ഓഖി ദുരന്തം: 7340 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍; അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മോദി; ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന റിപ്പോര്‍ട്ട് കേന്ദ്രം പരിശോധിക്കും

തിരുവനന്തപുരം: ഓഖി ദുരിതാശ്വാസത്തിനും ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനും 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് നരേന്ദ്രമോദിയോട് സംസ്ഥാന സര്‍ക്കാര്‍.

ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസില്‍ വൈകീട്ട് നടന്ന ചര്‍ച്ചയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സമഗ്രമായ സഹായ പാക്കേജ് പ്രധാനമന്ത്രിക്ക് നല്‍കിയത്. ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖപ്രകാരം കണക്കാക്കിയ 422 കോടി രൂപയ്ക്ക് പുറമെയാണ് പ്രത്യേക പാക്കേജ് സംസ്ഥാനം ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി മുന്നോട്ടുവച്ച പ്രത്യേക പാക്കേജ് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് മോദി പറഞ്ഞു.

ദുരിതാശ്വാസ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് എല്ലാ സഹായവും ഉണ്ടാകും. ദുരന്തങ്ങള്‍ പ്രവചിക്കുന്നിനുളള സാങ്കേതിക വിദ്യയും സംവിധാനവും മെച്ചപ്പെടുത്തും. ചുഴലിക്കാറ്റ് മുന്നറിയിപ്പ് ലഭിച്ചില്ലെന്ന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിശോധിക്കുമെന്നും മോദി അറിയിച്ചു.

ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതിനും ദുരന്തബാധിതര്‍ക്ക് ആശ്വാസം നല്‍കുന്നതിനും സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ദുരന്തനിവാരണ ഫണ്ടിന്റെ മാര്‍ഗരേഖ പ്രകാരം കണക്കാക്കിയ നഷ്ടം 422 കോടി രൂപയാണ്. എന്നാല്‍ യഥാര്‍ത്ഥ നഷ്ടം ഇതിലും എത്രയോ അധികമാണ്. എന്‍ഡിആര്‍എഫ് നിബന്ധനകള്‍ പ്രകാരം കണക്കാക്കുന്ന തുക, യഥാര്‍ത്ഥ നഷ്ടം നികത്തുന്നതിന് തീര്‍ത്തും അപര്യാപ്തമായതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ 7340 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി ചര്‍ച്ചയില്‍ വിശദീകരിച്ചു.

71 മത്സ്യത്തൊഴിലാളികള്‍ മരണപ്പെട്ടു. കാണാതായവരെ കണ്ടെത്താനുളള തെരച്ചില്‍ തുടരുകയാണ്. ദുരന്തബാധിതരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള പരിശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. എന്നാല്‍ അതിന് സമയമെടുക്കും. കനത്ത നാശം വിതറിയ ഓഖി ചുഴലിക്കാറ്റ് ദേശീയദുരന്തമായി കണക്കാക്കി സഹായം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News