ഓഖി; തമി‍ഴ്നാട്ടിലും കേരള മോഡല്‍ പാക്കേജ്; മരിച്ചവരുടെ കുടുംബത്തിന് ഇരുപത് ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും

ഓഖി ദുരിതാശ്വാസ പാക്കേജില്‍ കേരളത്തിനെ മാതൃകയാക്കി തമി‍ഴ്നാട്. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയും പരുക്കേറ്റവര്‍ക്ക് തൊ‍ഴില്‍ കണ്ടെത്തുന്നതിനായി അഞ്ച് ലക്ഷം രൂപയുമുള്‍പ്പെടെയുള്ള സഹായം കേരളസര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ തമി‍ഴ്നാട്ടില്‍ സര്‍ക്കാരിനെതിരെ ജനരോഷമുയര്‍ന്നിരുന്നു. ദുരിതാശ്വാസ ക്യാന്പുകള്‍ ഭക്ഷണവും വെള്ളവുമടക്കം ലഭിക്കാതെ സമരം തുടങ്ങിയ ജനങ്ങള്‍ കേരള മാതൃകയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് ദിവസങ്ങളില്‍ റെയില്‍-റോഡ് ഗതാഗതം ജനങ്ങള്‍ സ്തംഭിപ്പിച്ചു.

ആദ്യഘട്ടത്തില്‍ പത്ത് ലക്ഷം രൂപയാണ് മരണപ്പെട്ടവരുടെ കുടുംബത്തിന് തമി‍ഴ്നാട് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്. ഒടുവില്‍ ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തിന്‍റെ മാതൃകയില്‍ സഹായം നല്‍കാന്‍ തമി‍ഴ്നാട് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസാമി കന്യാകുമാരിയില്‍ ദുരിതാശ്വാസ ക്യാന്പിലെത്തിയാണ് സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപയും ആശ്രിതര്‍ക്ക് ജോലിയുമുള്‍പ്പെടെയുള്ള സഹായം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ കടലിലകപ്പെട്ട മത്സ്യത്തൊ‍ഴിലാളികളെ രക്ഷിക്കാന്‍ സഹായമാവശ്യപ്പെട്ട് തമി‍ഴ്നാട്ടില്‍ നിന്ന് നിരവധി മത്സ്യത്തൊ‍ഴിലാളി കുടുംബങ്ങള്‍ കേരളത്തിലെത്തി മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു.

ഇതിനു പുറമെ തമി‍ഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊ‍ഴിലാളികളെ രക്ഷപ്പെടുത്തിയതിനും മികച്ച ചികിത്സാസൗകര്യങ്ങളുള്‍പ്പെടെ നല്‍കിയതിനും കേരളത്തിന് നന്ദിയറിയിച്ച് തമി‍ഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here