ആശങ്ക വേണ്ട; ആരെയും കുടിയിറക്കാതെ നീലക്കുറിഞ്ഞി ഉദ്യാനം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ മന്ത്രിതല സംഘം

6 മാസത്തിനകം കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കുമെന്ന്‌ ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്താക്കി. വട്ടവട, കൊട്ടക്കമ്പൂര്‍ സന്ദര്‍ശനവും തുടര്‍ന്നുള്ള അവലോകന യോഗത്തിലെ തീരുമാനങ്ങളും ചേര്‍ത്തുള്ള റിപ്പോര്‍ട്ട്‌ മന്ത്രിമാര്‍ ഉടന്‍തന്നെ മുഖ്യമന്ത്രിക്ക്‌ കൈമാറും.

മന്ത്രിമാരായ എംഎം മണി, ഇ ചന്ദ്രശേഖരന്‍, കെ രാജു എന്നിവരടങ്ങുന്ന ഉന്നത സംഘം കഴിഞ്ഞ ദിവസം നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാന മേഖല സന്ദര്‍ശിച്ചിരുന്നു. ഇതിന്‌ ശേഷം ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ കര്‍ഷകരുടെ ആശങ്കകള്‍ പൂര്‍ണ്ണമായി പരിഹരിച്ച്‌ കൊണ്ട്‌ ഉദ്യാനം യാഥാര്‍ത്ഥ്യമാക്കുമെന്ന്‌ മന്ത്രിമാര്‍ ഉറപ്പ്‌ നല്‍കിയത്‌.

ആറ്‌ മാസത്തിനകം നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം പൂര്‍ത്തിയാക്കാാന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ മന്ത്രി എംഎം മണി പറഞ്ഞു.

ആരെയും കുടിയിറക്കാതെയായിരിക്കും ഉദ്യാനത്തിന്റെ അതിര്‍ത്തി നിശ്ചയിക്കുകയെന്നും കര്‍ഷകരെ മുന്‍നിര്‍ത്തിയുള്ള കയ്യേറ്റങ്ങള്‍ ചെറുക്കുമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന നിര്‍ദിഷ്ട കുറിഞ്ഞി മേഖലയില്‍ ജനവാസ കേന്ദ്രങ്ങളുണ്ടെന്ന്‌ സന്ദര്‍ശന ശേഷം മന്ത്രിമാര്‍ വ്യക്തമാക്കിയിരുന്നു.

മൂന്നാറില്‍ നടന്ന അവലോകന യോഗത്തില്‍ ഇടുക്കി എംപി ജോയ്‌സ്‌ ജോര്‍ജ്‌, എംഎല്‍എമാരായ എസ്‌ രാജേന്ദ്രന്‍, ഇഎസ്‌ ബിജി മോള്‍ തുടങ്ങിയവരും വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News