ദേ പിന്നേം തരൂരിന്റെ ഇംഗ്ലിഷ്; റോഡോമൊന്റേഡിനു മുന്നില്‍ പകച്ച് പണ്ടാരമടങ്ങി സോഷ്യല്‍മീഡിയ; അര്‍ത്ഥം തിരഞ്ഞ് വട്ടം കറങ്ങി; ഒടുവില്‍ സ്‌നേഹത്തോടെ ട്രോളും

സോഷ്യല്‍ മീഡിയയില്‍ കാര്യമായ ഇടപെടല്‍ നടത്തുന്ന വ്യക്തിയാണ് തിരുവനന്തപുരം എം പി ശശീ തരൂര്‍. പൊള്ളവാദങ്ങളും കള്ളകഥകളും കൊണ്ട് പലരും നടത്തുന്ന വ്യാജപ്രചരണം പോലെയല്ല തരൂരിന്റെ ഇടപെടലുകള്‍. കണക്കും കാര്യവും നിരത്തി വസ്തു നിഷ്ഠമായാണ് തരൂര്‍ ഏപ്പോഴും ഇടപെടാറുള്ളത്.

അര്‍ണബ് ഗോസ്വാമിയെന്ന പ്രമുഖ വാര്‍ത്താ അവതാരകനുള്ള മറുപടിയുമായു ശശീതരൂര്‍ ഇട്ട പോസ്റ്റ് ആഗോളതലത്തില്‍ പോലും ശ്രദ്ധനേടിയിട്ടുണ്ട്. തരൂര്‍ ഉപയോഗിച്ച വാക്കുകള്‍ ഉണ്ടാക്കിയ തരംഗം ചില്ലറയൊന്നുമായിരുന്നില്ല. അര്‍ണബിനെതിരായ എക്‌സാസ്പരേറ്റിങ്ങ് ഫരാഗോ എന്ന പ്രയോഗം ഏവരെയും അമ്പരപ്പിച്ചു കളഞ്ഞു. അന്ന് സാക്ഷാല്‍ ഓക്‌സ്ഫഡ് സര്‍വ്വകലാശാല പോലും തരൂരിന് അഭിനനന്ദനവുമായി രംഗത്തെത്തിയിരുന്നു.

എക്‌സാസ്പരേറ്റിങ്ങ് ഫരാഗോയുടെ അര്‍ത്ഥം അന്വേഷിച്ച് നിഖണ്ടുവില്‍ തപ്പിത്തടയുകയായിരുന്നു എവരും. വെബകൂഫ് എന്ന വാക്കുമായാണ് പിന്നീട് തരൂര്‍ രംഗത്തെത്തിയത്.

അന്നും അര്‍ത്ഥം തിരഞ്ഞ് വട്ടം കറങ്ങിയവര്‍ കുറവല്ല. ഇന്റര്‍നെറ്റിലും സമൂഹ്യമാധ്യമങ്ങളിലും കാണുന്നതെന്തും കണ്ണുമടച്ച് വിശ്വസിക്കുന്നയാള്‍ എന്നായിരുന്നു വെബകൂഫിന്റെ അര്‍ത്ഥം.

ഇപ്പോഴിതാ തരൂര്‍ വീണ്ടും കടുത്ത പ്രയോഗവുമായി രംഗത്തെത്തിയിരിക്കുകയാണ.് സങ്കീര്‍ണമായ വാക്കുകള്‍ താന്‍ മനഃപ്പൂര്‍വം ഉപയോഗിക്കുന്നതല്ലെന്നും ആശയം കൃത്യമായി മനസ്സിലാകാന്‍ ശരിയായ വാക്കുകള്‍ ഉപയോഗിക്കുക മാത്രമാണ് ചെയ്യുന്നതെന്നും പറഞ്ഞുകൊണ്ടുള്ള തരൂറിന്റെ ട്വീറ്റാണ് പുതിയ തെരച്ചിലിനുള്ള വേദിയൊരുക്കിയത്.

ട്വീറ്റിന്റെ അവസാനം തരൂര്‍ പ്രയോഗിച്ച ഒരു വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ് മിക്കവരും വട്ടം കറങ്ങി. rodomontade എന്നായിരുന്നു വാക്ക്. rodomontade എന്ന് പ്രയോഗിച്ച് തരൂര്‍ മടങ്ങിയതിനു പിന്നാലെ ഡിക്ഷണറി കയറി ഇറങ്ങലായിരുന്നു ഫോളോവേഴ്‌സിന്റെ പ്രധാന പണി.

അര്‍ത്ഥം കണ്ടുപിടിക്കാനുള്ള പ്രയാസം കൊണ്ട് ചിലര്‍ സ്‌നേഹത്തോടെ തരൂറിനെ ട്രോളി. ഇംഗ്ലീഷ് പഠിക്കാനാഗ്രഹിക്കുന്നവര്‍ എന്റെ സുഹൃത്ത് ശശി തരൂരിനെ ഫോളോ ചെയ്യുകയെന്ന കുറിപ്പുമായി ജമ്മു കശ്മീര്‍ മുന്‍ മുഖ്യന്ത്രി ഒമര്‍ അബ്ദുള്ളയാണ് ആദ്യം രംഗത്തെത്തിയത്.

പിന്നീട് നിരവധി പേര്‍ തരൂറിനെ പ്രകീര്‍ത്തിക്കുന്ന ട്രോളുകളുമായി രംഗത്തെത്തി. ഇംഗ്ലിഷ് പഠിപ്പിച്ച അധ്യാപകര്‍ കാശ് തിരിച്ചു തരണമെന്നാണ് പലരും സോഷ്യല്‍ മീഡിയയില്‍ കുറിപ്പിട്ടിരിക്കുന്നത്. ഒടുവില്‍ റോഡോമൊന്‍റേഡ് എന്ന വാക്കിന്‍റെ അര്‍ത്ഥം പൊങ്ങച്ചം പറച്ചിലാണെന്ന് കണ്ടുപിടിച്ചവര്‍ ആഹ്ലാദത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News