കരുണാകരന്റെ രാജിക്കായി ശ്രമിക്കരുതെന്ന് ആന്റണി ആവശ്യപ്പെട്ടിരുന്നെന്ന് എംഎം ഹസന്റെ വെളിപ്പെടുത്തല്‍; ഉപദേശം കേള്‍ക്കാത്തതില്‍ ഇന്ന് കുറ്റബോധം; വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് പത്മജ; പ്രതികരിക്കാതെ ഉമ്മന്‍ചാണ്ടി

കോഴിക്കോട്: ഐഎസ്ആര്‍ഒ ചാരക്കേസിന്റെ സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കുന്നതിനെ എ.കെ ആന്റണി എതിര്‍ത്തിരുന്നെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍.

കരുണാകരനെ രാജി വയ്പ്പിക്കാന്‍ ശ്രമിക്കരുതെന്ന് തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നാണ് ഹസന്റെ വെളിപ്പെടുത്തല്‍. കരുണാകരനെ നീക്കിയാല്‍ പാര്‍ട്ടിക്ക് വലിയ ക്ഷീണം ചെയ്യുമെന്ന് ആന്റണി അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആന്റണിയുടെ ഉപദേശം കേള്‍ക്കാത്തതില്‍ ഇപ്പോള്‍ കുറ്റബോധമുണ്ടെന്നും ആന്റണിയുടെ മുന്നറിയിപ്പ് ശരിയായിരുന്നെന്നും ഹസന്‍ വ്യക്തമാക്കി.

കെ.കരുണാകരന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അനുസ്മരണപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ഹസന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് പത്മജ വേണുഗോപാല്‍ പ്രതികരിച്ചു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഉമ്മന്‍ചാണ്ടി ഇതുവരെ തയ്യാറായിട്ടില്ല.

ചാരക്കേസിനെ തുടര്‍ന്ന് 1995ല്‍ കെ. കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here