കേരള സര്‍വകലാശാലയില്‍ വഴിവിട്ടു മാര്‍ക്ക് നല്‍കി അധ്യാപക നിയമനം; വിസിയുടെ രാജി ആവശ്യപ്പെട്ടുള്ള എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ എഡ്യൂക്കേഷന്‍ വിഭാഗത്തില്‍ വഴിവിട്ടു മാര്‍ക്ക് നല്‍കി അധ്യാപക നിയമനം നടത്തിയ വൈസ് ചാന്‍സിലര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടു എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

സര്‍വകലാശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫിസിന് ഉള്ളിലേക്ക് തള്ളിക്കയറി. പിന്നീട് പുറത്തിറങ്ങിയ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഇഷ്ടക്കാരിയായ അധ്യാപികയെ സര്‍വ്വകലാശാല അധ്യാപികയാക്കാന്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം വൈസ് ചാന്‍സലര്‍ പികെ രാധാകൃഷ്ണന്‍ രാജി വെച്ച് വിജിലന്‍സ് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ ആണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

സര്‍വകാലശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകര്‍ ഓഫിസിനുളളിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് പോലീസ് ചെറുത്തതോടെ സംഘര്‍ഷം കനത്തു. സംഘര്‍ഷത്തിനിടെ പ്രവര്‍ത്തരെ പോലീസ് ലാത്തി കൊണ്ട് കുത്തിയതോടെ പ്രവര്‍ത്തകര്‍ കല്ലും വടിയും പോലീസ് വാഹനത്തിന് നേരെ എറിഞ്ഞു.

അഴിമതി ആരോപണം അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റിന്റെ ഉപസമതിയെ നിയോഗിക്കാം എന്ന് ഒത്തുതീര്‍പ്പ് വ്യവസ്ഥയില്‍ നിന്ന് വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്‍ ഏകപക്ഷീയമായി പിന്‍മാറിയതായി സിന്‍ഡിക്കേറ്റംഗം എ എ റഹീം കുറ്റപ്പെടുത്തി

അതിനിടെ കാര്യവട്ടം ഗവേഷക ഹോസ്റ്റലില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് ആഴ്ച്ചത്തേക്ക് സര്‍വ്വകലാശാല ക്യാമ്പസിന് വിസി അവധി പ്രഖ്യാപിച്ചു. ഒത്തു തീര്‍ന്ന സമരത്തിന്റെ മറപിടിച്ച് ക്യാബസ് അടച്ചിടുന്നത് തനിക്കെതിരെ രൂപപെടുന്ന വിദ്യാര്‍ത്ഥി സമരം മറികടക്കാനാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മുന്നറിപ്പ് ഇല്ലാതെ ക്യാബസിന് അവധി പ്രഖ്യാപിച്ച വിസിയുടെ നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ അടക്കമുളളവര്‍ കാര്യവട്ടത്ത് പ്രതിഷേധം രേഖപെടുത്തി.

വൈസ് ചാന്‍സിലര്‍ പികെ രാധാകൃഷ്ണന്റെ കാലവധി വരുന്ന ഫെബ്രുവരിയില്‍ അവസാനിക്കുമെന്നിരിക്കെ പുതിയ വിസിയെ കണ്ടെത്താനുളള സെര്‍ച്ച് കമ്മറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തീരുമാനിക്കാനുളള നിര്‍ണായക സെനറ്റ് യോഗം നാളെ ചേരും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാവും പോലീസ് ഒരുക്കുക.

സര്‍വ്വകലാശാലക്ക് കീഴിലെ ബിഎഡ് സെന്ററില്‍ അധ്യാപക നിയമനത്തിലാണ് വൈസ് ചാന്‍സിലര്‍ ക്രമവിരുദ്ധമായി മാര്‍ക്ക് ദാനം നല്‍കി സംഭവത്തിലാണ് പുതിയ വിവാദങ്ങള്‍ രൂപപ്പെട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here