വര്‍ഗീയതക്കെതിരെ പോരാട്ടം തുടരുന്ന ഒരേയൊരു ശക്തി ഇടതുമുന്നണിയാണെന്ന് കോടിയേരി

തൃശൂര്‍: ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി സിപിഐഎം സംസ്ഥാന സമ്മേളനത്തിനായുള്ള സ്വാഗതസംഘം രൂപീകരണം തൃശൂരില്‍ നടന്നു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ഇടതുമുന്നണിയുടെ ശ്രമഫലമായി രൂപം കൊണ്ട ബിജെപി വിരുദ്ധ വികാരത്തെ കോണ്‍ഗ്രസിന് അനുകാലമാക്കി മാറ്റാനാണ് രാഹുല്‍ ഗാന്ധിയുടെ നീക്കമെന്ന് കോടിയേരി ആരോപിച്ചു.

ശിഥിലമായിക്കൊണ്ടിരിക്കുന്ന യു.ഡി.എഫില്‍ നിന്ന് ഇടതുപക്ഷത്തെ അംഗീകരിക്കുന്ന കക്ഷികള്‍ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

മുപ്പത്തിയേഴ് വര്‍ഷത്തിന് ശേഷമാണ് സി.പി.ഐ.എം സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ വേദിയാകുന്നത്. ഫെബ്രുവരി ഇരുപത്തിരണ്ട് മുതല്‍ ഇരുപത്തിയഞ്ച് വരെ സാംസ്‌കാരിക നഗരിയില്‍ നടക്കുന്ന സമ്മേളനത്തിനായി ഒരുക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങി. സമ്മേളനത്തിന്റെ ഭാഗമായുള്ള സംഘാടക സമിതി രൂപീകരണയോഗം സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

വര്‍ഗീയ ശക്തികള്‍ക്ക് എതിരെ പോരാട്ടം തുടരുന്ന ഒരേയൊരു ശക്തി ഇടതു മുന്നണിയാണെന്നും ഇതിന്റെ ഭാഗമായി രാജ്യത്ത് ജനവികാരം രൂപപ്പെട്ടിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു. ആര്‍.എസ്.എസിന് എതിരായ സി.പി.ഐ.എം നടപടികളെ ചോദ്യം ചെയ്യുക വഴി ഈ സ്ഥിതിവിശേഷത്തെ കോണ്‍ഗ്രസിന് അനുകൂലമാക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്.

ശിഥിലമായിക്കൊണ്ടിരിക്കുന്ന യുഡിഎഫില്‍ കോണ്‍ഗ്രസും മുസ്ലീം ലീഗുമായി മാത്രം ചുരുങ്ങുമെന്നും ശത്രുപക്ഷത്ത് നില്‍ക്കുന്ന പലരും ഇടതുമുന്നണിയിലെത്തുമെന്നു കോടിയേരി പറഞ്ഞു. ബഹുജന അടിത്തറ വിപുലമാക്കാന്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ക്ക് ആകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ രാഷ്ട്രീയത്തെ പുതിയ തലത്തിലേക്ക് നയിക്കാന്‍ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലൂടെ സിപിഐഎമ്മിനാകും. കോര്‍പ്പറേറ്റ് ഫണ്ടുകള്‍ ഒഴിവാക്കി സാധാരണക്കാരില്‍ നിന്ന് മാത്രം പണം പിരിച്ചാവും സംസ്ഥാന സമ്മേളനം നടത്തുകയെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News