രണ്ടാം ഏകദിനത്തിന് മണിക്കൂറുകള്‍ മാത്രം; പരാജയപ്പെട്ടാല്‍ പരമ്പരനഷ്ടമെന്ന നാണക്കേട്; ടീം ഇന്ത്യയുടെ കരുതലുകള്‍ ഇങ്ങനെ

മൊഹാലി : തൊട്ടതെല്ലാം പിഴച്ച ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് മറുപടി നല്‍കാന്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയ്ക്കെതിരെ മൊഹാലിയില്‍ ഇറങ്ങും. പരമ്പരയില്‍ നിലനില്‍ക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ കളി ജയിക്കണം. ദക്ഷിണാഫ്രിക്കയിലേക്ക് വിമാനംകയറുന്നതിന് മുമ്പ് ആത്മവിശ്വാസമുയര്‍ത്തേണ്ടത് ഇന്ത്യയുടെ യുവനിരയ്ക്ക് അനിവാര്യമാണ്. ആദ്യ കളിയിലെ പിഴവുകള്‍ തിരുത്തിയാല്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും പരമ്പരയില്‍ പിടിവള്ളി കിട്ടും. ലങ്കയ്ക്കാകട്ടെ നാട്ടിലും വിദേശമണ്ണിലും തുടര്‍തോല്‍വികള്‍ക്കുശേഷം ആശ്വസിക്കാനും ആത്മവിശ്വാസത്തോടെ മുന്നോട്ട് കുതിക്കാനുമുള്ള മരുന്നും.

ഏകദിനത്തിലെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്. ലങ്കന്‍ ബൌളര്‍മാരു2 വേഗംകുറഞ്ഞ സ്വിങ് ബൌളിങ്ങിനെ നേരിടാനാകാതെ ബാറ്റ്സ്മാന്‍മാര്‍ ഓരോരുത്തരായി കൂടാരത്തിലേക്ക് മടങ്ങി.പര്യടനത്തില്‍ ആദ്യമായല്ല ഇന്ത്യ ഈ അവസ്ഥയെ നേരിട്ടത്. കൊല്‍ക്കത്തയില്‍ നടന്ന ആദ്യ ടെസ്റ്റിന്റെ ഒന്നാംദിവസം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ലങ്കന്‍ സ്വിങ് ബൌളിങ്ങിന് മറുപടിയില്ലാതെ തിരിച്ചുകയറുകയായിരുന്നു. വിരാട് കോഹ്ലിയും അജിന്‍ക്യ രഹാനെയുമടക്കമുള്ള മധ്യനിരയും പിടിച്ചുനിന്നില്ല. അതിന്റെ ആവര്‍ത്തനമാണ് ധര്‍മശാലയില്‍ നടന്നത്.

മഹേന്ദ്രസിങ് ധോണിയൊഴികെ ആരും പിടിച്ചുനില്‍ക്കാന്‍പോലും ശ്രമിച്ചില്ല. രോഹിതും ശിഖര്‍ ധവാനും പുറത്തായശേഷം മികവ് തെളിയിക്കാന്‍ ലഭിച്ച അവസരം ശ്രേയസ് അയ്യരും ദിനേഷ് കാര്‍ത്തിക്കും മനീഷ് പാണ്ഡെയും ഉപയോഗിച്ചതുമില്ല. ധോണിയുടെ വിലപ്പെട്ട അരസെഞ്ചുറി (65)യാണ് ഇന്ത്യയെ നാണക്കേടില്‍നിന്ന് കരകയറ്റിയത്.

ചണ്ഡിഗഢിലും ആദ്യം ബാറ്റ് ചെയ്യാനിറങ്ങുകയാണെങ്കില്‍ കടുത്ത പരീക്ഷണമാകും ഇന്ത്യ നേരിടുക. ധര്‍മശാലയിലെ അത്രയും തണുത്ത കാലവസ്ഥയല്ലെങ്കിലും സ്വിങ് ബൌളിങ്ങിന് അനുകൂലമായ പിച്ചും ഈര്‍പ്പവുമാണ് മൊഹാലിയില്‍. ടോസ് നേടുന്ന ക്യാപ്റ്റന്‍ അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കില്‍ ബൌളിങ് തെരഞ്ഞെടുക്കും.
ഏകദിനത്തില്‍ 12 കളിയില്‍ തുടരെ തോറ്റതിന്റെ കണക്കുമായാണ് ലങ്ക ധര്‍മശാലയില്‍ ഇറങ്ങിയത്. ജയത്തിന്റെ നേരിയ സാധ്യതപോലും കല്‍പ്പിച്ചിരുന്നില്ല ദ്വീപുകാര്‍. എന്നാല്‍ സാഹചര്യങ്ങള്‍ മുതലെടുത്ത് പന്തെറിഞ്ഞ സുരംഗ ലക്മലും മുന്‍ ക്യാപ്റ്റന്‍ ഏഞ്ചലോ മാത്യൂസും നുവാന്‍ പ്രദീപും ഇന്ത്യയെ കുഴക്കി. ലക്മല്‍ മുന്നില്‍നിന്നു. മാത്യൂസ് ഏറെക്കാലത്തിനുശേഷം മികവ് കണ്ടെത്തി. പ്രദീപും കഴിവിനൊത്ത കളി പുറത്തെടുത്തു. ഫീല്‍ഡിങ്ങിലും പിഴവുകളുണ്ടായില്ല.

ബാറ്റിങ്ങിലും ലങ്ക മികച്ചുനിന്നു. ആദ്യ രണ്ടുവിക്കറ്റുകള്‍ നഷ്ടപ്പെട്ട് ഒന്ന് പതറിയെങ്കിലും ഉപുല്‍ തരംഗയും മാത്യൂസും പിന്നീട് നിരോഷന്‍ ഡിക്വെല്ലയും ഇന്ത്യന്‍ പേസര്‍മാരെ പിഴവില്ലാതെ നേരിട്ടു. ഓള്‍റൌണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഏറെ ശിക്ഷ വാങ്ങിയത്. സ്പിന്നര്‍മാരായ യുസ്വേന്ദ്ര ചഹാലും കുല്‍ദീപ് യാദവും പന്തെറിഞ്ഞില്ല.

ക്യാപ്റ്റനായി ആദ്യ മത്സരത്തിലെ ജയം തിസര പെരേരയ്ക്കും ആത്മവിശ്വാസമുയര്‍ത്തി. ഇന്ത്യയുടെ ആദ്യ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ത്തന്നെ പെരേര കളിയുടെ ഗതി മനസ്സിലാക്കി. പേസര്‍മാരെ തന്നെ നിയോഗിച്ച് കളി ലങ്കയുടെ വരുതിയിലാക്കുകയും ചെയ്തു. പരമ്പര നേടിയാല്‍ ലങ്കന്‍ ക്രിക്കറ്റിനുണ്ടാകുന്ന ആത്മവിശ്വാസം ചെറുതാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here