പരാതിക്കാരന്‍ സംശയത്തിന്റെ നിഴലില്‍; മറയൂരില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസ് പുതിയ വഴിത്തിരിവില്‍ – Kairalinewsonline.com
Crime

പരാതിക്കാരന്‍ സംശയത്തിന്റെ നിഴലില്‍; മറയൂരില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസ് പുതിയ വഴിത്തിരിവില്‍

സുരേഷിന്റെ പരാതിയിലെയും മൊഴികളിലെയും വൈരുധ്യം പൊലീസിന്റെ സംശയത്തിന് ഇടയാക്കി

മറയൂരില്‍ ഇതര സംസ്ഥാനതൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചെന്ന കേസ് പുതിയ വഴിത്തിരിവില്‍ . അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് വാങ്ങിയ 500 ഗ്രാം സ്വര്‍ണ്ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെ സംഭവം മോഷണക്കേസാക്കി മാറ്റിയെന്ന് പൊലീസ്.

മറയൂര്‍ കൊച്ചാരം ഭാഗത്ത് ചായക്കട നടത്തുന്ന സുരേഷ്, ഇതര സംസ്ഥാന തൊഴിലാളികള്‍ ഒന്നര ലക്ഷം രൂപ മോഷ്ടിച്ചെന്ന് കാണിച്ചായിരുന്നു പരാതി നല്‍കിയിരുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തിയപ്പോഴാണ് മോഷണമല്ലെന്നും സ്വര്‍ണ്ണക്കഷ്ണം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കപ്പെട്ടതാണെന്നും വ്യക്തമായത്.

ഇക്കാര്യം മറച്ച് വെച്ച് തന്റെ കടയില്‍ നിന്ന് പണം മോഷണം പോയെന്ന് കാണിച്ച് സുരേഷ് പരാതി നല്‍കുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.

വീടിന്റെ നിര്‍മാണച്ചെലവിന് സ്വര്‍ണ്ണ ഉരുപ്പടികള്‍ പണയപ്പെടുത്തി കിട്ടിയ 95000 രൂപയും കൈവശമുണ്ടായിരുന്ന 55000 ചേര്‍ത്തുള്ള ഒന്നര ലക്ഷം രൂപ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു സുരേഷിന്റെ പരാതി.

ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തിയെങ്കിലും സുരേഷിന്റെ പരാതിയില്‍ ആരോപിച്ച കാര്യങ്ങള്‍ കണ്ടെത്താനായില്ല. ഇതോടെ അന്വേഷണം കൂടുതല്‍ ശക്തിപ്പെടുത്തി.

സുരേഷിന്റെ പരാതിയിലെയും മൊഴികളിലെയും വൈരുധ്യം പൊലീസിന്റെ സംശയത്തിന് ഇടയാക്കി. പിന്നീടുള്ള തുടരന്വേഷണത്തിലാാണ് സംഭവം പുറത്തുവന്നത്.

പരാതിക്കാരനും ഇതര സംസ്ഥാന തൊഴിലാളികളും തമ്മില്‍ 500ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണക്കഷ്ണം ഒന്നര ലക്ഷം രൂപയ്ക്ക് കച്ചവടം നടത്തിയിരുന്നതായും പിന്നീട് സ്വര്‍ണ്ണം വ്യാജമാണെന്ന് മനസിലാക്കിയ സുരേഷ് പണം മോഷണം പോയി എന്നാരോപിച്ച് പരാതിയ നല്‍കുകയായിരുന്നുവെന്നും തെളി ഞ്ഞു .

വ്യാജ സ്വര്‍ണ്ണക്കഷ്ണം പൊലീസ് കണ്ടെടുത്തു. സ്വരണ്ണക്കട്ടി തട്ടിപ്പ് സംഘത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി.

To Top