സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന കോടതി ഉത്തരവ് സംവാദത്തെ ഭയപ്പെടുന്നതും അഭിപ്രായസ്വാതന്ത്ര്യത്തെ നിഷേധിക്കുന്നതുമാണോ?

സരിതയുടെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന് ഉത്തരവ് ഗൗരവകരമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് ഒരു രഹസ്യരേഖയല്ല. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് വച്ചതോടെ ഒരു പൊതുരേഖയായി മാറി.

കമീഷന്‍ റിപ്പോര്‍ട്ടിലെ പ്രധാനപ്പെട്ടതും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനമാണ് സരിത എഴുതിയ കത്ത്. കത്തിലെ പേജുകളെ സംബന്ധിച്ച് തര്‍ക്കങ്ങളുണ്ടെങ്കിലും കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഭാഗമായി മാറിയതോടെ ഈ കത്തും പൊതുരേഖയായി മാറി കഴിഞ്ഞു.

സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം റദ്ദ് ചെയ്യാനോ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യാനോ കോടതി തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രാഥമികമായി തന്നെ കത്ത് ചര്‍ച്ച ചെയ്യരുതെന്ന കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.

കത്ത് ചര്‍ച്ച ചെയ്യുന്നത് തനിക്ക് വ്യക്തിഹത്യ ഉണ്ടാക്കുന്നതാണെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദം. വ്യക്തിഹത്യ ചെയ്യുന്ന രൂപത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ അതിനെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കാന്‍ നിയമപരമായ അവകാശമുണ്ട്. അത് ഉപയോഗപ്പെടുത്താതെ ചര്‍ച്ച ചെയ്യാന്‍ പാടില്ല എന്ന് പ്രതി വാദിക്കുകയും ആ വാദത്തെ കോടതി അംഗീകരിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം നിയമവിരുദ്ധമായി വ്യാഖ്യാനിക്കപ്പെടാം.

ഭരണഘടനപരമായി ഇന്ത്യന്‍ പൗരന് അനുവദിച്ചു നല്‍കിയ അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണ് കോടതി ഉത്തരവെന്നും വ്യാഖ്യാനിച്ചാല്‍, അത്തരക്കാരെ കുറ്റപ്പെടുത്താന്‍ കഴിയുമോ? പ്രധാനമായി നാലു പ്രശ്‌നങ്ങളാണ് വിധി ഉന്നയിക്കുന്നത്.

ഒന്ന്: ഭരണഘടനയിലെ 19(1) ആര്‍ട്ടിക്കിള്‍ പ്രകാരം പൗരന് ഉറപ്പുനല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ വിധി ഹനിക്കുന്നുണ്ടോ?

രണ്ട്: ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളെ വെട്ടിച്ചുരുക്കുകയും ജനാധിപത്യത്തില്‍ ഇടുങ്ങിയ മനസ്ഥിതിക്ക് കളമൊരുക്കുകയും ചെയ്യും.

മൂന്ന്: ഇത് പക്വവും വിവേകത്തോടെയുമുള്ള സംവാദത്തെ തടസപ്പെടുത്താന്‍ സാധ്യതയുണ്ട്.

നാല്: ഏറ്റവും പ്രധാനമായത്, രാജ്യത്ത് നിലനില്‍ക്കുന്ന നിയമസംഹിതയെ ദുര്‍ബലപ്പെടുത്തുന്നതാവാം.

അഞ്ച്: ഭരണഘടനപരമായും നിയമപരമായും ഇത് അനുവദിച്ച് കൊടുക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇതിനെല്ലാം ഉപരി സോളാര്‍ കേസിലെ ഇര സരിതാ നായരാണ്. മറിച്ച് ഉമ്മന്‍ചാണ്ടിയല്ല. ഇരയെ സംരക്ഷിക്കുന്നതിന് പകരം, പ്രതിയെ സംരക്ഷിക്കുന്ന നിലപാടിലേക്ക് കോടതി ഉത്തരവ് മാറി പോകുമോയെന്നും സംവാദവിഷയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel