അവർ ആളു വേറെയാണ്; ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ വര്‍ഗ്ഗബോധം; മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മയെക്കുറിച്ച് ശാരദക്കുട്ടി

ഓഖി ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ മന്ത്രി മേ‍ഴ്സിക്കുട്ടിയമ്മയെ താറടിച്ച് കാട്ടാനുള്ള ചില ചാനല്‍ വിചാരണകള്‍ക്ക് മറുപടി പറഞ്ഞ് എ‍ഴുത്തുകാരി ശാരദക്കുട്ടി. ആരോക്കെ എന്തൊക്കെ ആക്ഷേപം ചോരിഞ്ഞാലും പാവപ്പെട്ട മത്സ്യത്തൊ‍ഴിലാളികള്‍ എപ്പോ‍ഴും മേ‍ഴ്സിക്കുട്ടിയമ്മയുടെ കൂടെ മാത്രമേ നില്‍ക്കൂവെന്ന് ശാരദക്കുട്ടി എ‍ഴുതുന്നു. “മേഴ്സിക്കുട്ടിയമ്മ ഒരിക്കലും സ്വാർഥം നോക്കി പ്രവർത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകൾ , അവരുടെ ക്ഷോഭങ്ങൾ അത് മേഴ്സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങൾ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുണ്ട്. അവർക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവർ നിൽക്കൂ”.ശാരദക്കുട്ടി ഫേസ് ബുക്കില്‍ കുറിക്കുന്നു.

ശാരദക്കുട്ടിയുടെ ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ വായിക്കാം

പെരുമൺ തീവണ്ടിയപകടം നടന്ന ദിവസമായിരുന്നു സഖാവ് മേഴ്സിക്കുട്ടിയമ്മയുടെ വിവാഹം. മിന്നുകെട്ടിന്റെ ചടങ്ങുകൾ മുഴുവൻ കഴിയുന്നതിനു മുൻപ് വിവാഹ വേദിയിൽ നിന്ന് ദുരന്തഭൂമിയിലേക്ക് ഓടിയെത്തി രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അവരെ രാഷ്ട്രീയ മര്യാദകളോ മാനുഷികതയോ പഠിപ്പിക്കുവാൻ മറ്റൊരാൾ മുതിരേണ്ടതില്ല. ഒരു സുപ്രഭാതത്തിൽ ആരെങ്കിലും വെള്ളിത്താലത്തിൽ വെച്ചു നീട്ടിക്കൊടുത്തു തുടങ്ങിയതല്ല അവരുടെ രാഷ്ട്രീയ ജീവിതം. മത്സ്യത്തൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും കഷ്ടതകളുടെയും ദുരിതങ്ങളുടെയും ഇടയിൽ തന്നെ അവരോടൊപ്പം കരഞ്ഞും പൊരുതിയും വളർന്ന സഖാവിന്റെ, സ്ഥിരമായി സഹാനുഭൂതി പടർന്നു നിൽക്കുന്ന മുഖത്ത് ആഴത്തിൽ പതിഞ്ഞു കിടപ്പുണ്ട് ആ പോരാട്ടങ്ങളുടെ ഓർമ്മകളും ചരിതങ്ങളും. വിപ്ലവ ബോധമോ സഹജീവി സ്നേഹമോ അവർക്ക് ഒരിക്കലും ഒരു പ്രകടനമോ കയ്യടിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങളോ ആയിരുന്നില്ല. വിവാദമുണ്ടാക്കാനായി അവരിന്നു വരെ ഒരു വാക്കും ഉരിയാടിയിട്ടുമില്ല. കടപ്പുറത്തുള്ളവർ താത്കാലിക ക്ഷോഭത്താലോ വേദനയാലോ എന്തു പറയുമ്പോഴും മേഴ്സിക്കുട്ടിയമ്മക്ക് അവരേയും അവർക്ക് മേഴ്സിക്കുട്ടിയമ്മയേയും തിരിച്ചറിയാം. സുനാമി ദുരിതകാലത്തെ ഫണ്ടു തിന്നു മുടിച്ചവരുടെ രാഷ്ട്രീയ കാലമൊക്കെ പെട്ടെന്നു മറന്ന് പോകരുത്. അന്നും മേഴ്സിക്കുട്ടിയമ്മ സ്വാർഥം നോക്കി പ്രവർത്തിച്ചിട്ടില്ല. വാവിട്ടു കരയുന്ന ദുരിതബാധിതരുടെ ചില വാക്കുകൾ ,അവരുടെ ക്ഷോഭങ്ങൾ അത് മേഴ്സിക്കുട്ടിയമ്മയെ അപമാനിക്കാനുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കുത്സിത നീക്കങ്ങൾ തിരിച്ചറിയാനുള്ള വിവേകം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കുണ്ട്. അവർക്കൊപ്പം എക്കാലത്തും നിന്നിരുന്ന സഖാവിനൊപ്പമേ അവർ നിൽക്കൂ..
പിന്നിലെത്ര ആളുണ്ടെന്നും മുന്നിലെത്ര ക്യാമറയുണ്ടെന്നും നോക്കി രാഷ്ട്രീയം കളിക്കുന്നവരുടെ കൂടെ സഖാവ് മേഴ്സിക്കുട്ടിയമ്മയെ അളക്കരുത്.അവർ ആളു വേറെയാണ്. ഓഖിക്കോ സുനാമിക്കോ എടുത്തു കൊണ്ടുപോകാനാവില്ല അവരുടെ അടിയുറച്ച രാഷ്ട്രീയ ബോധത്തേയും വർഗ്ഗ ബോധത്തേയും. കാരണം കാരുണ്യവും രാഷ്ട്രീയവും അവർക്ക് ഒരു ഫേസ്പാക്ക് മാത്രമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News