ഓരോ വായനശാലയും നാടിന്റെ വിളക്കാണെന്ന് മുഖ്യമന്ത്രി പിണറായി; അക്ഷരവിരോധികളായ ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച എകെജി ഗ്രന്ഥാലയം നാടിന് സമര്‍പ്പിച്ചു

തിരൂര്‍: ആര്‍എസ്എസുകാര്‍ തീയിട്ട് നശിപ്പിച്ച തലൂക്കര എകെജി സ്മാരക ഗ്രന്ഥാലയം പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നാടിന് സമര്‍പ്പിച്ചു. ജനകീയ കൂട്ടായ്മയിലൂടെ നിര്‍മിച്ച വായനശാല മുഖ്യമന്ത്രി പിണറായി വിജയനാണ് ശനിയാഴ്ച നടന്ന വര്‍ണാഭമായ ചടങ്ങില്‍ നാടിന് സമര്‍പ്പിച്ചത്.

ഓരോ വായനശാലയും നാടിന്റെ വിളക്കാണ്. നാട്ടില്‍ നന്‍മയും സ്‌നേഹവും വളരാന്‍ വായനശാലകള്‍ വലിയ പങ്കാണ് വഹിക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.

വായനാശാലയെ പുനര്‍നിര്‍മ്മിക്കാന്‍ കാണിച്ച ആവേശം അഭിനന്ദനാര്‍ഹമാണ്. ലോകമെമ്പാടും ഈ പ്രവൃത്തി ശ്രദ്ധിക്കാനിടയായിട്ടുണ്ടെന്നും വായനാശാല പൂര്‍വസ്ഥിതിയിലാക്കാന്‍ പ്രയത്‌നിച്ച നാട്ടുകാരെയും പുസ്തകങ്ങള്‍ സമ്മാനിച്ച എല്ലാവരേയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

2016 മാര്‍ച്ച് 22ന് പുലര്‍ച്ചെയാണ് തലൂക്കര ഗ്രാമത്തിന്റെ വിജ്ഞാന കേന്ദ്രത്തിന് ആര്‍എസ്എസ് സംഘം തീയിട്ടത്. കെട്ടിടം പൂര്‍ണമായും അഗ്‌നിക്കിരയായതോടെ അപൂര്‍വ ഗ്രന്ഥങ്ങളടക്കം എണ്ണായിരത്തിനടുത്ത് പുസ്തകങ്ങള്‍ ചാമ്പലായി. വായനശാലയിലെ പുസ്തകങ്ങള്‍ക്കുപുറമേ കലാവേദിയുടെ തബല, വയലിന്‍ അടക്കമുള്ള സംഗീത ഉപകരണങ്ങളും ഫര്‍ണീച്ചറും കത്തിനശിച്ചു.

ഗ്രന്ഥാലയത്തിന് തീയിട്ട ആര്‍എസ്എസിനെതിരെ രാജ്യവ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ശബാന അസ്മി, ടീറ്റ സെറ്റില്‍വാദ് എന്നിവരടക്കം പ്രമുഖര്‍ പ്രതിഷേധിച്ചു.

പുസ്തകങ്ങള്‍ക്കും കെട്ടിട നിര്‍മാണത്തിനുമായി നാട്ടുകാരും രാഷ്ട്രീയപ്രമുഖരും ഒന്നിച്ച് രംഗത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍, ഷബാന അസ്മി, തോമസ് ഐസക്ക്, എംഎ ബേബി, ബിനോയ് വിശ്വം, ടിഡി രാമകൃഷ്ണന്‍, എന്‍എസ് മാധവന്‍, ബെന്യാമിന്‍, സുഭാഷ് ചന്ദ്രന്‍ തുടങ്ങി സാഹിത്യ രാഷ്ടീയസാംസ്‌കാരിക പ്രവര്‍ത്തകരും ഭാഷാ സ്‌നേഹികളും പുസ്തകങ്ങളുമായി തലൂക്കരയിലേക്ക് ഒഴുകി.

പ്രദേശത്തെ യുവാക്കളുടെ ശ്രമത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. നാട്ടിലെ തൊഴിലാളികള്‍ അവരുടെ ജോലി കഴിഞ്ഞ് വിശ്രമിക്കാതെ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കിയത്. പത്തുലക്ഷത്തോളം രൂപ ചിലവിലാണ് വായനശാല കെട്ടിടം പൂര്‍ത്തിയായത്. പതിനയ്യായിരത്തിലേറെ പുസ്തകവുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News