ജിഷ്ണു അനുസ്മരണം അട്ടിമറിക്കാന്‍ നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമം; ചരമവാര്‍ഷിക ദിനത്തില്‍ കോളേജിന് അവധി പ്രഖ്യാപിച്ചു; അടച്ചിട്ടാലും അനുസ്മരണം നടത്തുമെന്ന് എസ്എസ്‌ഐ

തൃശൂര്‍: ജിഷ്ണു പ്രണോയ് ചരമവാര്‍ഷിക ദിനം അട്ടിമറിക്കാന്‍ പാമ്പാടി നെഹ്‌റു കോളേജ് മാനേജ്‌മെന്റ് ശ്രമിക്കുന്നെന്ന് വിദ്യാര്‍ഥികള്‍. സ്റ്റാഫുകളുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് പറഞ്ഞ് ജിഷ്ണുവിന്റെ ചരമവാര്‍ഷിക ദിനത്തില്‍ കോളേജിന് അവധി നല്‍കുകയായിരുന്നു.

എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ അനുസ്മരണ പരിപാടി നിശ്ചയിച്ച ദിവസം കോളേജിന് അവധി നല്‍കിയെന്നാണ് ആരോപണം. അനുസ്മരണം ഒഴിവാക്കുന്നതിന് വേണ്ടിയാണ് അവധി നല്‍കിയിരിക്കുന്നതെന്ന് എസ്എഫ്‌ഐ ആരോപിച്ചു. ക്രിസ്തുമസ് അവധിക്ക് ശേഷം, അധ്യാപകരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് അറിയിച്ചാണ് ഒരാഴ്ച്ച കൂടി അവധി നീട്ടി നല്‍കിയത്.

സര്‍വ്വകലാശാലാ പരീക്ഷയില്‍ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധികൃതര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെ, കഴിഞ്ഞ വര്‍ഷം ജനുവരി ആറിനാണ് ജിഷ്ണു പ്രണോയിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ വന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കാണ് പാമ്പാടി നെഹ്‌റു കോളജ് വേദിയായത്.

ജിഷ്ണു ഓര്‍മയായതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ജനുവരി 5ന് എസ്എഫ്‌ഐ അനുസ്മരണം നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ജനുവരി അഞ്ച് മുതല്‍ എട്ട് വരെ അവധി നല്‍കി കൊണ്ട് കോളജ് സര്‍ക്കുലര്‍ പുറത്തിറത്തിയിരിക്കുകയാണെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.

മൂല്യനിര്‍ണയ ചുമതല ഉള്ളതിനാല്‍ ജീവനക്കാരുടെ കുറവുള്ളതിനാലാണ് അവധി എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍ ജിഷ്ണു അനുസ്മരണം ഒഴിവാക്കാനാണ് അവധിയെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലെ വിദ്യാര്‍ത്ഥി പീഡനങ്ങളെ കുറിച്ച് നിരവധി പേര്‍ വെളിപ്പെടുത്തലുമായെത്തി. കോളേജ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് ഉള്‍പ്പെടെ പ്രതിചേര്‍ക്കപ്പെട്ടു.

കേസില്‍ സി.ബി.ഐ അന്വേണം ആരംഭിക്കാനിരിക്കെയാണ് അനുസ്മരണ പരിപാടി അട്ടിമറിക്കുന്നത്. ക്രിസ്തുമസ് അവധി രണ്ടാം തീയതി അവസാനിക്കുമെന്നിരിക്കെ വീണ്ടും അവധി നീട്ടി നല്‍കിയത് പരിപാടി തകര്‍ക്കാനാണെന്ന് ആരോപണം ഉയര്‍ന്നു. കോളേജ് അടച്ചിട്ടാലും അനുസ്മരണം നടത്തുമെന്ന് എസ്എസ്‌ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here