കുറ്റാലം കൊട്ടാരം ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും യുഡിഎഫ് സര്‍ക്കാര്‍ എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മന്ത്രി സുധാകരന്‍

കൊല്ലം: കുറ്റാലം കൊട്ടാരത്തിലെ ക്രമക്കേടുകള്‍ അറിയാമായിരുന്നിട്ടും കഴിഞ്ഞ യുഡിഎഫിന്റെ അഞ്ചു വര്‍ഷകാലത്ത് എന്തുകൊണ്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് മന്ത്രി ജി സുധാകരന്‍. ഈ സര്‍ക്കാരാണ് നടപടി സ്വീകരിച്ചതെന്നും കേരളത്തിന്റെ സ്വത്ത് പൂര്‍ണ്ണമായും സംരക്ഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുറ്റാലം കൊട്ടാരം കൈക്കലാക്കാന്‍ തമിഴ്‌നാട് ലോബി നീക്കം ആരംഭിച്ചുവെന്ന 2006 ലെ കൈരളി പീപ്പിള്‍ വാര്‍ത്തയെ തുടര്‍ന്നാണ് കൊല്ലം തിരുനല്‍വേലി ജില്ലാ കളക്ടര്‍മാര്‍ ഇടപെട്ട് ഭൂമി അളന്നു തിട്ടപ്പെടുത്തി സംരക്ഷണമേര്‍പ്പെടുത്തിയത്.

പിന്നീട് കൊട്ടാരത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് കൊട്ടാരം ഹാളും മുറികളും വാടകകയ്ക്ക് കൊടുക്കുന്നതില്‍ ക്രമക്കേട് കാട്ടുന്നുവെന്ന ആരോപണവും പരാതിയും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുയര്‍ന്നിരുന്നുവെങ്കിലും സൂപ്രണ്ടിനെ സംരക്ഷിക്കുകയായിരുന്നുവെന്നും ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് സൂപ്രണ്ടിനെ സസ്പന്റ് ചെയ്തതെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു.

കുറ്റാലത്തെ കേരളസര്‍ക്കാരിന്റെ ഉടമസ്ഥതയിലെ കുറ്റാലം കൊട്ടാരവും സ്‌കോര്‍പിയോണ്‍ പാലസും അനുബന്ധ വസ്തു വകകളും സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മന്ത്രി കൊല്ലത്ത് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here