ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം ഭരണപക്ഷപ്രതിപക്ഷ ബഹളത്തില്‍ മുങ്ങി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനെതിരെ പാക്കിസ്ഥാന്‍ ബന്ധമാരോപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി.

ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനംതന്നെ ഭരണപ്രതിപക്ഷത്തിന്റെ രൂക്ഷമായ വാക്‌പോരിന് പാര്‍ലമെന്റ് വേദിയായി. സഭാ നടപടി മാറ്റി വച്ച് ഓഖി ദുരന്തം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് സിപിഐഎംല്‍ നിന്നും കെ.കെ.രാഗേഷ് എം.പിയും തമിഴ്‌നാട്ടില്‍ നിന്നും അണ്ണാ ഡി.എം.കെയും അടിയന്തരപ്രമേയത്തിന് രാജ്യസഭയില്‍ നോട്ടീസ് നല്‍കിയിരുന്നു.

വിഷയം ചര്‍ച്ച ചെയ്യാമെന്ന് അദ്ധ്യക്ഷന്‍ വെങ്കയനായിഡു അറിയിച്ചെങ്കിലും മറ്റ് പ്രതിപക്ഷ ബഹളത്തില്‍ സഭാ നടപടികള്‍ നിറുത്തി വച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന് പാക്ക് ബന്ധമുണ്ടെന്ന് ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി.

ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു മോദിയുടെ വിവാദ പ്രസ്ഥാവന.ജെഡിയു നേതാക്കളായ ശരദ് യാദവ്, അലി അന്‍വന്‍ എന്നിവരെ കൂറ്മാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുറത്താക്കിയതിനേയും പ്രതിപക്ഷം ചോദ്യം ചെയ്തു. മൂന്ന് തവണ നിറുത്തി വച്ച് രാജ്യസഭ മൂന്ന് മണിയോടെ സഭ നടപടികള്‍ റദാക്കി പിരിഞ്ഞു.

ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രാജ്യസഭ രാവിലെ ആദരാജ്ഞലികളര്‍പ്പിച്ചു. ഉപരാഷ്ട്രപതിയായ ശേഷം ആദ്യമായാണ് വെങ്കയനായിഡു ഇന്ന് സഭ നിയന്ത്രിച്ചു. രാജ്യസഭ എം.പിയായി സത്യപ്രതിജ്ഞ ചെയ്ത ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് സഭയുടെ മുന്‍നിരയിലാണ് വെങ്കയനായഡു സീറ്റ് അനുവദിച്ചത്. അന്തരിച്ച മൂന്ന് സിറ്റിങ്ങ് എം.പിമാര്‍ക്കും,7 മുന്‍ എം.പിമാര്‍ക്കും ആദരാജ്ഞലികളര്‍പ്പിച്ച് ലോക്‌സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു.

അതേസമയം, ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട മുത്തലാക്ക് നിരോധന ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. മുത്തലാക്ക് ചൊല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ നിര്‍ദേശിക്കുന്നതാണ് ബില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here