ എയ്ക്ക് മറുപടിയുമായി എസ് എഫ് ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ഷിജുഖാന്‍ പത്താംകല്ല് രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മറുപടി.

ഷിജൂഖാന്‍റെ കുറിപ്പ് പൂര്‍ണരൂപത്തില്‍

പ്രിയ സുഹൃത്ത് VT Balram,
ഇന്നലെ വൈകിട്ട് കനകക്കുന്ന്
ചലച്ചിത്രോത്സവ നഗരിയിലാണ് ഒടുവിൽ നമ്മൾ കണ്ടുമുട്ടിയത്. ഒരാഴ്ച നീണ്ടു നിൽക്കുന്ന ചലച്ചിത്രോത്സവം പ്രേക്ഷകരിൽ പകരുന്നത് സിനിമാനുഭവം മാത്രമല്ല -ഉന്നതമായ മാനുഷിക ബോധവും മനുഷ്യത്വത്തിന്റെ സാർവ്വദേശീയ സന്ദേശവുമാണ്. എത്രയോ രാജ്യങ്ങളിലെ വൈവിധ്യപൂർണ്ണമായ പ്രമേയങ്ങൾ, പ്രതിഭാശാലികളായ കലാകാരന്മാർ, സാങ്കേതികവിദ്യ ഒത്തുചേരുന്ന അതിരുകളില്ലാത്ത ലോകം.കലാപങ്ങളുടെയും യുദ്ധങ്ങളുടെയും വംശീയ സംഘർഷങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നടുവിൽ പകച്ചു നിൽക്കുന്ന മനുഷ്യരെ നാം തൊട്ടറിയുന്നത് – അവരോട് ഐക്യദാർഢ്യപ്പെടുന്നതിന്റെ വേദികളാണ് ചലച്ചിത്രോത്സവം. കപടസദാചാരത്തെ തുടച്ചെറിയുന്ന ,സ്വാതന്ത്ര്യബോധത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും മഹാകാശങ്ങൾ പണിയുന്ന, തീവ്രദേശീയതയ്ക്കും ഫാസിസത്തിനുമെതിരെ മുഷ്ടി ചുരുട്ടുന്ന പ്രബുദ്ധരായ ഒരു പ്രേക്ഷക സമൂഹത്തിനിടിയിലാണ് നാം ഇന്നലെ വീണ്ടും കണ്ടുമുട്ടിയത്.തീർച്ചയായും ഒരാഴ്ചകൊണ്ട് നമ്മുടെ ഭാവുകത്വത്തെ നവീകരിക്കാനും രാഷ്ട്രീയ ബോധ്യങ്ങളെ സ്വാധീനിക്കാൻ തന്നെയും ചലച്ചിത്രങ്ങൾക്ക് കഴിവുണ്ട്. നാം കണ്ട് പിരിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോൾ താങ്കളുടെ Fb യിൽ താങ്കൾ പോസ്റ്റു ചെയ്ത വാചകങ്ങൾ എന്നെ ഞെട്ടിച്ചു. നീണ്ട പോസ്റ്റിനിടയിൽ
‘ബഹുമാനപ്പെട്ട കോടിയേരി ബാലകൃഷ്ണൻ ഒന്നോർക്കണം ,സ്വന്തം അലവലാതി മക്കളെ പ്രവാസി പ്രാഞ്ചി കമ്പനികളുടെ തലപ്പത്തേക്ക് പ്രതിഷ്ഠിക്കുന്ന പോലെ സുഖിക്കാനും സമ്പാദിക്കാനുമല്ല രാഹുൽ ഗാന്ധി ഈ നിയോഗം ഏറ്റെടുത്തിരിക്കുന്നത്’. ഈ വാക്കുകൾ ഒരു പൊതുപ്രവർത്തകന് യോജിച്ചതല്ല.
വിദ്വേഷജനകവും അനാരോഗ്യകരമായ വൈരാഗ്യ പ്രകടനവുമാണ് ഇത്.ഒരാൾ നിയമപരമായ യാത്രാരേഖകളിലൂടെ വിദേശത്ത് ചെന്ന് നിയമപരമായി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിയമപ്രകാരം ജോലി ചെയ്തിരുന്നെങ്കിൽ / ചെയ്യുന്നുവെങ്കിൽ അതിലെന്താണ് പ്രശ്നം.? കേരളത്തെ കേരളമാക്കാൻ വിയർപ്പൊഴുക്കുന്നത് വിദേശത്ത് ചോര നീരാക്കി തൊഴിലെടുക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർ കൂടിയാണ്. അവരെയാണ് പ്രവാസികൾ എന്ന് നാം വിളിക്കുന്നത്. ഒരാൾ ഒരഭിപ്രായം പറഞ്ഞാൽ രാഷ്ട്രീയമായി താങ്കൾക്ക് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിനു പകരം അഭിപ്രായം പറഞ്ഞ ആളിന്റെ മക്കളെച്ചേർത്ത് അസഭ്യം പറയുന്നത് അന്തസ്സല്ല. മുൻപൊക്കെ വ്യക്തികൾ തമ്മിൽ സംഘട്ടനം നടക്കുമ്പോൾ ‘അമ്മക്ക് വിളിക്കുക ‘ എന്നൊരു പരിപാടിയുണ്ട്.സംഭവത്തിൽ നേരിട്ടോ അല്ലാതെയോ ഒരു ബന്ധവുമില്ലാത്ത ആരാന്റെ അമ്മയെ തെറി വിളിക്കുക എന്നത് അക്ഷന്തവ്യമായ അപരാധമാണ്.ഒരു തരം ഞരമ്പ് രോഗം. അന്തസ്സില്ലായ്മ. അൽപ്പത്തം.ഇപ്പോഴിതാ
ഈ രീതിയിൽ തന്നെ ‘മക്കളെ തെറി പറയുക ‘ എന്ന പരിപാടി താങ്കൾ ആവിഷ്കരിച്ചിരിക്കുന്നു.

‘അലവലാതി മക്കൾ’ എന്നൊക്കെ പ്രയോഗിക്കാൻ അസാമാന്യമായ തൊലിക്കട്ടി വേണം. മാന്യമായി ജീവിക്കുന്ന സ്വന്തം മക്കളെപ്പറ്റി മറ്റൊരാളിൽ നിന്ന് ഇത് കേൾക്കുമ്പോഴുള്ള മാതാപിതാക്കളുടെ വികാരം -ഒരച്ഛനായ താങ്കൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ അത് ബോധ്യപ്പെടുത്താൻ ഞാൻ നിസ്സഹായനാണ്. സ്വന്തം മക്കൾ എന്നത് അച്ഛനമ്മമാരുടെ ഓരോ കോശത്തിലും നിറയുന്ന അനുഭൂതിയുടെ പേരാണ്. സ്നേഹവാത്സല്യങ്ങളുടെ സത്യവാങ്മൂലമാണ്.( ഈ തിരക്കുകൾക്കിടയിലും ദിവസവും എത്രയോവട്ടം എന്നെ അന്വേഷിക്കുന്ന, എത്ര വേണ്ടെന്നു പറഞ്ഞാലും ബൈക്കിനു പെട്രോളടിക്കാൻ നൂറു രൂപ വച്ചുനീട്ടുന്ന ,മുപ്പതു വർഷം മുമ്പ് മരണപ്പെട്ട മൂത്ത മകന്റെ ചിത്രത്തിൽ കണ്ണ് നട്ടിരിക്കുന്ന ഒരമ്മയും മരിച്ചിട്ടും മരിക്കാത്ത ഓർമ്മയായി ,എന്റെ തന്നെ രാഷ്ട്രീയ ബോധമായി ഒപ്പമുള്ള ഒരച്ഛനും എനിക്കുമുണ്ട്- വെറുതെ ഞാൻ ഓർമിക്കുന്നു.)

രാഷ്ട്രീയ കാരണത്താൽ ഏത് വ്യക്തിയോടും താങ്കൾക്ക് വിയോജിക്കാം. രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാം. എന്നാൽ ‘അലവലാതി മക്കൾ’ എന്നൊക്കെയുള്ള പ്രയോഗങ്ങൾ താങ്കൾ കരുതുന്നതിലും അപ്പുറമാണ്. അറപ്പുളവാക്കുന്നതും അരോചകവുമാണ്. നിലവാരത്തകർച്ചയാണ്. അശ്ലീലമാണ്. രാഷ്ട്രീയമായ പക്വതക്കുറവാണ് .

അതു കൊണ്ടു തന്നെ പോസ്റ്റിൽ നിന്ന് മേൽപ്പറഞ്ഞ വാചകം ഒഴിവാക്കണം. .നിയമസഭാ സാമാജികനും യുവരാഷ്ട്രീയ പ്രവർത്തകനുമെന്ന നിലയിൽ തെറ്റ് തിരുത്തണം.

ചലച്ചിത്രോത്സവത്തിലെ പങ്കാളിയെന്ന നിലയിൽ നല്ല സിനിമകൾ കാണാനുള്ള അവസരമുണ്ടാവട്ടെ .
സ്നേഹത്തോടെ
ഷിജൂഖാൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel