മാങ്കോസ്റ്റീന്‍ ക‍ഴിക്കാം; ആരോഗ്യത്തോടെ ജീവിക്കാം; കൃഷിക്കും ഉത്തമം

പഴങ്ങളുടെ റാണി എന്നാണ് മാങ്കോസ്‌റ്റീന്‌ അറിയപ്പെടുന്നത്‌. മഴക്കാലത്തോടെ പാകമെത്തുന്ന ഈ പഴവര്‍ഗത്തിന്റെ കേന്ദ്രം ഇന്തോനേഷ്യയാണ്‌. മലേഷ്യയില്‍നിന്നുമാണ്‌ ഈ വിദേശി പഴം കേരളത്തിലെത്തിയത്‌. കേരളത്തിലെ ഉഷ്‌ണമേഖലാ കാലാവസ്‌ഥ ഈ പഴത്തിന്റെ കൃഷിക്ക്‌ ഏറെ അനുയോജ്യമാണ്‌.

പുഴയോരങ്ങളാണ്‌ ഇതിന്റെ വളര്‍ച്ചക്ക്‌ ഏറ്റവും നല്ലത്‌. മാങ്കോസ്‌റ്റീന്‍ പഴങ്ങള്‍ മൂന്നുനാല്‌ ആഴ്‌ചവരെ കേടുകൂടാതിരിക്കും കയറ്റുമതിക്കും നല്ല സാധ്യതകളുണ്ട്‌. സാന്തോണുകള്‍ എന്നറിയപ്പെടുന്ന നാല്‌പതിലധികം സ്വാഭാവിക രാസസംയുക്‌തങ്ങള്‍ അടങ്ങിയിട്ടുള്ള മാങ്കോസ്‌റ്റീന്‍ പഴം ഹൃദയത്തിന്റെ ആരോഗ്യസംരക്ഷണത്തിന്‌ മികച്ചതാണ്‌.
ഉദരരോഗങ്ങള്‍ ശമിപ്പിക്കുന്നതിനും ഇതിന്‌ ശേഷിയുണ്ട്‌. പഴത്തിന്റെ തോട്‌ ഉണക്കിപ്പൊടിച്ച്‌ തൈരും ചേര്‍ത്ത്‌ കഴിച്ചാല്‍ ഉദരരോഗങ്ങള്‍ മാറും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും ശരീരം തണുപ്പിക്കാനും ഈ പഴം നല്ലതാണ്‌.
കേരളത്തില്‍ പത്തനംതിട്ട, തൃശൂര്‍, കോട്ടയം, വയനാട്‌ ജില്ലകളിലാണ്‌ മാങ്കോസ്‌റ്റീന്‍ കൂടുതലായും കൃഷി ചെയ്‌തുവരുന്നത്‌. അടുത്തകാലത്ത്‌ ഇത്‌ മറ്റ്‌ ജില്ലകളിലേക്കും വ്യാപിച്ചിട്ടുണ്ട്‌. വീട്ടുവളപ്പുകളില്‍ ഒന്നോ രണ്ടോ മാങ്കോസ്‌റ്റീന്‍ കൃഷി ചെയ്യുന്ന പതിവാണ്‌ കേരളത്തില്‍. തിളങ്ങുന്ന ഇലകളോടുകൂടിയ മാങ്കോസ്‌റ്റീന്‍ 25 മീറ്ററോളം ഉയരത്തല്‍ വളരുന്ന ഒരു നിത്യഹരിത വൃക്ഷമാണ.്‌ പഴങ്ങള്‍ക്ക്‌ ക്രിക്കറ്റ്‌ ബോളിന്റെ വലിപ്പമുണ്ടാകും.
മൂപ്പെത്താത്ത കായ്‌കള്‍ക്ക്‌ പച്ചനിറമാണ്‌. മൂപ്പെത്തിയാല്‍ ഇത്‌ തവിട്ട്‌ കലര്‍ന്ന പര്‍പ്പിള്‍ നിറമാകും. കട്ടിയുള്ള പുറന്തോടിനുള്ളില്‍ വെളുത്ത മാംസളമായ ഭാഗമാണ്‌ ഭക്ഷ്യയോഗ്യം.
പഴത്തിന്‌ നല്ല മധുരവും ഹൃദ്യമായ ഗന്ധവുമുണ്ട്‌. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ വഴിയാണ്‌ ഇതിന്റെ പ്രജനനം. വിത്ത്‌ മുളപ്പിച്ചുണ്ടാകുന്ന തൈകള്‍ കായ്‌ക്കാന്‍ വൈകും.
എന്നാല്‍ ഒട്ടുതൈകള്‍ നേരത്തെ കായ്‌ക്കും. വിത്ത്‌ മുളപ്പിച്ച തൈകള്‍ കായ്‌ക്കാന്‍ ആറ്‌ ഏഴ്‌ വര്‍ഷമെടുക്കുമ്പോള്‍ ഒട്ടുതൈകള്‍ നാല്‌ അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ കായ്‌ക്കും.
വരള്‍ച്ചയെ തെല്ലും താങ്ങാനുള്ള ശേഷി മാങ്കോസ്‌റ്റിന്‌ ഇല്ല. മണ്ണില്‍ ഈര്‍പ്പവും ഭാഗികമായ തണലും ഉള്ള സ്‌ഥലത്തമാണ്‌ നല്ലത്‌. ആറുകളുടെയോ നീരൊഴുക്കുകളുടെയോ സാമീപ്യം ഇതിന്റെ കൃഷിക്ക്‌ ഏറ്റവും അനുയോജ്യമാണ്‌.
മറ്റ്‌ സ്‌ഥലങ്ങളാണെങ്കില്‍ വേനല്‍ക്കാലത്ത്‌ നനക്കാനുളള സൗകര്യമുണ്ടായിരിക്കണം. ഒമ്പത്‌ മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. കുഴിയ്‌ക്ക് 90 സെന്റിമീറ്റര്‍ വീതം നീളവും വീതിയും ആഴവുമുണ്ടായിരിക്കണം. ഉണക്കി പൊടിച്ച കാലിവളവും മേല്‍മണ്ണും കൂട്ടിക്കലര്‍ത്തിയ മിശ്രിതം നിറച്ചതിനുശേഷം വേണം തൈകള്‍ നടാന്‍. നടുമ്പോള്‍ ഒട്ടുഭാഗം മണ്ണിനടിയില്‍ പോകരുത്‌.
തൈകള്‍ക്ക്‌ തണല്‍ കൊടുക്കണം. നനയും നല്‍കണം. ആദ്യവര്‍ഷങ്ങളില്‍ തൈ ഒന്നിന്‌ പത്തു കിലോ വീതം കാലിവളമോ കമ്പോസേ്‌റ്റാ ചേര്‍ത്തു കൊടുക്കണം. കാലവര്‍ഷാരംഭത്തോടെ മരത്തിനു ചുറ്റും ആഴം കുറഞ്ഞ തടങ്ങളെടുത്ത്‌ ജൈവവളവും പച്ചിലവളവും ചേര്‍ത്തു കൊടുക്കാം. മണ്ണിന്റെ മുകള്‍പരപ്പില്‍തന്നെ വേരുകള്‍ ഉള്ളതിനാല്‍ മരച്ചുവട്‌ ആഴത്തില്‍ കുഴിക്കരുത്‌. പ്രായമായ മരങ്ങള്‍ക്ക്‌ ജൈവവളം 50 കിലോഗ്രാം, വേപ്പിന്‍പിണ്ണാക്ക്‌, കടല പിണ്ണാക്ക്‌ എന്നിവയില്‍ ജൈവളം 50 കിലോഗ്രാം, വേപ്പിന്‍ പിണ്ണാക്ക്‌, കടലപിണ്ണാക്ക്‌ എന്നിവയില്‍ ഏതെങ്കിലും രണ്ട്‌ കിലോഗ്രാം, എല്ലുപൊടി ഒന്ന്‌ രണ്ട്‌ കിലോഗ്രാം എന്ന അളവില്‍ നല്‍കണം. ആവശ്യമെങ്കില്‍ മാത്രം രാസവളം 17:17:17 മിശ്രിതം മരമൊന്നിനു ഒരു കിലോഗ്രാം എന്ന നിരക്കില്‍ നല്‍കാം. വേലല്‍കാലത്ത്‌ കരിയില, തെങ്ങോല, വാഴത്തടം, ചപ്പുചവറുകള്‍ തുടങ്ങിയവകൊണ്ട്‌ തടത്തില്‍ പുതയിടണം. വേനല്‍കാലത്ത്‌ ക്രമമായ ജലസേചനം നല്‍കണം. മഴക്കാലത്ത്‌ മരചുവടില്‍ വെള്ളം കെട്ടി നില്‌ക്കാന്‍ ഇടയാകരുത്‌.
കേരളത്തിലെ സമതലങ്ങളില്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലാണ്‌ മാങ്കോസ്‌റ്റീന്‍ പൂത്തുതുടങ്ങുന്നത്‌. കായ്‌കള്‍ പിടിച്ച്‌ 100-105 ദിവസമാകുമ്പോഴേക്കും പരമാവധി തൂക്കവും വലിപ്പവും എത്തും. നന്നായി നനവ്‌ കൊടുത്താന്‍ കായ്‌ കൊഴിച്ചില്‍ കുറയ്‌ക്കാം. മെയ്‌ ,ജൂലൈ മാസങ്ങളില്‍ പഴങ്ങള്‍ വിളവെടുക്കാം. നന്നായി പഴുത്ത കായ്‌കള്‍ മരത്തില്‍നിന്ന്‌ പറിച്ചെടുക്കണം. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു മരത്തില്‍നിന്ന്‌ 1500 പഴങ്ങളോളം ലഭിക്കും. പഴങ്ങള്‍ വിളവെടുക്കുമ്പോള്‍ നിലത്ത്‌ വീഴരുത്‌. കഴിവതും വലത്തോട്ടികൊണ്ട്‌ പറിച്ചെടുക്കണം.പ്രത്യേക സംരക്ഷണമൊന്നുമില്ലാതെ തന്നെ പഴങ്ങള്‍ 10-12 ദിവസം വരെ കേടുകൂടാതെയിരിക്കും. ശീതീകരിച്ച്‌ സൂക്ഷിച്ചാല്‍ 35 ദിവസംവരെ കേടുകൂടാതെയിരിക്കും. ഉണങ്ങിയ വാഴകച്ചികൊണ്ട്‌ മൂടിയിട്ടാല്‍ 12 ദിവസംവരെ കേടുകൂടാതെയിരിക്കും. മഴക്കാലത്തിന്റെ ആരംഭത്തോടെ വിളവെടുക്കാവുന്ന പഴവര്‍ഗങ്ങളില്‍കൂടുതല്‍ ആദായം നല്‍കുന്ന പഴമാണ്‌ മാങ്കോസ്‌റ്റീന്‍. വിശ്വസനീയമായ കേന്ദ്രങ്ങളില്‍നിന്ന്‌ നല്ലയിനം ഒട്ടുതൈകള്‍ വാങ്ങി കൃഷി ചെയ്യണം. തെങ്ങിന്‍തോപ്പില്‍ ആദായകരമായ ഇടവിളയായും മാങ്കോസ്‌റ്റീന്‍ കൃഷി ചെയ്യാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News