ജിഷയ്ക്ക് നീതി; അമീറുള്‍ ഇസ്ലാമിന് വധശിക്ഷ; സര്‍ക്കാരിന്‍റെ സ്ത്രീ സുരക്ഷയ്ക്കുള്ള ജുഡീഷ്യല്‍ അംഗീകാരമെന്ന് മുഖ്യമന്ത്രി; നീതിപീഠം ദൈവമെന്ന് ജിഷയുടെ അമ്മ; ജനം ആഗ്രഹിച്ച വിധിയെന്ന് കോടിയേരി

പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എന്‍ അനില്‍ കുമാര്‍ കേസ്് വിധി പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ് ഈ കേസെന്ന് കോടതി നിരീക്ഷിച്ചു.എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയുടെതാണ് വിധി.

തെളിയിക്കപ്പെട്ട മറ്റു കുറ്റങ്ങള്‍ക്ക് ജീവപര്യന്തം, 10 വര്‍ഷം, ഏഴു വര്‍ഷം എന്നിങ്ങനെ തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഐപിസി 449 വകുപ്പ് പ്രകാരം ഏഴ് വര്‍ഷം കഠിനതടവും ഒപ്പം ആറു മാസത്തെ തടവും. അന്യായമായി തടഞ്ഞുവെച്ചതിന് 342 പ്രകാരം ഒരു വര്‍ഷത്തെ കഠിന തടവും പിഴയും.
ഐപിസി 376 എ പ്രകാരം പത്തുവര്‍ഷത്തെ കഠിന തടവും പിഴയും, 376-ാം വകുപ്പ് പ്രാകാരം ബലാത്സംഗത്തിന് ജീവപര്യന്തം കഠിന തടവും പിഴയും, ഐപിസി 302 പ്രകാരം കൊലപാതക കുറ്റത്തിന് കോടതി പ്രതിക്ക് വധശിക്ഷയും വിധിച്ചു. വ്യത്യസ്ത വകുപ്പുകളിലായി അഞ്ചു ലക്ഷം രൂപയാണ് അമീറുള്‍ ഇസ്ലാം പിഴയായി നല്‍കേണ്ടത്

കഴിഞ്ഞ ഏപ്രില്‍ 3 നാണ് കേസില്‍ വിചാരണ തുടങ്ങിയത്. 74 ദിവസത്തോളം നീണ്ട വിചാരണയില്‍ 100 ഓളം സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രതിഭാഗം സാക്ഷികളായി 5 പേരെയും വിസ്തരിച്ചു.291 രേഖകളും 36 തൊണ്ടിമുതലുകളും കോടതി പരിശോധിച്ചു.കഴിഞ്ഞ മാസം 21നാണ് കേസില്‍ അന്തിമ വാദം തുടങ്ങിയത്.

അസം സ്വദേശി അമീറുള്‍ ഇസ്ലാമാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 16ന് ഇയാളെ കാഞ്ചീപുരത്തു നിന്ന് പോലീസ് പിടികൂടി. ചോദ്യം ചെയ്യലും തെളിവെടുപ്പും ഉള്‍പ്പടെ അന്വേഷണം അതിവേഗം പൂര്‍ത്തിയാക്കിയ പോലീസ് സെപ്റ്റംബര്‍ 17ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2016 ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഇരവിച്ചിറ കനാല്‍ പുറമ്പോക്കിലെ ഒറ്റമുറി വീട്ടില്‍ വെച്ച് നിയമവിദ്യാര്‍ത്ഥിനിയെ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. തൊട്ടടുത്ത ദിവസം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം രാത്രി തിടുക്കപ്പെട്ട് പോലീസ് സാന്നിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചത് പിന്നീട് വിവാദമായി.

മെയ് 2നാണ് കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിനി ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയായിരുന്നുവെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരം പീപ്പിള്‍ ടിവി യിലൂടെ പുറംലോകമറിഞ്ഞത്.

ഇതോടെ കൊലപാതകിയെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം ആരംഭിച്ചു.ഐ ജി മഹിപാല്‍ യാദവിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.തെളിവുകള്‍ ശേഖരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് പ്രക്ഷോഭം ശക്തമായി. എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ രാപ്പകല്‍ സമരവും തുടങ്ങി.

ഇതെ തുടര്‍ന്ന് അന്വേഷണ സംഘം വിപുലീകരിച്ചെങ്കിലും പ്രതിയെ കണ്ടെത്താനാവാതെ പോലീസ് നെട്ടോട്ടമോടി. മെയ് 25 ന് എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരികയും കേസന്വേഷണം എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലുള്ള പുതിയ സംഘത്തിന് വിടുകയും ചെയ്തു.

ജൂണ്‍ 2ന് പ്രതിയുടേതെന്ന് കരുതുന്ന കളര്‍ രേഖാചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു.

ജൂണ്‍ 10ന് ജിഷയെന്ന് സംശയിക്കുന്ന യുവതിയും രേഖാചിത്രത്തിലേതെന്നു കരുതുന്ന യുവാവും ജിഷയുടെ വീട്ടിലേയ്ക്കുള്ള റോഡിലൂടെ നീങ്ങുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.

തൊട്ടടുത്ത ദിവസം വീടിന്റെ പരിസരത്തു നിന്ന് ലഭിച്ച ചെരുപ്പില്‍ ജിഷയുടെ രക്ത കോശങ്ങള്‍ കണ്ടെത്തി. കുറുപ്പംപടിയിലെ ചെരുപ്പ് കടയുടമ പ്രതിയെക്കുറിച്ച് സൂചന നല്‍കി.അങ്ങനെയാണ് പ്രതിയിലേക്ക് എത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News